---
title: "അരിക്കുളം എംസിഎഫ് കെട്ടിട നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് ഓം ബുഡ്‌സുമാന്‍ "
english_title: "true vision koyilandy Om Budsuman wants to stop construction of MCF building at arikkulam"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/120985/true-vision-koyilandy-om-budsuman-wants-to-stop-construction-of-mcf-building-at-arikkulam"
published_at: "2023-06-09T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6482f1b7e8ba8_arikkulam_lg.JPG"
keywords: []
---

# അരിക്കുളം എംസിഎഫ് കെട്ടിട നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് ഓം ബുഡ്‌സുമാന്‍ 

> **Lead Summary:** **അരിക്കുളം:** പള്ളിക്കല്‍ കനാല്‍ സൈഫണിന് സമീപം നടന്നുകൊണ്ടിരിക്കുന്ന എംസിഎഫ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ പഞ്ചായത്ത് ഓംബുഡ്സ്മാന്‍ പഞ്ചായത്ത് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജനകീയ കര്‍മസമിതി കണ്‍വീനര്‍ സി. രാഘവന്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് നിര്‍മാണ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഓംബുഡ്സ്മാന്‍ ഉത്തരവ് ഇട്ടത്.

## Article Content

**അരിക്കുളം:** പള്ളിക്കല്‍ കനാല്‍ സൈഫണിന് സമീപം നടന്നുകൊണ്ടിരിക്കുന്ന എംസിഎഫ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തി വെക്കാന്‍ പഞ്ചായത്ത് ഓംബുഡ്സ്മാന്‍ പഞ്ചായത്ത് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജനകീയ കര്‍മസമിതി കണ്‍വീനര്‍ സി. രാഘവന്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ആണ് നിര്‍മാണ പ്രവൃത്തികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഓംബുഡ്സ്മാന്‍ ഉത്തരവ് ഇട്ടത്.

കനാല്‍ പുറമ്പോക്കില്‍ എംസിഎഫ് നിര്‍മ്മിക്കുന്നതിനും അന്‍പത് ചതുരശ്ര മീറ്ററിന് താഴെയുള്ള കെട്ടിടത്തിന് ഏഴ് ലക്ഷത്തിലേറെ രൂപ ചിലവ് വരുന്നത് ധൂര്‍ത്ത് ആണെന്നും ചൂണ്ടിക്കാട്ടിയാണ് കര്‍മസമിതി കണ്‍വീനര്‍ സി. രാഘവന്‍ പരാതി സമര്‍പ്പിച്ചത്. കായിക വിനോദത്തിനും പൊതു പരിപാടികള്‍ക്കും ഉപയോഗിച്ച് വരുന്ന കനാല്‍ പുറം പോക്കില്‍ മാലിന്യസംഭരണ കേന്ദ്രം സ്ഥാപിക്കുന്നതിനെതിരെ എംസിഎഫ് പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വേണ്ടി മാത്രം വിളിച്ച് ചേര്‍ത്ത സ്‌പെഷല്‍ ഗ്രാമസഭ പ്രമേയം പാസ്സാക്കുക ഉണ്ടായി.

117അംഗങ്ങള്‍ പങ്കെടുത്ത ഗ്രാമ സഭയില്‍ 116 അംഗങ്ങളും പ്രമേയത്തെ അനുകൂലിച്ചു. തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി ഗ്രാമസഭാ തീരുമാനം തള്ളി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോയി. നാല് വര്‍ഷമായി സമരപാതയിലായിരുന്ന പ്രദേശവാസികള്‍ ഏറ്റവും ഒടുവിലായി നടത്തിയ രാപ്പകല്‍ സമരം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അന്ന് സമരപ്പന്തലിലേയ്ക്ക് പോലീസ് ഇരച്ചുകയറി സമരക്കാരെ ബലം പ്രയോഗിച്ച് നീക്കിയാണ് എംസിഎഫ് കെട്ടിട നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചത്.

അരിക്കുളം ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയാണ് 7.71 ലക്ഷം രൂപയ്ക്ക് നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്തിട്ടുള്ളത്. എംസിഎഫിനായി ഒരു താത്ക്കാലിക കെട്ടിടം നിലവിലിരിക്കെ 50 ചതുരശ്ര മീറ്ററില്‍ താഴെയുള്ള മറ്റൊരു താത്കാലികകെട്ടിടം പണിയാന്‍ ഇത്ര ഭീമമായ സംഖ്യ ചെലവഴിക്കുന്നതിലും വ്യാപക പ്രതിഷേധം ഉയര്‍ന്നു വരുന്നുണ്ട്.

ഈ ചെറിയ കെട്ടിടത്തില്‍ 13 വാര്‍ഡുകളിലെ പ്ലാസ്റ്റിക്ക് ഉള്‍പ്പെടെയുള്ള അജൈവമാലിന്യങ്ങള്‍ എങ്ങനെ സംഭരിക്കും എന്ന ചോദ്യവും പ്രസക്തമാണ്. കെട്ടിടത്തില്‍ ശുദ്ധജല ലഭ്യത ഉറപ്പ് വരുത്താന്‍ സംവിധാനവും ഇല്ല. കിണര്‍ കുഴിക്കാന്‍ ജലസേചന വകുപ്പ് അനുമതി നല്‍കിയിട്ടുമില്ല. എംസിഎഫിന് സ്ഥിരമായ കെട്ടിടം പണിയാനുള്ള സ്ഥലം കണ്ടെത്താന്‍ കഴിഞ്ഞ നാല് വര്‍ഷമായി പഞ്ചായത്ത് ഭരണസമിതിയ്ക്ക് സാധിച്ചിട്ടുമില്ല.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/120985/true-vision-koyilandy-om-budsuman-wants-to-stop-construction-of-mcf-building-at-arikkulam)