---
title: "നേരത്തെ മുന്‍കരുതല്‍ എടുക്കാം അപകടങ്ങള്‍ ഒഴിവാക്കാം; മഴക്കാലം എത്തിയതോടെ അപകടങ്ങള്‍ കൂടി വരാനുള്ള സാഹചര്യത്തില്‍ നന്മണ്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസ് പുറപ്പെടുവിച്ചു "
english_title: "arrival of the rainy season, Nanmanda Gram Panchayat Secretary has issued a notice in case of more accidents"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/122886/arrival-of-the-rainy-season-nanmanda-gram-panchayat-secretary-has-issued-a-notice-in-case-of-more-accidents"
published_at: "2023-06-16T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/648c6e890a8dd_nanmanda_.JPG"
keywords: []
---

# നേരത്തെ മുന്‍കരുതല്‍ എടുക്കാം അപകടങ്ങള്‍ ഒഴിവാക്കാം; മഴക്കാലം എത്തിയതോടെ അപകടങ്ങള്‍ കൂടി വരാനുള്ള സാഹചര്യത്തില്‍ നന്മണ്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസ് പുറപ്പെടുവിച്ചു 

> **Lead Summary:** **നന്മണ്ട: **മഴക്കാലം എത്തിയതോടെ അപകടങ്ങള്‍ കൂടി വരാനുള്ള സാഹചര്യത്തില്‍ നന്മണ്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസ് പുറപ്പെടുവിച്ചു. 1994 ലെ കേരള പഞ്ചായത്ത്‌രാജ് നിയമം 238 പ്രകാരവും 2005 ലെ ദുരന്തനിവാരണനിയമം 30 (വി) വകുപ്പ് പ്രകാരവും പൊതുജനങ്ങളുടെ ശ്രദ്ധയിലേക്കായിട്ടാണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

## Article Content

**നന്മണ്ട: **മഴക്കാലം എത്തിയതോടെ അപകടങ്ങള്‍ കൂടി വരാനുള്ള സാഹചര്യത്തില്‍ നന്മണ്ട ഗ്രാമപഞ്ചായത്ത് സെക്രട്ടറി നോട്ടീസ് പുറപ്പെടുവിച്ചു. 1994 ലെ കേരള പഞ്ചായത്ത്‌രാജ് നിയമം 238 പ്രകാരവും 2005 ലെ ദുരന്തനിവാരണനിയമം 30 (വി) വകുപ്പ് പ്രകാരവും പൊതുജനങ്ങളുടെ ശ്രദ്ധയിലേക്കായിട്ടാണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

നോട്ടീസില്‍ പറയുന്നത് ഇങ്ങനെ: നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രദേശത്തുള്ള ഏതെങ്കിലും വൃക്ഷമോ, വൃക്ഷത്തിന്റെ ശാഖയോ, ഭാഗമോ, വൃക്ഷത്തിന്റെ കായ്കളോ വീഴാനും ഗതാഗതത്തിന് കാഴ്ചയെ തടസ്സപെടുത്താനും നാശനഷ്ടം വരുത്താനും ഇടയാകുന്നതുമൂലം ഏതെങ്കിലും ആള്‍ക്കോ, ജീവജാലങ്ങള്‍ക്കോ എടുപ്പിനോ, വാഹനങ്ങള്‍ക്കോ, മറ്റ് സ്വത്ത് വകകള്‍ക്കോ ആപത്തുണ്ടാക്കാന്‍ സാധ്യതയുള്ള മരങ്ങള്‍ ആയതിന്റെ ഉടമസ്ഥരോ/ചുമതലപ്പെട്ടവരോ ഉടന്‍ മുറിച്ചുനീക്കുകയോ, ഉറപ്പിച്ചുനിര്‍ത്തുകയോ, വെട്ടിക്കളയുകയോ, കായ്കള്‍ നീക്കം ചെയ്യുകയോ ചെയ്ത് അപകടാവസ്ഥ ഇല്ലാതാക്കേണ്ടതാണ്.

നന്മണ്ട ഗ്രാമപപഞ്ചായത്ത് പ്രദേശത്ത് സുരക്ഷിതമല്ലാതെയും, അനധികൃതമായും സ്ഥാപിച്ച പരസ്യ ഹോര്‍ഡിംഗുകള്‍, പോസ്റ്റുകള്‍, ബോര്‍ഡുകള്‍, കമാനങ്ങള്‍ മുതലായവ അതാത് സ്ഥാപിച്ചവര്‍ അടിയന്തിരമായി നീക്കം ചെയ്യേണ്ടതാണ്.

ഈ നിര്‍ദ്ദേശം പാലിക്കാത്തത് മൂലം പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഏതെങ്കിലും വിധത്തിലുള്ള കഷ്ടനഷ്ടം ഉണ്ടാകുന്ന പക്ഷം ആയതിന് ബന്ധപ്പെട്ട സ്ഥല ഉടമസ്ഥര്‍/ചുമതലക്കാര്‍ /പരസ്യബോര്‍ഡ് സ്ഥാപിച്ചവര്‍ ഉത്തരവാദികളായിരിക്കുമെന്നും ആയതിന് 2005 ലെ ദുരന്തനിവാരണനിയമം വകുപ്പ് 30(2)(വി) പ്രകാരം നഷ്ടപരിഹാരം നല്‍കാന്‍ ബാധ്യസ്ഥരായിരിക്കുമെന്നും മറ്റു നിയമാനുസൃത തുടര്‍ നടപടികള്‍ക്ക് വിധേയരായിരിക്കുമെന്നും നോട്ടീസില്‍ സെക്രട്ടറി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/122886/arrival-of-the-rainy-season-nanmanda-gram-panchayat-secretary-has-issued-a-notice-in-case-of-more-accidents)