---
title: "സമരം ചെയ്ത വിദ്യാര്‍ത്ഥികളെ കയ്യാമം വച്ച പോലീസ് നടപടി അപഹാസ്യം; കെ എം അഭിജിത്ത് "
english_title: "true vision koyilandy The police action of harassing the protesting students is a travesty; KM Abhijith"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125211/true-vision-koyilandy-the-police-action-of-harassing-the-protesting-students-is-a-travesty-km-abhijith"
published_at: "2023-06-26T16:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64996fc9c831b_abhijith_LG.JPG"
keywords: []
---

# സമരം ചെയ്ത വിദ്യാര്‍ത്ഥികളെ കയ്യാമം വച്ച പോലീസ് നടപടി അപഹാസ്യം; കെ എം അഭിജിത്ത് 

> **Lead Summary:** **കൊയിലാണ്ടി: **വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച എംഎസ്എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് വിലങ്ങു വച്ച് നടുറോഡിലൂടെ കാല്‍നടയായി കൊണ്ടു പോയ സംഭവം തികച്ചും അപഹാസ്യമാണെന്നും ജനാധിപത്യ സമരങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്നത് പോലെയാണ് കൊയിലാണ്ടി പോലീസ് പെരുമാറിയതെന്നും എന്‍എസ്‌യു ദേശിയ ജനറല്‍ സെക്രട്ടറി കെ.എം. അഭിജിത്ത്.

## Article Content

**കൊയിലാണ്ടി: **വിദ്യാഭ്യാസ മന്ത്രിയെ കരിങ്കൊടി കാണിച്ച എംഎസ്എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് വിലങ്ങു വച്ച് നടുറോഡിലൂടെ കാല്‍നടയായി കൊണ്ടു പോയ സംഭവം തികച്ചും അപഹാസ്യമാണെന്നും ജനാധിപത്യ സമരങ്ങളോട് യുദ്ധം പ്രഖ്യാപിക്കുന്നത് പോലെയാണ് കൊയിലാണ്ടി പോലീസ് പെരുമാറിയതെന്നും എന്‍എസ്‌യു ദേശിയ ജനറല്‍ സെക്രട്ടറി കെ.എം. അഭിജിത്ത്.

വ്യാജ രേഖയുണ്ടാക്കി കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വെല്ലു വിളിച്ചു കടന്ന് പോകുന്ന എസ്എഫ്‌ഐ നേതാക്കളായ കെ. വിദ്യക്കും നിഖില്‍ തോമസിനും പരവതാനി വിരിക്കുന്ന പോലീസ് സംവിധാനം മറു ഭാഗത്ത് ജനാധിപത്യ മാര്‍ഗത്തില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ഏത് വിധേനയും അടിച്ചമര്‍ത്താന്‍ നോക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കൊയിലാണ്ടിയില്‍ കണ്ടതെന്നും, ഈ രീതിയില്‍ സമരങ്ങളെ ഇല്ലാതാക്കാം എന്ന് സര്‍ക്കാരും പോലീസും കരുതുന്നതെങ്കില്‍ അത് കേവലം വ്യാമോഹം മാത്രമാണെന്നും വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കാന്‍ ശക്തമായ സമരവുമായി കെഎസ്‌യു തെരുവിലിറങ്ങുമെന്നും അഭിജിത്ത് അഭിപ്രായപ്പെട്ടു.

കൊയിലാണ്ടിയില്‍ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ വിദ്യാഭ്യാസ മന്ത്രിയെ എംഎസ്എഫ് ജില്ലാ വിംഗ് കണ്‍വീനര്‍ ടി.ടി. അഫ്രിന്‍, മണ്ഡലം സെക്രട്ടറി സി. ഫസീഹ്, ശിഫാദ് ഇല്ലത്ത്, ആദില്‍ കൊയിലാണ്ടി, ഷീബില്‍, സുഹൈല്‍ എന്നിവരുടെ നേതൃത്വത്തിലാണ് കരിങ്കൊടി കാട്ടി പ്രതിഷേധിച്ചത്. ഇവരില്‍ ടി.ടി. അഫ്രിന്‍, സി. ഫസീഹ് എന്നിവരെ കൊയിലാണ്ടി പോലീസ് കൈ വിലങ്ങ് വെച്ച് വൈദ്യ പരിശോദനയ്ക്ക് കൊണ്ടുപോയതാണ് വിവാദമായിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125211/true-vision-koyilandy-the-police-action-of-harassing-the-protesting-students-is-a-travesty-km-abhijith)