---
title: "അവസാന തിയ്യതി ജൂണ്‍ 30 വരെ; അക്ഷയ കേന്ദ്രങ്ങളില്‍ പെന്‍ഷന്‍ മസ്റ്ററിങ് പുനരാരംഭിച്ചു"
english_title: "Deadline is June 30; Pension mustering has resumed in Akshaya centers"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122873/deadline-is-june-30-pension-mustering-has-resumed-in-akshaya-centers"
published_at: "2023-06-16T18:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c6a527a6bb_pension_lg.jpg"
keywords: []
---

# അവസാന തിയ്യതി ജൂണ്‍ 30 വരെ; അക്ഷയ കേന്ദ്രങ്ങളില്‍ പെന്‍ഷന്‍ മസ്റ്ററിങ് പുനരാരംഭിച്ചു

> **Lead Summary:** **ബാലുശ്ശേരി**: നിര്‍ത്തിവച്ചിരുന്ന പെന്‍ഷന്‍ മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ വീണ്ടും ആരംഭിച്ചു. സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങളും പൊതുസേവന കേന്ദ്രങ്ങളും പെന്‍ഷന്‍ മസ്റ്ററിങ് തങ്ങള്‍ക്കുകൂടി നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് പെന്‍ഷന്‍ മസ്റ്ററിങ് താല്‍ക്കാലികമായി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

## Article Content

**ബാലുശ്ശേരി**: നിര്‍ത്തിവച്ചിരുന്ന പെന്‍ഷന്‍ മസ്റ്ററിങ് അക്ഷയ കേന്ദ്രങ്ങളിലൂടെ വീണ്ടും ആരംഭിച്ചു. സ്വകാര്യ ഓണ്‍ലൈന്‍ കേന്ദ്രങ്ങളും പൊതുസേവന കേന്ദ്രങ്ങളും പെന്‍ഷന്‍ മസ്റ്ററിങ് തങ്ങള്‍ക്കുകൂടി നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയതിനെ തുടര്‍ന്ന് പെന്‍ഷന്‍ മസ്റ്ററിങ് താല്‍ക്കാലികമായി ഹൈക്കോടതി സ്റ്റേ ചെയ്യുകയായിരുന്നു.

സര്‍ക്കാറിന്റെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവരും ക്ഷേമനിധി പെന്‍ഷന്‍ വാങ്ങുന്നവരും മസ്റ്ററിങ് ചെയ്യേണ്ടതാണ്. 2022 ഡിസംബര്‍ 31 കാലയളവിലുള്ള എല്ലാ ഉപഭോക്താക്കളും നിര്‍ബന്ധമായും മസ്റ്ററിങ് ചെയ്യണം.

2023 ജനുവരി ഒന്നിന് ശേഷം പെന്‍ഷന്‍ വാങ്ങിത്തുടങ്ങിയവര്‍ ചെയ്യേണ്ടതില്ല. കിടപ്പുരോഗികള്‍ക്ക് ജീവനക്കാര്‍ വീട്ടിലെത്തി മസ്റ്ററിങ് ചെയ്യാനുള്ള അവസരം നല്‍കും. ഹൈക്കോടതിയുടെ സ്റ്റേ വന്നതോടെ മസ്റ്ററിങ് നടപടികള്‍ നിര്‍ത്തി വയ്ക്കുകയായിരുന്നു. മസ്റ്ററിംഗ് നിര്‍ത്തിയതോടെ വയോധികര്‍ ഉള്‍പ്പെടെയുള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍ വളരെയധികം ബുദ്ധിമുട്ടിയിരുന്നു.

അംഗീകൃത സര്‍ക്കാര്‍ സേവനദാതാക്കള്‍ അക്ഷയ മാത്രമാണെന്നും ജനങ്ങളുടെ രേഖകളുടെ സുരക്ഷയും വിശ്വസ്തതയും കണക്കിലെടുത്താണ് അക്ഷയ കേന്ദ്രങ്ങളെ മസ്റ്ററിങ് ചുമതല ഏല്‍പ്പിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഫോറം ഓഫ് അക്ഷയ സെന്റര്‍ എന്റര്‍പ്രെണേഴ്സും (ഫേസ്), എഐടിഇ (സിഐടിയു), എസ്ടിയു എന്നീ സംഘടനകളും അക്ഷയ സംരംഭകര്‍ക്കുവേണ്ടി ഹൈക്കോടതിയില്‍ കക്ഷി ചേര്‍ന്നു.

കേസില്‍ അക്ഷയയ്ക്ക് അനുകൂലമായി കോടതി വിധി വന്നതോടെയാണ് ധനകാര്യവകുപ്പ് അക്ഷയ പ്രൊജക്റ്റ് ഓഫീസിനും സ്റ്റേറ്റ് ഐടി മിഷനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മസ്റ്ററിങ് പൂര്‍ത്തിയാക്കുവാനുള്ള നിര്‍ദേശം നല്‍കിയത്. ജൂണ്‍ 30 നു മുമ്പ് പെന്‍ഷന്‍ മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. മസ്റ്ററിങ് ഒരുമാസത്തോളം തടസപ്പെട്ടതിനാല്‍ സമയം നീട്ടിനല്‍കുമെന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122873/deadline-is-june-30-pension-mustering-has-resumed-in-akshaya-centers)