---
title: "ഡോ.അജയ് വിഷ്ണു കുറിച്ചത് കഥ അല്ല; തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ കൃഷി ചെയ്ത് ജീവിച്ച വിനോദ് കുമാറിന്റെയും ഭാര്യ പ്രിയദര്‍ശിനിയുടെയും ജീവിതകഥയാണ് "
english_title: "true vision koyilandy Dr. Ajay Kumar wrote not the story; It is the life story of Vinod Kumar and his wife Priyadarshini who lived by farming in Tenkasi in Tamil Nadu"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/123760/true-vision-koyilandy-dr-ajay-kumar-wrote-not-the-story-it-is-the-life-story-of-vinod-kumar-and-his-wife-priyadarshini-who-lived-by-farming-in-tenkasi-in-tamil-nadu"
published_at: "2023-06-20T15:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64917ef090463_story_LG.jpg"
keywords: []
---

# ഡോ.അജയ് വിഷ്ണു കുറിച്ചത് കഥ അല്ല; തമിഴ്‌നാട്ടിലെ തെങ്കാശിയില്‍ കൃഷി ചെയ്ത് ജീവിച്ച വിനോദ് കുമാറിന്റെയും ഭാര്യ പ്രിയദര്‍ശിനിയുടെയും ജീവിതകഥയാണ് 

> **Lead Summary:** **ഉള്ള്യേരി:** ആക്രി സാധനങ്ങള്‍ ശേഖരിച്ച് ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കുന്ന തമിഴ് കുടുംബത്തിന്റെ ജീവിതം ഉള്ള്യേരി അജയ്‌സ് കെയറിലെ ഡോ.അജയ് വിഷ്ണു എസ്‌ന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചര്‍ച്ചയാവുകയാണ്.

## Article Content

**ഉള്ള്യേരി:** ആക്രി സാധനങ്ങള്‍ ശേഖരിച്ച് ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കുന്ന തമിഴ് കുടുംബത്തിന്റെ ജീവിതം ഉള്ള്യേരി അജയ്‌സ് കെയറിലെ ഡോ.അജയ് വിഷ്ണു എസ്‌ന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചര്‍ച്ചയാവുകയാണ്.

തമിഴ്‌നാട്ടിലെ തെങ്കാശിയിലെ ഭൂഉടമയായ വിനോദ് കുമാറിന്റെയും ഭാര്യ പ്രിയദര്‍ശിനിയുടെയും ഒരു വയസ്സ് പ്രായമുള്ള മകള്‍ വിദ്വിഷ ശ്രീയുടെയും ജീവിതം മാറ്റിമറിച്ച കഥയല്ല അനുഭവമാണ് കുറിപ്പിലുള്ളത്.

സ്വദേശത്ത് 10 ഏക്കര്‍ ഭൂമി സ്വന്തമായുണ്ടായിട്ടും 'തേവര്‍' വിഭാഗത്തില്‍പ്പെട്ട ഇവരെ ആക്രി കച്ചവടക്കാരാക്കിയത് വെള്ളമാണ്. വെള്ളം മൂലം സര്‍വ്വതും നശിച്ച് കുടിയിറങ്ങിയവരല്ല ഇവര്‍. ദാഹജലം കിട്ടാക്കനിയായതോടെ എല്ലാം ഉപേക്ഷിച്ച് നാടുവിടേണ്ടി വന്നതാണ് ഈ കുടുംബത്തിന്.

ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തി സ്വന്തമായി ജോലി കണ്ടെത്തി ശുദ്ധ ജലവും വായുവും ആവോളം നുകരുന്നതിന്റെ ആശ്വാസത്തിലും ആനന്തത്തിലുമാണ് ഇന്നീ കുടുംബം. ഇന്ന് ഉള്ള്യേരിയിലെ ക്ലിനിക്കിലെത്തിയ തമിഴ് കുടുംബം തങ്ങളുടെ ജീവിതം ഡോ. അജയ് വിഷ്ണുവിനോട് വിവരിക്കുകയായിരുന്നു.

മഴയും വെള്ളവും ആവോളം ലഭിക്കുന്ന ഈ സ്വര്‍ഗ്ഗഭൂമിയില്‍ ജീവിക്കുന്ന ഡോക്ടര്‍ക്ക് ഇവരുടെ അനുഭവം നൊമ്പരപ്പെടുത്തുന്നതായിരുന്നു. ആ കുടുംബത്തോടൊപ്പമുള്ള ഫോട്ടോയും ഡോക്ടര്‍ പങ്കുവെച്ചു.

**ഡോ.അജയ് വിഷ്ണുവിന്റ കുറിപ്പ്:** ഇന്ന് ഒപിയില്‍ വന്ന രണ്ടുപേരെ കുറിച്ച്.. കേരളം: ആക്രി കച്ചവടക്കാര്‍ ആണ്. ഈ പൊട്ടിയതും ചളുങ്ങിയതും അലഞ്ഞു നടന്ന് പെറുക്കി വില്‍ക്കും, ജീവിക്കും. തമിഴ്‌നാട്ടിലെ തെങ്കാശി: 10 ഏക്കര്‍ നിലം സ്വന്തമായുള്ള 'തേവര്‍' വിഭാഗത്തില്‍ പെട്ട വിനോദ് കുമാറും ഭാര്യ പ്രിയദര്‍ശിനിയും ഒരു വയസ്സ് പ്രായമുള്ള മകള്‍ വിദ്വിഷശ്രീയും ആണ് ഇവര്‍.

തമിഴ്‌നാട്ടിലെ തേവരെ കേരത്തിലെ ആക്രിപെറുക്കലുകാരന്‍ ആക്കിയത് 'വെള്ളം' ആണ്. വിനോദ് കുമാര്‍ പറയുന്നു- കുഞ്ഞുന്നാളില്‍ തണ്ണിയില്‍ കുതിച്ചു കളിച്ചത് ഇന്നലെയെന്നോണം ഓര്‍മ്മയുണ്ട്. വര്‍ഷത്തില്‍ 3 തവണ വിളവെടുക്കുന്ന നെല്‍പ്പാടം ഉണ്ടായിരുന്നു അപ്പക്ക്! സമ്പന്നമായിരുന്ന ഒരു ബാല്യം അവിടെ എല്ലാവര്‍ക്കും ഉണ്ടായിരുന്നു.

പിന്നീട് കമ്പനികള്‍ വന്നു. അവര്‍ ബോര്‍ കുഴിച്ചു വെള്ളം എടുത്തു തുടങ്ങി. ഭൂമിയിലെ വെള്ളം താണുതുടങ്ങി! 300 മീറ്റര്‍ കുഴിച്ചാലും വെള്ളം ഇല്ലാതായി! വ്യവസായം (കൃഷി) മുടങ്ങി. 300 കിലോ മീറ്റര്‍ ചുറ്റളവില്‍ തെങ്കാശി മുതല്‍ തിരുനെല്‍വേലി വരെ വെള്ളം ഇല്ലാതെ വറ്റി വരളാന്‍ തുടങ്ങി!

ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസം ഇപ്പോഴും നല്ല മഴ കിട്ടുന്നുണ്ട്. പക്ഷെ ഭൂമിയില്‍ വെള്ളമില്ല! ഈ മഴ വെള്ളം കൊണ്ടു ഒരു പ്രയോജനവും ഇല്ല!

കുടിക്കാന്‍ വെള്ളം ഇല്ലാതെ കുഞ്ഞുങ്ങള്‍ കരഞ്ഞു തുടങ്ങിയപ്പോള്‍ ഒരു വീടിനു ഒരു ദിവസം 5 കുടം തണ്ണി, കുടം ഒന്നിന് 10 രൂപ എന്ന കണക്കില്‍ സര്‍ക്കാര്‍ വെള്ളം കൊണ്ടു കൊടുത്തു..!

അതുകൊണ്ടൊന്നും ജീവിക്കാന്‍ കഴിയാതെ ഇവിടെ ഉള്ള്യേരി വന്ന് ഒരു പുതിയ തൊഴില്‍ പഠിച്ചു വര്‍ഷങ്ങളായി ജീവിക്കയാണ് ഈ 'തേവര്‍' കുടുംബം!

ഈ കഥ പറയുമ്പോള്‍ തേവരുടെ കണ്ണുകളില്‍ നിഴലിച്ച നിരാശ നാളെ, എനിക്കും നമുക്കും ഉള്ളത് തന്നെയാണ് എന്ന നാളയുടെ വിഹ്വലതകളോടെയാണ് ഡോക്ടര്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/123760/true-vision-koyilandy-dr-ajay-kumar-wrote-not-the-story-it-is-the-life-story-of-vinod-kumar-and-his-wife-priyadarshini-who-lived-by-farming-in-tenkasi-in-tamil-nadu)