---
title: "# Epidemic l പകര്‍ച്ചവ്യാധിയെ പിടിച്ച് കെട്ടാന്‍ ഒരുങ്ങി ബാലുശ്ശേരി; ബ്‌ളോക്ക്തല കര്‍മ്മസമിതി രൂപീകരിച്ചു "
english_title: "Balussery prepared to catch fever and epidemic; A block level committee has been formed"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/127634/balussery-prepared-to-catch-fever-and-epidemic-a-block-level-committee-has-been-formed"
published_at: "2023-07-05T12:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64a51b0475144_epic_LG.jpg"
keywords: []
---

# # Epidemic l പകര്‍ച്ചവ്യാധിയെ പിടിച്ച് കെട്ടാന്‍ ഒരുങ്ങി ബാലുശ്ശേരി; ബ്‌ളോക്ക്തല കര്‍മ്മസമിതി രൂപീകരിച്ചു 

> **Lead Summary:** **ബാലുശ്ശേരി: **പകര്‍ച്ച വ്യാധിക്കെതിരെ ബാലുശ്ശേരി ബ്‌ളോക്ക്തല കര്‍മ്മസമിതി രൂപീകരിച്ചു. പകര്‍ച്ചപ്പനി വ്യാപനവും മറ്റ് പകര്‍ച്ചവ്യാധികളും മൂലം രോഗികളുടെ എണ്ണം പ്രതിദിനം കൂടുന്നത് നിയന്ത്രിക്കാനും പ്രതിരോധ നടപടികള്‍ ശക്തമാക്കാനുമാണ് കര്‍മ്മസമിതിയുടെ തീരുമാനം.

## Article Content

**ബാലുശ്ശേരി: **പകര്‍ച്ച വ്യാധിക്കെതിരെ ബാലുശ്ശേരി ബ്‌ളോക്ക്തല കര്‍മ്മസമിതി രൂപീകരിച്ചു. പകര്‍ച്ചപ്പനി വ്യാപനവും മറ്റ് പകര്‍ച്ചവ്യാധികളും മൂലം രോഗികളുടെ എണ്ണം പ്രതിദിനം കൂടുന്നത് നിയന്ത്രിക്കാനും പ്രതിരോധ നടപടികള്‍ ശക്തമാക്കാനുമാണ് കര്‍മ്മസമിതിയുടെ തീരുമാനം.

ബ്‌ളോക്ക് പഞ്ചായത്തിന് കീഴിലുള്ള ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും ഉള്ളിയേരിയിലും കൂരാച്ചുണ്ടിലുമുള്ള സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും ബ്‌ളോക്കിന് കീഴിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിലും പ്രവര്‍ത്തിക്കുന്ന എഫ്എച്ച്‌സി, പിഎച്ച്‌സി എന്നീ ആരോഗ്യ സ്ഥാപനങ്ങളില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കും. കര്‍മ്മസമിതിയില്‍ ബ്‌ളോക്ക് പ്രസിഡന്റ് വി.കെ. അനിത, ചെയര്‍പേഴ്‌സണും മെഡിക്കല്‍ ഓഫീസര്‍ ഡോ. അനൂപ് കൃഷ്ണ, കണ്‍വീനറും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാനുമായ ആലംകോട് സുരേഷ് ബാബു, ബ്‌ളോക്ക് സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, എച്ച്എസ്, എച്ച്‌ഐ മാര്‍ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകരും അംഗങ്ങളായിരിക്കും.

വയറല്‍ പനിക്ക് പുറമെ ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗങ്ങള്‍ ഒന്ന് രണ്ട് പഞ്ചായത്തുകളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു, ഇത് തദ്ദേശസ്ഥാപനങ്ങളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും മറ്റും കാര്യക്ഷമമായ ഇടപെടലിലൂടെയാണ് നിയന്ത്രണ വിധേയമാക്കിയത്. എല്ലാ പഞ്ചായത്തുകളിലും കൃത്യമായ മുന്നൊരുക്കങ്ങളാണ് ഘട്ടംഘട്ടമായി നടത്തി വരുന്നത്.

ജനങ്ങളുടെ സഹകരണത്തോട് കൂടി മാത്രമെ ഈ അപകടകരമായ സാഹചര്യം അതിജീവിക്കാന്‍ കഴിയൂ എന്ന് അവലോകന യോഗത്തില്‍ ബാലുശ്ശേരി എംഎല്‍എ അഡ്വ.കെ.എം. സച്ചിന്‍ ദേവ് പറഞ്ഞു. ആഴ്ചയില്‍ വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സ്‌കൂളൂകള്‍, മറ്റ് സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ഡ്രൈ ഡെ നിര്‍ബ്ബന്ധമായും ആചരിക്കാനും യോഗത്തില്‍ തീരുമാനമായി.

വരാനിരിക്കുന്ന ശക്തമായ മഴയും വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭവും അതോടനുബന്ധിച്ചുള്ള പ്രശ്‌നങ്ങളും മുന്‍കൂട്ടി കണ്ട് കൊണ്ട് ഒരു രക്ഷാസേനക്ക് രൂപം നല്കാനും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും ആരോഗ്യപരിപാലനത്തില്‍ അതീവ ജാഗ്രത പുലര്‍ത്താനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. അനിത അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ആലംകോട് സുരേഷ് ബാബു സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം എംഎല്‍എ അഡ്വ.കെ.എം. സച്ചിന്‍ ദേവ്, വികസന മിഷന്‍ കണ്‍വീനര്‍ ഇസ്മായില്‍ കുറുമ്പൊയില്‍, ബ്‌ളോക്ക് വൈസ് പ്രസിഡന്റ് ടി.എം. ശശി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി. അജിത, പോളി കാരിക്കട, ടി.പി. ദാമോദരന്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എം.കെ. വനജ, സെക്രട്ടറി ജോബി സാലസ്, പഞ്ചായത്ത് ആരോഗ്യ സമിതി ചെയര്‍മാന്‍മാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, എച്ച്എസ്, എച്ച്‌ഐമാര്‍ എന്നിവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/127634/balussery-prepared-to-catch-fever-and-epidemic-a-block-level-committee-has-been-formed)