---
title: "നാല്പതാണ്ടുകള്‍ക്ക് ഇപ്പുറത്തെ ഓര്‍മ്മപ്പെയ്ത്തുമായി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1982 എസ്എസ്എല്‍സി ബാച്ച് "
english_title: "1982 SSLC Batch of Nochad Higher Secondary School with  Memories"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/116803/1982-sslc-batch-of-nochad-higher-secondary-school-with-memories"
published_at: "2023-05-24T12:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/646db1f6724bc_nochad_reunion.jpg"
keywords: []
---

# നാല്പതാണ്ടുകള്‍ക്ക് ഇപ്പുറത്തെ ഓര്‍മ്മപ്പെയ്ത്തുമായി നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 1982 എസ്എസ്എല്‍സി ബാച്ച് 

> **Lead Summary:** **നൊച്ചാട്: **ലോകത്തിന്റെ പലഭാഗത്തേക്കും ചിതറിപ്പോയ ഇരുന്നൂറോളം സഹപാഠികള്‍ നാല്‍പതാണ്ടുകള്‍ക്കു ശേഷം തങ്ങളുടെ വിദ്യാലയ മുറ്റത്ത് കൗമാര കൗതുകങ്ങളോടെ ഒത്തുകൂടി. അവരുടെ മുപ്പതോളം അധ്യാപകരും ആ സമാഗമത്തിന് സാക്ഷികളായി. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 1982 ല്‍ എസ്എസ്എല്‍സി ബാച്ചായ സ്‌കൂള്‍ ഡേയ്സ് 82 ആണ് ഈ സമാഗമം ഒരുക്കിയത്. 

## Article Content

**നൊച്ചാട്: **ലോകത്തിന്റെ പലഭാഗത്തേക്കും ചിതറിപ്പോയ ഇരുന്നൂറോളം സഹപാഠികള്‍ നാല്‍പതാണ്ടുകള്‍ക്കു ശേഷം തങ്ങളുടെ വിദ്യാലയ മുറ്റത്ത് കൗമാര കൗതുകങ്ങളോടെ ഒത്തുകൂടി. അവരുടെ മുപ്പതോളം അധ്യാപകരും ആ സമാഗമത്തിന് സാക്ഷികളായി. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 1982 ല്‍ എസ്എസ്എല്‍സി ബാച്ചായ സ്‌കൂള്‍ ഡേയ്സ് 82 ആണ് ഈ സമാഗമം ഒരുക്കിയത്. 

സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവും സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ കവി വീരാന്‍ കുട്ടി സമാഗമം ഉദ്ഘാടനം ചെയ്തു. കൂട്ടായിമയിലെ അംഗമായ അബ്ദുള്ള പേരാമ്പ്രയുടെ 98 ാ മത്് പുസ്തകമായ 'ചെരുപ്പു കുത്തിയും മാലാഖ'യും എന്ന പ്രകാശിപ്പിച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം. അക്കാലത്തെ പ്രധാനാധ്യാപകന്‍ എം.വി. രാഘവന്‍ നായര്‍ ആദ്യപ്രതി വീരാന്‍കുട്ടിയില്‍ നിന്ന് സ്വീകരിച്ചു. ഇതേ ബാച്ചുകാരനും ഈ വര്‍ഷം വിരമിക്കുന്ന പ്രധാന അധ്യാപകനുമായ പി.പി. അബ്ദുറഹ്‌മാന്‍ അധ്യക്ഷനായി.

ഓര്‍മ്മപ്പെയ്ത്ത് എന്നു പേരിട്ട ഉദ്ഘാടന ചടങ്ങില്‍ മുന്‍ പ്രിന്‍സിപ്പല്‍മാരായ ഇ.കെ. കമലാദേവി, സി. അഹമ്മദ് കുട്ടി, ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍ കെ. സമീര്‍, പ്രധാന അധ്യാപിക എം. ബിന്ദു, ഈ ബാച്ചിലെ അംഗവും ഫാറൂഖ് കോളേജ് പ്രിന്‍സിപ്പലുമായ ഡോ.കെ.എം. നസീര്‍ എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഒ. കെ അജയന്‍ സ്വാഗതം പറഞ്ഞു. ടി. സുജാത, കെ.കെ. മൊയ്തീന്‍ കോയഎന്നിവര്‍ ചടങ്ങ് നിയന്ത്രിച്ചു.

മണ്‍മറഞ്ഞ അധ്യാപകര്‍ക്കും സഹ വിദ്യാര്‍ത്ഥികള്‍ക്കും ആദരാഞ്ജലി അര്‍പ്പിച്ചാണ് ചടങ്ങ് തുടങ്ങിയത്. തുടര്‍ന്ന് ഗുരുവന്ദനം പരിപാടിയില്‍ മുപ്പതോളം അധ്യാപകരെ പുഷ്പഹാരം, പൊന്നാട, ആദര ഫലകം എന്നിവ നല്‍കി ആദരിച്ചു. പങ്കെടുത്ത എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും ലഘു ജീവിതചിത്രം അവതരിപ്പിച്ചു കൊണ്ട് വേദിയില്‍ ആദരവിനായി ക്രമീകരിച്ചത് വേറിട്ട മാതൃകയായി. വികാര വായ്പോടെയാണ് ഈ ഗുരുപൂജാ വേള സ്വീകരിക്കപ്പെട്ടത്. കണ്ടു മതിയാവാതെ, മിണ്ടിത്തീരാതെ, പിരിയാന്‍ വയ്യാതെ അവര്‍ ഗൃഹാതുരതയുടെ നിറവില്‍ ലയിച്ച മണിക്കൂറുകളായിരുന്നു അത്. മുഹൂര്‍ത്തങ്ങളെ പകര്‍ത്തിയ ഫോട്ടോ സെഷനായിരുന്നു പിന്നീട്. അംഗങ്ങളുടെ കലാപരിപാടികള്‍ സ്‌കൂള്‍ കാലത്തെ യുവജനോത്സവ സ്മൃതികള്‍ ഉണര്‍ത്തുന്നതായി. പുതിയ നേതൃ സമിതിയെ നിയോഗിച്ച്, ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രതലമൊരുക്കിയാണ് സമാഗമം പിരിഞ്ഞത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/116803/1982-sslc-batch-of-nochad-higher-secondary-school-with-memories)