---
title: " ഇനി സമഗ്ര വിദ്യാഭ്യാസ കര്‍മ്മപദ്ധതി; പദ്ധതിയ്ക്ക് നേതൃത്വം നല്‍കി കെ.എം സച്ചിന്‍ദേവ് എംഎല്‍എ"
english_title: "Now the comprehensive education curriculum; KM Sachindev MLA led the project "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/125689/now-the-comprehensive-education-curriculum-km-sachindev-mla-led-the-project"
published_at: "2023-06-28T14:24:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/649bf612758a4_education_project_logo.jpg"
keywords: []
---

#  ഇനി സമഗ്ര വിദ്യാഭ്യാസ കര്‍മ്മപദ്ധതി; പദ്ധതിയ്ക്ക് നേതൃത്വം നല്‍കി കെ.എം സച്ചിന്‍ദേവ് എംഎല്‍എ

> **Lead Summary:** **ബാലുശേരി**: ബാലുശേരി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ കര്‍മ്മ പദ്ധതിയ്ക്ക് തുടക്കമായി. കെ.എം സച്ചിന്‍ദേവ് എംഎല്‍എ പദ്ധതിയ്ക്ക് നേതൃത്വം നല്‍കി.

## Article Content

**ബാലുശേരി**: ബാലുശേരി മണ്ഡലത്തില്‍ നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ കര്‍മ്മ പദ്ധതിയ്ക്ക് തുടക്കമായി. കെ.എം സച്ചിന്‍ദേവ് എംഎല്‍എ പദ്ധതിയ്ക്ക് നേതൃത്വം നല്‍കി.

പദ്ധതിയുടെയും ഓണ്‍ലൈന്‍ സിവില്‍ സര്‍വ്വീസ് പരിശീലനത്തിന്റെയും ഉദ്ഘാടനം ജൂലായ് നാലിന് ഉള്ള്യേരി എംഡിറ്റ് കോളേജില്‍ വച്ച് ആര്‍. ബിന്ദു നിര്‍വ്വഹിക്കും.

വിദ്യാഭ്യാസ പ്രക്രിയ കൂടുതല്‍ ജനകീയമാക്കാനും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കാനും സഹായിക്കുന്ന തരത്തില്‍ ജനകീയ വിദ്യാഭ്യാസ സമിതികള്‍ രൂപീകരിക്കാനുള്ള മാര്‍ഗരേഖ തയ്യാറാക്കി.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന വാര്‍ഡ് വിദ്യാഭ്യാസ സമിതികളുടെ ആഭിമുഖ്യത്തില്‍ പ്രീ പ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസതലം വരെയുള്ള വിദ്യാര്‍ഥികളെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള സംവിധാനമൊരുക്കും.

സമഗ്രമായ രക്ഷാകര്‍തൃവിദ്യാഭ്യാസത്തിനും മണ്ഡലത്തില്‍ സംവിധാനമുറപ്പാക്കും. പ്രീ പ്രൈമറി മേഖലയില്‍ അക്കാദമിക പിന്തുണ ഉറപ്പാക്കും. ഫലപ്രദമായ സ്‌കൂള്‍ ഭരണമുറപ്പാക്കുന്നതിന് സ്ഥാപന മേധാവികള്‍ക്ക് പരിശീലനം നല്‍കും. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പിന്തുണ സംവിധാനമുറപ്പാക്കും.

മികച്ച മാതൃകകള്‍ സൃഷ്ടിക്കുന്ന വിദ്യാലയങ്ങള്‍ക്ക് പ്രത്യേക പാരിതോഷികങ്ങളും പദ്ധതി മുന്നോട്ടു വയ്ക്കുന്നു. പൊതുപരീക്ഷാ ഫലം മെച്ചപ്പെടുത്തുന്നതിന് വിജയോത്സവം പദ്ധതി മണ്ഡലാടിസ്ഥാനത്തില്‍ ഏകോപിപ്പിക്കും.

എസ്എസ്എല്‍സിക്ക് എല്ലാ വിദ്യാര്‍ഥികളും നേടുന്ന ഗ്രേഡും പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണവും പരിഗണിച്ച് മികച്ച വിദ്യാലയത്തെ കണ്ടെത്തും. ജനപ്രതിനിധികളുടെയും അധ്യാപക വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടേയും സംയുക്ത യോഗത്തില്‍ കരടു പദ്ധതിയ്ക്ക് അംഗീകാരമായി.

ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ കെ.എം സച്ചിന്‍ദേവ് എംഎല്‍എ ചടങ്ങിന് അധ്യക്ഷത വഹിച്ചു. സി.കെ. വിനോദന്‍ കരട് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത, ബാലുശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, മണ്ഡലം വികസന സമിതി കണ്‍വീനര്‍ ഇസ്മയില്‍ കുറുമ്പൊയില്‍, പി.കെ. ബാലകൃഷ്ണന്‍, കെ.കെ. ശിവദാസന്‍, ഡോ. രാമകൃഷ്ണന്‍ , ഡോ. പി. ആബിദ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/125689/now-the-comprehensive-education-curriculum-km-sachindev-mla-led-the-project)