കൊയിലാണ്ടി: ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ആദ്യം ആധാര്‍ സമഗ്ര ആധാര്‍ എന്റോള്‍മെന്റ് യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ ഘട്ട ക്യാമ്പുകള്‍ക്ക് ജൂലൈ 23 ന് തുടക്കമാകും. 0 മുതല്‍ 5 വയസ്സ് വരെയുള്ള കുട്ടികളെയാണ് ആദ്യ ഘട്ടത്തില്‍ കേന്ദ്രീകരിക്കുന്നത്. ജില്ലയിലുടനീളം 250 ഓളം കേന്ദ്രങ്ങളിലായി 15000 ത്തില്‍പരം ആളുകള്‍ എന്റോള്‍മെന്റ് നടത്തും.
ഇതിനകം ജില്ലാതല രജിസ്‌ട്രേഷന്‍ ഒരു ലക്ഷത്തോളമായി. തിരഞ്ഞെടുത്ത കേന്ദ്രങ്ങള്‍ ജനപ്രതിനിധികള്‍, തദ്ദേശ സ്ഥാപന വകുപ്പ് ജെ.ഡി, സബ് കലക്ടര്‍,അസിസ്റ്റന്റ് കലക്ടര്‍ ഡെപ്യൂട്ടി കലക്ടര്‍മാര്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ സന്ദര്‍ശിക്കും. ജില്ലയിലെ മുഴുവന്‍ ആളുകള്‍ക്കും ആധാര്‍ ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തില്‍ ആവിഷ്‌കരിച്ച സമഗ്ര എന്റോള്‍മെന്റ് പരിപാടിയാണ് ഭആദ്യം ആധാര്‍ഭ. ഘട്ടം ഘട്ടമായി വിവിധ സാമൂഹ്യ വിഭാഗങ്ങളെ ലക്ഷ്യമാക്കി പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് പദ്ധതി രൂപകല്‍പന ചെയ്തിട്ടുള്ളത്.
സംസ്ഥാനത്തെ തന്നെ ഏറ്റവും വിപുലമായ ആധാര്‍ എന്റോള്‍മെന്റ് യജ്ഞമാണിത്. തദ്ദേശ സ്ഥാപനത്തിലെ ഉയര്‍ന്ന രജിസ്‌ട്രേഷന്‍ രേഖപ്പെടുത്തിയ വാര്‍ഡുകളും സമീപ വാര്‍ഡുകളും പരിഗണിച്ചാണ് ക്ലസ്റ്ററുകള്‍ തിരിച്ചിട്ടുള്ളത്. ജനകീയ പങ്കാളിത്തത്തോടെ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ അധ്യക്ഷതയില്‍ രൂപീകരിച്ച ക്യാമ്പ് മാനേജ്‌മെന്റ് കമ്മിറ്റികളാണ് ക്യാമ്പുകള്‍ക്ക് നേതൃത്വം നല്‍കുക.
ഐ.ടി. മിഷന്‍ , അക്ഷയ കേന്ദ്രങ്ങള്‍, പോസ്റ്റല്‍ വകുപ്പ്, ഐ.പി.ബി.എസ്. എന്നിവര്‍ എന്റോള്‍മെന്റ് പ്രവര്‍ത്തികള്‍ക്കുള്ള സാങ്കേതിക പിന്തുണ നല്‍കും. വാര്‍ഡ് അടിസ്ഥാനപ്പെടുത്തി ആശാവര്‍ക്കര്‍, അങ്കണവാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ നടത്തിയ വിവരശേഖരണ ഘട്ടത്തില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് മുന്‍ഗണന.

പങ്കാളിത്ത പ്രവര്‍ത്തനങ്ങള്‍ക്ക് വനിതാ ശിശു വികസന വകുപ്പ്, ആരോഗ്യ വകുപ്പ്, ഐ.സി.ഡി.എസ്., അങ്കണവാടി വര്‍ക്കര്‍മാര്‍, നാഷ്‌നല്‍ ഹെല്‍ത്ത് മിഷന്‍ എന്നിവര്‍ നേതൃത്വം നല്‍കും. വിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ ക്യാമ്പ് സെന്ററുകളായി നിശ്ചയിച്ച സ്‌കൂളുകളിലെ സജ്ജീകരണങ്ങള്‍ ഉറപ്പ് വരുത്തി. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് വിവിധ വകുപ്പ് ജീവനക്കാരുടെയും ജനപ്രതിനിധികളുടെയും വിവിധ തല യോഗങ്ങള്‍ ചേര്‍ന്നു. ക്യാമ്പുകള്‍ സജ്ജമാണെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നതായും ജില്ലാ കലക്ടര്‍ എ. ഗീത അറിയിച്ചു.
Content Highlight: First Aadhaar; The first phase of the camps will begin on July 23










































