---
title: "കായണ്ണ ഹയര്‍ സെക്കന്ററിയില്‍ നിന്നും പ്ലസ്ടു ബാച്ച് മാറ്റുന്നതില്‍ പ്രതിഷേധവുമായി ബാലുശ്ശേരി നിയോജക മണ്ഡലം യൂത്ത് ലീഗ് "
english_title: "Balushery Constituency Youth League protests against transfer of Plus Two batch from Kayanna Higher Secondary school"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122575/balushery-constituency-youth-leegue-protests-against-transfer-of-plus-two-batch-from-kayanna-higher-secondary-school"
published_at: "2023-06-15T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648ae7832066e_league_LG.jpg"
keywords: []
---

# കായണ്ണ ഹയര്‍ സെക്കന്ററിയില്‍ നിന്നും പ്ലസ്ടു ബാച്ച് മാറ്റുന്നതില്‍ പ്രതിഷേധവുമായി ബാലുശ്ശേരി നിയോജക മണ്ഡലം യൂത്ത് ലീഗ് 

> **Lead Summary:** **ബാലുശ്ശേരി: **കായണ്ണ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും പ്ലസ്ടു സയന്‍സ് ബാച്ച് മറ്റൊരു ജില്ലയിലേക്ക് മാറ്റാനുളള തീരുമാനം പ്രതിഷേധാര്‍ഹമെന്ന് മുസ്ലിം യൂത്ത് ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വാഹന സൗകര്യം കുറവായത് കാരണം കായണ്ണയില്‍ അഡ്മിഷന്‍ എടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം മുന്‍ വര്‍ഷങ്ങളില്‍ കുറവായിരുന്നെങ്കിലും ഈ വര്‍ഷം ഗതാഗത സൗകര്യം ഏര്‍പ്പെടുത്തി ബാച്ച് നിലനിര്‍ത്താനുള്ള ശ്രമം സ്‌കൂള്‍ അധികൃതര്‍ നടത്തുന്നതിനിടയിലാണ് സര്‍ക്കാറിന്റെ ഈ നീക്കം.

## Article Content

**ബാലുശ്ശേരി: **കായണ്ണ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും പ്ലസ്ടു സയന്‍സ് ബാച്ച് മറ്റൊരു ജില്ലയിലേക്ക് മാറ്റാനുളള തീരുമാനം പ്രതിഷേധാര്‍ഹമെന്ന് മുസ്ലിം യൂത്ത് ലീഗ് ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വാഹന സൗകര്യം കുറവായത് കാരണം കായണ്ണയില്‍ അഡ്മിഷന്‍ എടുക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം മുന്‍ വര്‍ഷങ്ങളില്‍ കുറവായിരുന്നെങ്കിലും ഈ വര്‍ഷം ഗതാഗത സൗകര്യം ഏര്‍പ്പെടുത്തി ബാച്ച് നിലനിര്‍ത്താനുള്ള ശ്രമം സ്‌കൂള്‍ അധികൃതര്‍ നടത്തുന്നതിനിടയിലാണ് സര്‍ക്കാറിന്റെ ഈ നീക്കം.

ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്നും 3152 വിദ്യാര്‍ത്ഥികള്‍ എസ്എസ്എല്‍സി പാസായപ്പോള്‍ ആകെയുള്ള പ്ലസ് വണ്‍ സീറ്റുകള്‍ 2450 മാത്രമാണ്. 702 വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാന്‍ കഴിയാത്ത സാഹചര്യമുള്ളപ്പോഴാണ് ലഭ്യമായ സീറ്റുകള്‍ തന്നെ ഇല്ലാതാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ശ്രമിക്കുന്നതെന്നാണ് മുസ്ലിം യൂത്ത് ലീഗിന്റെ ആരോപണം. കായണ്ണ കൂടാതെ ഏഴ് സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്ന ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍പെട്ട മറ്റ് സ്‌കൂളുകളിലേക്ക് പോലും ബാച്ച് മാറ്റാതെ ജില്ലയില്‍ നിന്നു തന്നെ മാറ്റാനുള്ള നീക്കം പിന്‍വലിക്കണം എന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

അധികൃതരുടെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടാവുന്നില്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ക്ക് യൂത്ത് ലീഗ് നേത്യത്വം നല്‍കുമെന്നും നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പി.എച്ച്. ഷമീര്‍ അധ്യക്ഷത വഹിച്ചു. സി.കെ. ഷക്കീര്‍, ലത്തീഫ് നടുവണ്ണൂര്‍, ഫസല്‍ കൂനഞ്ചേരി, ഷഫീഖ് മാമ്പൊയില്‍, കെ.കെ. മുനീര്‍, ഷംസീര്‍ ആശാരിക്കല്‍, തസ്ലി കാവില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122575/balushery-constituency-youth-leegue-protests-against-transfer-of-plus-two-batch-from-kayanna-higher-secondary-school)