---
title: "കാര്‍ഷിക മേഖലയും സമ്പൂര്‍ണ്ണ തെരുവ് വിളക്ക് പദ്ധതിയും ശുചിത്വ പദ്ധതിക്കും പാര്‍പ്പിടത്തിനും  ഊന്നല്‍ നല്‍കി ഉള്ള്യേരി ഗ്രാമപഞ്ചായത്ത് 2023-2024 ബഡ്ജറ്റ്"
english_title: "Ullyeri Gram Panchayat 2023-2024 budget with emphasis on agriculture sector, complete street lighting scheme, sanitation scheme and housing"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/104380/ullyeri-gram-panchayat-2023-2024-budget-with-emphasis-on-agriculture-sector-complete-street-lighting-scheme-sanitation-scheme-and-housing"
published_at: "2023-03-21T21:33:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6419d5619030d_ulliyeri.jpg"
keywords: []
---

# കാര്‍ഷിക മേഖലയും സമ്പൂര്‍ണ്ണ തെരുവ് വിളക്ക് പദ്ധതിയും ശുചിത്വ പദ്ധതിക്കും പാര്‍പ്പിടത്തിനും  ഊന്നല്‍ നല്‍കി ഉള്ള്യേരി ഗ്രാമപഞ്ചായത്ത് 2023-2024 ബഡ്ജറ്റ്

> **Lead Summary:** **ഉള്ള്യേരി : **ഉള്ള്യേരി ഗ്രാമപഞ്ചായത്ത് 498221306 പ്രതീക്ഷിത വരവും 492880384 പ്രതീക്ഷിത ചെലവും 5340922 രൂപ മിച്ചവും വരുന്ന 2023-2024 വാര്‍ഷിക ബഡ്ജറ്റ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അനിത അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡണ്ട് എന്‍.എം. ബാലരാമന്‍ ബജറ്റ് അവതരിപ്പിച്ചു.

## Article Content

**ഉള്ള്യേരി : **ഉള്ള്യേരി ഗ്രാമപഞ്ചായത്ത് 498221306 പ്രതീക്ഷിത വരവും 492880384 പ്രതീക്ഷിത ചെലവും 5340922 രൂപ മിച്ചവും വരുന്ന 2023-2024 വാര്‍ഷിക ബഡ്ജറ്റ്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അനിത അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡണ്ട് എന്‍.എം. ബാലരാമന്‍ ബജറ്റ് അവതരിപ്പിച്ചു.

കാര്‍ഷിക മേഖലയും സമ്പൂര്‍ണ്ണ തെരുവ് വിളക്ക് പദ്ധതിയും ശുചിത്വവും പ്രധാനമായി 2023 2024 വര്‍ഷം നടപ്പിലാക്കാന്‍ ബഡ്ജറ്റില്‍ നിര്‍ദ്ദേശങ്ങള്‍ ഉണ്ടായി. ഉത്പാദന മേഖലയുടെ 30 ശതമാനം കൃഷിക്ക് നീക്കി വെച്ചു. 7000000 ഈ മേഖലയിലുള്ളത്. തെങ്ങ് കൃഷി, നെല്‍കൃഷി, കരനെല്‍ കൃഷി, കവുങ്ങിന്‍ തൈ വിതരണം, ടിഷ്യൂ കള്‍ച്ചര്‍ വാഴ, സമഗ്ര നാളികേര വികസന പദ്ധതി എന്നിവയ്ക്കാണ് പ്രധാന്യം നല്‍കിയത്. കാര്‍ഷിക മേഖലയില്‍ എന്‍ആര്‍ഇജി ഫണ്ട് ജലസംരക്ഷണത്തിനും നിര്‍ത്തട സംരക്ഷത്തിനുമായി ആറര കോടി രൂപ നീക്കി വെച്ചു.

സമ്പൂര്‍ണ്ണ ശുചിത്വ പദ്ധതികള്‍ക്കായി 61 ലക്ഷം രൂപയാണ് ബജറ്റില്‍ നീക്കിവെച്ചിരിക്കുന്നത്. പഞ്ചായത്തിലെ പ്രധാന ജലശ്രോതസ്സായ മാതാംതോടിന്റെ സംരക്ഷണം ശുചിത്വ പ്രവര്‍ത്തനത്തില്‍ പ്രാധാന്യം നല്‍കുന്നു. ജലജീവന്‍ പദ്ധതിയിലൂടെ 9000 കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിയ്ക്കും. നിലവിലെ കുടിവെള്ള പദ്ധതികളുടെ അറ്റകുറ്റപ്പണികള്‍ക്ക് വേണ്ടി 2500000 രൂപ നീക്കി വെച്ചു.

100 കുടുംബങ്ങള്‍ക്ക് പാര്‍പ്പിടത്തിനായി 4 കോടി നിക്കിവെച്ചു. ആരോഗ്യ മേഖലയ്ക്ക് 2800000 രൂപയും വിദ്യഭ്യാസ മേഖലയ്ക്ക് 2000000 രൂപയും ഉള്‍പ്പെടുത്തി. കുട്ടികള്‍ക്ക് വേണ്ടി പ്രഭാത ഭക്ഷണം, നീന്തല്‍ പരിശീലനം, സമഗ്ര വിദ്യഭ്യാസ പദ്ധതികള്‍, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ കൂടെ രക്ഷിതാക്കളേയും മുഖ്യ വിദ്യാഭ്യാസ യോഗ്യതയിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ 'അരുമയോടൊപ്പം അറിവിലേക്ക്' എന്നീ പദ്ധതികളാണ് വിദ്യഭ്യാസ മേഖലയിലുള്ളത്.

ഗ്രാമപഞ്ചായത്തിലെ അംഗനവാടികളുടെ വികസനത്തിനായി 49 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. അംഗനവാടികളെ ക്രഡില്‍ അംഗനവാടികളാക്കാനും മാതൃകാ അംഗനവാടികളാക്കാനും, എല്ലാ അംഗനവാടികളിലും ചുമര്‍ചിത്രങ്ങള്‍ വരച്ചും ചുറ്റുമതിലുകള്‍ നിര്‍മ്മിച്ചും അംഗനവാടികളുടെ സമഗ്ര വികസനം ബജറ്റ് ലക്ഷൃമിടുന്നു. സമ്പൂര്‍ണ്ണ തെരുവ് വിളക്ക് പദ്ധതിയ്ക്ക് വേണ്ടി ഒന്നര കോടി രൂപ വായ്പ എടുത്ത് കൊണ്ട് പഞ്ചായത്തിനെ മൊത്തത്തില്‍ പ്രകാശപൂരിതമാക്കാന്‍ ബഡ്ജറ്റില്‍ നിര്‍ദ്ദേശമുണ്ടായി.

വനിത സ്വയംതൊഴില്‍ സംരംഭങ്ങള്‍ മെന്‍സ്ട്രുവല്‍ കപ്പ് വിതരണം, കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍, മൃഗ സംരക്ഷണ മേഖലയിലെ പദ്ധതികള്‍ ഉള്‍പ്പെടെ വനിതാ മേഖലയ്ക്ക് 4000000 രൂപയുടെ പദ്ധതി നിര്‍ദ്ദേശം ഉണ്ടായി.

റോഡുകള്‍ക്ക് രണ്ട് മുക്കാല്‍ കോടി രൂപ നീക്കി വെച്ചു. വയോജനങ്ങള്‍ക്ക് പകല്‍വീട് വിപുലീകരണത്തിനായി 7000000 രൂപയും വയോ ക്ലബ് കെയര്‍ ഗിവര്‍ പദ്ധതിക്കായി 60000 രൂപയും വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണത്തിനായി 575000 രൂപയും നീക്കി വെച്ചു. യുവജന ക്ഷേമത്തിനായി കേരളോത്സവത്തിന് 75 ലക്ഷം രൂപ നീക്കി വെച്ചിട്ടുണ്ട്.

പഞ്ചായത്തിലെ ക്ലബ്ബുകള്‍ക്ക് സ്‌പോര്‍ട്‌സ് കിറ്റുകള്‍ വിതരണം ചെയ്യാനും പഞ്ചായത്തിലെ മുഴുവന്‍ ക്ലബ്ബുകളെയും കലാലകാരന്മാരെയും ഉള്‍പ്പെടുത്തി സ്‌പോര്‍ട്‌സ് അക്കാദമിക്ക് രൂപം നല്‍കാനും ബജറ്റ് വിഭാവനം ചെയ്യുന്നു.

ബജറ്റ് യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ചന്ദ്രിക പൂമഠത്തില്‍, കെ.ടി. സുകുമാരന്‍, കെ. ബീന, ഗ്രാമപഞ്ചായത്തംങ്ങളായ സുജാത നമ്പൂതിരി, ബാലകൃഷ്ണന്‍ പാടത്തില്‍, ടി.കെ. ശിവന്‍, വി.എം. പവിത്രന്‍, കെ. അസ്സയിനാര്‍ എന്നിവര്‍ സഗസാരിച്ചു. സിഡിഎസ് അംഗങ്ങള്‍, ഹരിത കര്‍മ്മസേന അംഗങ്ങള്‍, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍മാര്‍, നിര്‍വ്വഹണ ഉദ്യേഗസ്ഥര്‍ കൂടാതെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/104380/ullyeri-gram-panchayat-2023-2024-budget-with-emphasis-on-agriculture-sector-complete-street-lighting-scheme-sanitation-scheme-and-housing)