---
title: "മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഇവര്‍ മാതൃക; തൃക്കുറ്റിശ്ശേരി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ പരിസ്ഥിതി സംരക്ഷകരെ അഭിനന്ദിച്ച് ബാലുശ്ശേരി എംഎല്‍എ"
english_title: "Balushery MLA felicitated the environmentalists of Trikutissery Government UP School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122100/balushery-mla-felicitated-the-environmentalists-of-trikutissery-government-up-school"
published_at: "2023-06-13T16:51:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/64885132ea899_MLA_LG_111.JPG"
keywords: []
---

# മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് ഇവര്‍ മാതൃക; തൃക്കുറ്റിശ്ശേരി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ പരിസ്ഥിതി സംരക്ഷകരെ അഭിനന്ദിച്ച് ബാലുശ്ശേരി എംഎല്‍എ

> **Lead Summary:** ** ബാലുശ്ശേരി:** മാലിന്യം വലിച്ചെറിയുന്നത് ഇന്ന് നമുക്ക് ഒരു പുതിയ കാര്യം അല്ല, എന്നാല്‍ വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ ശേഖരിക്കുന്നത് ഒരു പുതിയ കാര്യം തന്നെയാണ്. തൃക്കുറ്റിശ്ശേരി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ആറാം തരത്തില്‍ പഠിക്കുന്ന ആദിത്തും സ്‌നേഹയുമാണ് ഇത്തരത്തിലൊരു മാതൃകാ പ്രവര്‍ത്തനമാണ് മുന്നോട്ട് വെക്കുന്നത്.

## Article Content

** ബാലുശ്ശേരി:** മാലിന്യം വലിച്ചെറിയുന്നത് ഇന്ന് നമുക്ക് ഒരു പുതിയ കാര്യം അല്ല, എന്നാല്‍ വലിച്ചെറിഞ്ഞ മാലിന്യങ്ങള്‍ ശേഖരിക്കുന്നത് ഒരു പുതിയ കാര്യം തന്നെയാണ്. തൃക്കുറ്റിശ്ശേരി ഗവണ്‍മെന്റ് യുപി സ്‌കൂളിലെ ആറാം തരത്തില്‍ പഠിക്കുന്ന ആദിത്തും സ്‌നേഹയുമാണ് ഇത്തരത്തിലൊരു മാതൃകാ പ്രവര്‍ത്തനമാണ് മുന്നോട്ട് വെക്കുന്നത്.

വീട്ടില്‍ നിന്ന് സ്‌കൂളിലേക്ക് പോകുന്ന വഴിയിലുള്ള മാലിന്യങ്ങള്‍ ശേഖരിച്ചാണ് ഇവര്‍ സ്‌കൂളിലെത്തുന്നത്. പ്ലാസ്റ്റിക് കവറുകള്‍, മിഠായി കവറുകള്‍ എന്നിങ്ങനെ പലതരം കവറുകള്‍ വേര്‍തിരിച്ചു വെക്കും. വേര്‍തിരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറും.

ആരുടെയും നിര്‍ബന്ധമോ പ്രേരണയോ കൂടാതെയാണ് കുട്ടികള്‍ തങ്ങള്‍ക്ക് പ്രകൃതിയോടുളള കരുതല്‍ കാണിക്കുന്നത്. ആദിത്തും സ്‌നേഹയും മറ്റ് കുട്ടികള്‍ക്ക് കൂടി മാതൃകയായി കഴിഞ്ഞു. നമുക്ക് മാത്രമല്ല ഇനി ഉള്ള തലമുറയ്ക്കും കൂടി കരുതിവെക്കാനുള്ളതാണ് നമ്മുടെ പ്രകൃതി.

കുട്ടികളുടെ പ്രവര്‍ത്തനം ഇതോടെ തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയി. ബാലുശ്ശേരി എംഎല്‍എ കെ.എം സച്ചിന്‍ ദേവും കോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്. സുരേഷും സ്‌കൂളിലെത്തി വിദ്യാര്‍ത്ഥികളെ അഭിനന്ദിച്ചു. പുനത്ത് കാളിവയലില്‍ കെ.വി അനിലിന്റെ മകനാണ് ആദിത്, കാളിവയലില്‍ രവിയുടെ മകളാണ് സ്‌നേഹ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122100/balushery-mla-felicitated-the-environmentalists-of-trikutissery-government-up-school)