---
title: "# Education plan l ബാലുശേരി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ കര്‍മ്മപദ്ധതി ഒരുങ്ങുന്നു; ഉദ്ഘാടനം ജൂലൈ നാലിന് "
english_title: "A comprehensive education action plan is being prepared in Balushery constituency"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/126722/a-comprehensive-education-action-plan-is-being-prepared-in-balushery-constituency"
published_at: "2023-07-02T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a13f52e5945_balusseru_edu_LG.JPG"
keywords: []
---

# # Education plan l ബാലുശേരി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ കര്‍മ്മപദ്ധതി ഒരുങ്ങുന്നു; ഉദ്ഘാടനം ജൂലൈ നാലിന് 

> **Lead Summary:** **ബാലുശേരി: **ബാലുശേരി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ കര്‍മ്മപദ്ധതിയ്ക്ക് തുടക്കമാകുന്നു. പദ്ധതിയുടെയും ഓണ്‍ലൈന്‍ സിവില്‍ സര്‍വ്വീസ് പരിശീലനത്തിന്റെയും ഉദ്ഘാടനം ഉള്ള്യേരി എംഡിറ്റ് കോളേജില്‍ ജൂലൈ നാലിന് രാവിലെ 11 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു നിര്‍വഹിക്കും. കെ.എം സച്ചിന്‍ദേവ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

## Article Content

**ബാലുശേരി: **ബാലുശേരി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ കര്‍മ്മപദ്ധതിയ്ക്ക് തുടക്കമാകുന്നു. പദ്ധതിയുടെയും ഓണ്‍ലൈന്‍ സിവില്‍ സര്‍വ്വീസ് പരിശീലനത്തിന്റെയും ഉദ്ഘാടനം ഉള്ള്യേരി എംഡിറ്റ് കോളേജില്‍ ജൂലൈ നാലിന് രാവിലെ 11 മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍ ബിന്ദു നിര്‍വഹിക്കും. കെ.എം സച്ചിന്‍ദേവ് എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

വിദ്യാഭ്യാസ പ്രക്രിയ കൂടുതല്‍ ജനകീയമാക്കാനും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കാനും സഹായിക്കുന്ന തരത്തില്‍ ജനകീയ വിദ്യാഭ്യാസ സമിതികള്‍ രൂപീകരിക്കാനുള്ള പദ്ധതിയ്ക്ക് മണ്ഡലത്തില്‍ മാര്‍ഗരേഖ തയ്യാറാക്കി കഴിഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക.

വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന വാര്‍ഡ് വിദ്യാഭ്യാസ സമിതികളുടെ ആഭിമുഖ്യത്തില്‍ പ്രീ പ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെയുള്ള വിദ്യാര്‍ഥികളെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള സംവിധാനവും ഒരുങ്ങും. സമഗ്രമായ രക്ഷാകര്‍തൃ വിദ്യാഭ്യാസത്തിനും മണ്ഡലത്തില്‍ സംവിധാനമുറപ്പാക്കും. പ്രീ പ്രൈമറി മേഖലയില്‍ അക്കാദമിക പിന്തുണ ഉറപ്പാക്കാനും പദ്ധതിയുണ്ട്. ഫലപ്രദമായ സ്‌കൂള്‍ ഭരണമുറപ്പാക്കുന്നതിന് സ്ഥാപന മേധാവികള്‍ക്ക് പരിശീലനം നല്‍കും. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പീന പിന്തുണാ സംവിധാനമുറപ്പാക്കും.

മികച്ച മാതൃകകള്‍ സൃഷ്ടിക്കുന്ന വിദ്യാലയങ്ങള്‍ക്ക് പ്രത്യേക പാരിതോഷികങ്ങളും പദ്ധതി മുന്നോട്ടു വെക്കുന്നു. പൊതു പരീക്ഷാ ഫലം മെച്ചപ്പെടുത്തുന്നതിന് വിജയോത്സവം പദ്ധതി മണ്ഡലാടിസ്ഥാനത്തില്‍ ഏകോപിപ്പിക്കും. എസ്എസ്എല്‍സിക്ക് എല്ലാ വിദ്യാര്‍ഥികളും നേടുന്ന ഗ്രേഡും പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണവും പരിഗണിച്ച് മികച്ച വിദ്യാലയത്തെ കണ്ടെത്തുകയും ചെയ്യും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/126722/a-comprehensive-education-action-plan-is-being-prepared-in-balushery-constituency)