---
title: "#construction |ഏറെ കാലത്തെ സ്വപ്‌നം ഒരുങ്ങുന്നു; തോരായിക്കടവില്‍ പാലം നിര്‍മ്മാണപ്രവര്‍ത്തി ഉദ്ഘാടനം ജൂലായ് 31ന് "
english_title: "Inauguration of the bridge construction work at Thoraiyakadu on 31st July"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/132910/inauguration-of-the-bridge-construction-work-at-thoraiyakadu-on-31st-july"
published_at: "2023-07-23T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64bcc503458e3_Bridge_LG.jpg"
keywords: []
---

# #construction |ഏറെ കാലത്തെ സ്വപ്‌നം ഒരുങ്ങുന്നു; തോരായിക്കടവില്‍ പാലം നിര്‍മ്മാണപ്രവര്‍ത്തി ഉദ്ഘാടനം ജൂലായ് 31ന് 

> **Lead Summary:** **കൊയിലാണ്ടി: **അത്തോളി-ചേമഞ്ചേരി ഗ്രാമ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തോരായിക്കടവില്‍ പാലം നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. പ്രവൃത്തി ഉദ്ഘാടനം ജൂലായ് 31ന് മൂന്ന് മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കുമെന്ന് എംഎല്‍എ കാനത്തില്‍ ജമീല അറിയിച്ചു.

## Article Content

**കൊയിലാണ്ടി: **അത്തോളി-ചേമഞ്ചേരി ഗ്രാമ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തോരായിക്കടവില്‍ പാലം നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. പ്രവൃത്തി ഉദ്ഘാടനം ജൂലായ് 31ന് മൂന്ന് മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കുമെന്ന് എംഎല്‍എ കാനത്തില്‍ ജമീല അറിയിച്ചു.

കോടി രൂപ ചെലവില്‍ കിഫ്ബി പദ്ധതിയില്‍പ്പെടുത്തിയാണ് തോരായിക്കടവില്‍ പാലം നിര്‍മ്മിക്കുന്നത്. 265 മീറ്റര്‍ നീളത്തിലും 11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുക. അകലാപ്പുഴ ദേശീയ ജലപാതയായി പ്രഖ്യാപിച്ചതിനാല്‍ ജലയാനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയുന്ന രൂപത്തില്‍ ആര്‍ച്ചു രൂപത്തിലാണ് പാലം നിര്‍മ്മിക്കുക.

പുഴയുടെ മധ്യ ഭാഗത്ത് 55 മീറ്റര്‍ നീളത്തിലായിരിക്കും തൂണുകള്‍ ഉണ്ടാവുക. ജലവിതാനത്തില്‍ നിന്നും ആറ് മീറ്റര്‍ ഉയരത്തിലായിരിക്കും പാലം. ബോ സ്ട്രിംഗ് ആര്‍ച്ച് രൂപത്തിലാണ് പാലത്തിന്റെ രൂപകല്‍പന. 18 മാസമാണ് പാലത്തിന്റെ നിര്‍മ്മാണ കാലയളവ് കണക്കാക്കുന്നത്. മഞ്ചേരി ആസ്ഥാനമായുള്ള പിഎംആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മ്മാണ കരാര്‍ നല്‍കിയിട്ടുള്ളത്. കേരള പൊതുമരാമത്ത് വകുപ്പ്, കേരള റോഡ് ഫണ്ട് ബോര്‍ഡ്, പിഎംയു യൂണിറ്റിനാണ് നിര്‍മ്മാണ മേല്‍നോട്ട് ചുമതല.

പാലത്തിന്റെ സമീപ റോഡിനായി സ്വകാര്യ വ്യക്തികള്‍ നേരത്തെ തന്നെ സ്ഥലം വിട്ടു കൊടുക്കാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടിന്നൊണ് വിവരം. പൂക്കാട്, കാഞ്ഞിലശ്ശേരി, തോരായിക്കടവിലേക്ക് നല്ല നിലവാരത്തിലുളള റോഡ് നിലവിലുണ്ട്.

മുമ്പ് എട്ട് ബസ്സുകള്‍ തോരായിക്കടവിലേക്ക് സര്‍വ്വീസ് നടത്തിയിരുന്നു. ഇപ്പോള്‍ ഒരെണ്ണമെയുളളു. തോരായിക്കടവിലേക്ക് പെര്‍മ്മിറ്റെടുത്ത ബസ്സുകള്‍ ഇവിടുത്തേക്ക് വരാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പാലം വരുന്നതോടെ പൂക്കാട്, തോരായിക്കടവ്, കൊടശ്ശേരി, അത്തോളി ഭാഗത്തേക്ക് കൂടുതല്‍ ബസ്സുകള്‍ ഓടിത്തുടങ്ങുമെന്നാണ് പ്രതീക്ഷ.

അത്തോളിയില്‍ നിന്ന് ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാടിലേക്കുളള എളുപ്പമാര്‍ഗ്ഗമാണിത്. നിലവില്‍ കടത്തു തോണി മാത്രമാണ് തോരായിക്കടവ് കടക്കാന്‍ യാത്രക്കാര്‍ ആശ്രയിക്കുന്നത്

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/132910/inauguration-of-the-bridge-construction-work-at-thoraiyakadu-on-31st-july)