---
title: "കാടറിഞ്ഞ് വനപാഠവുമായി ബാലുശ്ശേരി എംഎല്‍എയും കുട്ടികളും കക്കയത്ത് "
english_title: "Balussery MLA and children in Kakkayat with forest lessons"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120168/balussery-mla-and-children-in-kakkayat-with-forest-lessons"
published_at: "2023-06-06T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647efee68b3ff_kakkayammmmmm.jpg"
keywords: []
---

# കാടറിഞ്ഞ് വനപാഠവുമായി ബാലുശ്ശേരി എംഎല്‍എയും കുട്ടികളും കക്കയത്ത് 

> **Lead Summary:** ബാലുശ്ശേരി: മണ്ഡലത്തിലെ സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍മാര്‍ക്ക് പരിസ്ഥിതി ദിനത്തിന് വേറിട്ട അനുഭവം പകര്‍ന്ന് എംഎല്‍എ കെ.എം. സച്ചിന്‍ ദേവ്. മറ്റ് തിരക്കുകളില്‍ നിന്നെല്ലാം മാറി എംഎല്‍എ കുട്ടികളേയും കൂട്ടി കാട്ടിലെത്തിയത് നവ്യാനുഭവമായി. കാടറിയാന്‍ കക്കയത്തേക്ക് എന്ന പരിപാടിയുടെ ഭാഗമായാണ് വിദ്യാര്‍ഥികളെ സ്വന്തം നിലയില്‍ വന സന്ദര്‍ശനത്തില്‍ എംഎല്‍എ പങ്കാളികളാക്കിയത്.

## Article Content

ബാലുശ്ശേരി: മണ്ഡലത്തിലെ സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍മാര്‍ക്ക് പരിസ്ഥിതി ദിനത്തിന് വേറിട്ട അനുഭവം പകര്‍ന്ന് എംഎല്‍എ കെ.എം. സച്ചിന്‍ ദേവ്. മറ്റ് തിരക്കുകളില്‍ നിന്നെല്ലാം മാറി എംഎല്‍എ കുട്ടികളേയും കൂട്ടി കാട്ടിലെത്തിയത് നവ്യാനുഭവമായി. കാടറിയാന്‍ കക്കയത്തേക്ക് എന്ന പരിപാടിയുടെ ഭാഗമായാണ് വിദ്യാര്‍ഥികളെ സ്വന്തം നിലയില്‍ വന സന്ദര്‍ശനത്തില്‍ എംഎല്‍എ പങ്കാളികളാക്കിയത്.

കക്കയത്തെ നിത്യഹരിത വനത്തിന്റെ സൗന്ദര്യവും തനിമയും നുകരാനെത്തിയ കുട്ടികളേയും എംഎല്‍എയേയും വനം വകുപ്പുദ്യോഗസ്ഥരും കെഎസ്ഇബി, പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്വീകരിച്ചത്. മൂന്നു മണിക്കൂറോളം കുട്ടികള്‍ ഉദ്യോഗസ്ഥ സംഘത്തോടും എംഎല്‍എയോടുമൊപ്പം വനത്തിനുള്ളില്‍ ചെലവഴിച്ചു.

കക്കയം ജലശേഖരത്തിലൂടെയുള്ള ബോട്ടുയാത്രയും തോണിക്കടവിലെ പ്രകൃതി ദൃശ്യവും കൂടിയായപ്പോള്‍ കുട്ടികള്‍ക്ക് ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണം അവിസ്മരണീയ അനുഭവമായി. പുതിയ അധ്യയന വര്‍ഷത്തെ പരിസ്ഥിതി ക്ലബ്ബ് കര്‍മപരിപാടികള്‍ തയ്യാറാക്കാനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ കൂടി ആസൂത്രണം ചെയ്താണ് എംഎല്‍എയും കുട്ടികളും പിരിഞ്ഞത്.

മണ്ഡലത്തിലെ 14 ഹൈസ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് പരിപാടിയില്‍ പങ്കെടുത്തത്. മണ്ഡലം വികസന സമിതി കണ്‍വീനര്‍ ഇസ്മയില്‍ കുറുമ്പൊയില്‍, വിദ്യാഭ്യാസ സമിതി പ്രവര്‍ത്തകരായ സി.കെ. വിനോദ്, കെ.കെ. ശിവദാസന്‍, കെ.ജി. സ്മിത, പരിസ്ഥിതി പ്രവര്‍ത്തകരായ ബിജു കക്കയം, കെ.ജി. അരുണ്‍, മുജീബ് കക്കയം, കൂരാച്ചുണ്ട് പോലീസ് സബ് ഇന്‍സ്പക്ടര്‍ അന്‍വര്‍ഷ, ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ വിമല്‍, ഹൈഡല്‍ ടൂറിസം പ്രതിനിധി ശിവദാസ് ചെമ്പ്ര എന്നിവര്‍ കുട്ടികളെ അനുഗമിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120168/balussery-mla-and-children-in-kakkayat-with-forest-lessons)