---
title: "# Education l 'ബാക്ക്അപ്പ്'; ബാലുശേരി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ കര്‍മ്മപദ്ധതിക്ക് തുടക്കമായി "
english_title: "comprehensive education program has been launched in Balushery constituency"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/127603/comprehensive-education-program-has-been-launched-in-balushery-constituency"
published_at: "2023-07-05T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a50b29aff9f_balu_image_LG.JPG"
keywords: []
---

# # Education l 'ബാക്ക്അപ്പ്'; ബാലുശേരി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ കര്‍മ്മപദ്ധതിക്ക് തുടക്കമായി 

> **Lead Summary:** **ബാലുശേരി: **ബാലുശേരി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ കര്‍മ്മപദ്ധതി ബാക്ക്അപ്പിന് തുടക്കമായി. വിദ്യാഭ്യാസ പ്രക്രിയ കൂടുതല്‍ ജനകീയമാക്കാനും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കാനും സഹായിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുക. അധ്യാപക സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് പദ്ധതിക്ക് തുടക്കമായത്.

## Article Content

**ബാലുശേരി: **ബാലുശേരി മണ്ഡലത്തില്‍ സമഗ്ര വിദ്യാഭ്യാസ കര്‍മ്മപദ്ധതി ബാക്ക്അപ്പിന് തുടക്കമായി. വിദ്യാഭ്യാസ പ്രക്രിയ കൂടുതല്‍ ജനകീയമാക്കാനും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കാനും സഹായിക്കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുക. അധ്യാപക സമൂഹത്തിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് പദ്ധതിക്ക് തുടക്കമായത്.

ട്ട് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് സിവില്‍ സര്‍വീസും മറ്റ് ഉന്നത പരീക്ഷകളും ലക്ഷ്യമാക്കി ഓണ്‍ലൈന്‍ പരിശീലനങ്ങളും പദ്ധതിയുടെ ഭാഗമായി സാധ്യമാവും. പദ്ധതിയുടെ ഭാഗമായി ജനകീയ വിദ്യാഭ്യാസ സമിതികള്‍ രൂപീകരിക്കാനുള്ള മാര്‍ഗരേഖ തയ്യാറാക്കിക്കഴിഞ്ഞു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുക. വാര്‍ഡ് തലത്തില്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ രൂപീകരിക്കുന്ന വാര്‍ഡ് വിദ്യാഭ്യാസ സമിതികളുടെ ആഭിമുഖ്യത്തില്‍ പ്രീ പ്രൈമറി മുതല്‍ ഉന്നത വിദ്യാഭ്യാസ തലം വരെയുള്ള വിദ്യാര്‍ഥികളെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള സംവിധാനമൊരുക്കും. സമഗ്രമായ രക്ഷാകര്‍തൃ വിദ്യാഭ്യാസത്തിനും മണ്ഡലത്തില്‍ സംവിധാനമുറപ്പാക്കും.

പ്രീ പ്രൈമറി മേഖലയില്‍ അക്കാദമിക പിന്തുണ ഉറപ്പാക്കാനും പദ്ധതിയുണ്ട്. ഫലപ്രദമായ സ്‌കൂള്‍ ഭരണമുറപ്പാക്കുന്നതിന് സ്ഥാപന മേധാവികള്‍ക്ക് പരിശീലനം നല്‍കും. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പഠന പിന്തുണാ സംവിധാനം ഉറപ്പാക്കും. മികച്ച മാതൃകകള്‍ സൃഷ്ടിക്കുന്ന വിദ്യാലയങ്ങള്‍ക്ക് പ്രത്യേക പാരിതോഷികങ്ങളും പദ്ധതി മുന്നോട്ടു വെക്കുന്നു.

പൊതു പരീക്ഷാ ഫലം മെച്ചപ്പെടുത്തുന്നതിന് വിജയോത്സവം പദ്ധതി മണ്ഡലാടിസ്ഥാനത്തില്‍ ഏകോപിപ്പിക്കും. എസ് എസ് എല്‍ സി ക്ക് എല്ലാ വിദ്യാര്‍ഥികളും നേടുന്ന ഗ്രേഡും പരീക്ഷ എഴുതിയ കുട്ടികളുടെ എണ്ണവും പരിഗണിച്ച് മികച്ച വിദ്യാലയത്തെ കണ്ടെത്തുകയും ചെയ്യും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/127603/comprehensive-education-program-has-been-launched-in-balushery-constituency)