---
title: "കവിയും പ്രഭാഷകനും സാഹിത്യ നിരൂപകനുമായ കാര്യാവില്‍ രാധാകൃഷ്ണന്‍ (69) അന്തരിച്ചു "
english_title: "true vision koyilandy Poet, lecturer and literary critic Kariavil Radhakrishnan Master (69) passed away"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122543/true-vision-koyilandy-poet-lecturer-and-literary-critic-kariavil-radhakrishnan-master-69-passed-away"
published_at: "2023-06-15T13:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ac5686f23a_death_kdyyy_lg.jpg"
keywords: []
---

# കവിയും പ്രഭാഷകനും സാഹിത്യ നിരൂപകനുമായ കാര്യാവില്‍ രാധാകൃഷ്ണന്‍ (69) അന്തരിച്ചു 

> **Lead Summary:** **കൊയിലാണ്ടി: **കവിയും പ്രഭാഷകനും സാഹിത്യ നിരൂപകനുമായ കാര്യാവില്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഏതാണ്ട് 25 വര്‍ഷക്കാലത്തിലധികം മലയാള ഭാഷാ ബോധനത്തില്‍ പ്രാവീണ്യം തെളിയിച്ച രാധാകൃഷ്ണന്‍ മാസ്റ്റര്‍ സാംസ്‌കാരിക സദസ്സുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

## Article Content

**കൊയിലാണ്ടി: **കവിയും പ്രഭാഷകനും സാഹിത്യ നിരൂപകനുമായ കാര്യാവില്‍ രാധാകൃഷ്ണന്‍ മാസ്റ്റര്‍ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഏതാണ്ട് 25 വര്‍ഷക്കാലത്തിലധികം മലയാള ഭാഷാ ബോധനത്തില്‍ പ്രാവീണ്യം തെളിയിച്ച രാധാകൃഷ്ണന്‍ മാസ്റ്റര്‍ സാംസ്‌കാരിക സദസ്സുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു.

വടകര ബിഇഎം എച്ച്എസ്എസില്‍ അധ്യാപകനായും പ്രധാന അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലബാര്‍ ക്രിസ്ത്യന്‍ കോളജ് എച്ച്എസ്എസ് കോഴിക്കോട്, സിഎംഎസ് ഹൈസ്‌കൂള്‍ അരപ്പറ്റ, വയനാട് എന്നിവിടങ്ങളിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഒട്ടേറെ കാവ്യ ബിംബങ്ങള്‍ അഞ്ചോളം പുസ്തകങ്ങളായി ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സിദ്ധാര്‍ത്ഥന്‍ ഒന്നും സംസാരിക്കുന്നില്ല എന്നതായിരുന്നു ആദ്യ കവിതാ പുസ്തകം. അധ്യാപക കലാ സാഹിത്യ വേദി സംസ്ഥാന കവിതാ പുരസ്‌കാരം, കോഴിക്കോട് ജില്ലാ ഡയറ്റ് കവിതാ പുരസ്‌കാരം എന്നീ പുരസ്‌കാരങ്ങളും ഇദ്ദേഹത്തെ തോടിയെത്തിയിട്ടുണ്ട്. അവസാനമായി പുറത്തിറങ്ങിയത് വലുതായില്ല ചെറുപ്പം എന്ന കവിതാ സമാഹാരമാണ്.

പരന്ന വായന ,ഭാഷാ സാഹിത്യ കാര്യങ്ങളിലുള്ള അഗാധ പാണ്ഡിത്യം എന്നിവയിലൂടെ വേറിട്ട ഒരു അധ്യാപന സാധ്യത തുറന്നെടുത്ത മാഷിന്റെ വിയോഗം ഭാഷാ സ്‌നേഹികള്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.

ഭാര്യ: രോഹിണി ടീച്ചര്‍ (റിട്ട.പ്രധാന അധ്യാപിക കാപ്പാട് ജിഎംയുപിഎസ്). മക്കള്‍: സ്വരാഗ് ജിഷ്ണു. ആര്‍(റിസര്‍ച്ച് സ്‌കോളര്‍ & അസിസ്റ്റന്റ് പ്രൊഫസര്‍ ) മരുമകള്‍: ആര്‍ദ്ര. അന്തരിച്ച ഭാഷാപണ്ഡിതന്‍ കാര്യാവില്‍ ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ,കുമാരന്‍ നായര്‍ ,പുകസ പ്രവര്‍ത്തകനായ കാര്യാവില്‍ രാജഗോപാലന്‍ എന്നിവര്‍ സഹോദരങ്ങളാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122543/true-vision-koyilandy-poet-lecturer-and-literary-critic-kariavil-radhakrishnan-master-69-passed-away)