---
title: "ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗര്‍ഭ ശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങി"
english_title: "#first #underground #crematorium in #South #India is about to be #inaugurated"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133342/first-underground-crematorium-in-south-india-is-about-to-be-inaugurated"
published_at: "2023-07-24T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64be66bc67cf5_fun_copy.jpg"
keywords: []
---

# ദക്ഷിണേന്ത്യയിലെ ആദ്യ ഭൂഗര്‍ഭ ശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങി

> **Lead Summary:** ഉള്ള്യേരി: പൊതു ശ്മശാനങ്ങളെക്കുറിച്ചുള്ള പതിവ് സങ്കല്പങ്ങളെ മാറ്റിമറിക്കുന്ന പ്രശാന്തി ഗാര്‍ഡന്‍ ശ്മശാനം ഉദ്ഘാടനത്തിന് ഒരുങ്ങി. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ ഭൂഗര്‍ഭ ഗ്യാസ് ക്രിമറ്റോറിയമാണിത്. ഉള്ളിയേരി പഞ്ചായത്തിലെ പാലോറ കാരക്കാട്ട് കുന്നില്‍ 2.6 ഏക്കര്‍ സ്ഥലത്താണ് പ്രശാന്തി ഗാര്‍ഡന്‍ നിര്‍മ്മിച്ചത്.

## Article Content

ഉള്ള്യേരി: പൊതു ശ്മശാനങ്ങളെക്കുറിച്ചുള്ള പതിവ് സങ്കല്പങ്ങളെ മാറ്റിമറിക്കുന്ന പ്രശാന്തി ഗാര്‍ഡന്‍ ശ്മശാനം ഉദ്ഘാടനത്തിന് ഒരുങ്ങി. ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ ഭൂഗര്‍ഭ ഗ്യാസ് ക്രിമറ്റോറിയമാണിത്. ഉള്ളിയേരി പഞ്ചായത്തിലെ പാലോറ കാരക്കാട്ട് കുന്നില്‍ 2.6 ഏക്കര്‍ സ്ഥലത്താണ് പ്രശാന്തി ഗാര്‍ഡന്‍ നിര്‍മ്മിച്ചത്.

മറ്റ് ശ്മശാനങ്ങളില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് പ്രശാന്തി ഗാര്‍ഡന്‍ മോഡല്‍ ശ്മശാനം ഒരുങ്ങിയത്. മുന്‍ എം.എല്‍.എ പുരുഷന്‍ കടലുണ്ടിയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 4.25 കോടി രൂപയും കെ എം സച്ചിന്‍ ദേവ് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ 27 ലക്ഷത്തിലേറെ രൂപയും ചെലവഴിച്ചാണ് ശ്മശാനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

സ്മൃതിവനങ്ങള്‍, പൊതുദര്‍ശനത്തിന് വെക്കാനുള്ള സൗകര്യം, ഉദ്യാനങ്ങള്‍, കാരക്കാട്ട്ക്കുന്ന് മലയില്‍ നിന്നുള്ള പ്രകൃതി മനോഹര കാഴ്ചകള്‍ എന്നിവയാണ് ശ്മശാനത്തെ വ്യത്യസ്തമാക്കുന്നത്. കാരക്കാട്ട്കുന്ന് മലയിലെ മരങ്ങളും ഭൂപ്രകൃതിയും അതേപടി നിലനിര്‍ത്തിയാണ് നിര്‍മ്മാണം നടത്തിയത്.

മല തുരന്ന് ഉണ്ടാക്കിയ പ്രകൃതി സൗഹൃദ മാതൃകാ ശ്മശാനം കാഴ്ചയിലും വ്യത്യസ്തമാണ്. ഉദ്യാനം, ഇടവഴികള്‍, വായനമുറികള്‍, വിശ്രമ ഇരിപ്പിടങ്ങള്‍ തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ ഉണ്ടാവും. പ്രകൃതിയുടെ തനത് ഘടന മാറ്റാതെ ഭൂമിക്കടിയിലായാണ് ഇത് നിര്‍മ്മിച്ചത്. ബാലുശ്ശേരി മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകള്‍ക്കും ശ്മശാനം ഉപയോഗിക്കാന്‍ കഴിയും. ഉള്ളിയേരി സംസ്ഥാനപാതയില്‍ പാലോറയില്‍നിന്ന് ഏകദേശം 700 മീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ശ്മശാനത്തില്‍ എത്തിച്ചേരാം.

ഒരേസമയം രണ്ടു മൃതദേഹം ദഹിപ്പിക്കുന്നതിനുള്ള സൗകര്യമുണ്ട്. മൊബൈല്‍ മോര്‍ച്ചറി, ആംബുലന്‍സ്, മരണാനന്തര ചടങ്ങുകള്‍ നടത്താനുള്ള വിവിധ സൗകര്യങ്ങള്‍ എന്നിവയുമുണ്ട്. കുളിക്കുന്നതിനും കര്‍മങ്ങള്‍ ചെയ്യുന്നതിനും ഭസ്മം ശേഖരിക്കുന്നതിനും നിമജ്ജനത്തിന് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര നടത്തുന്നതിനും പ്രത്യേക സൗകര്യമുണ്ടായിരിക്കും.

ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവും ആണ് ഇവിടെ സംസ്‌കാര ചടങ്ങുകള്‍. ഒന്നുമുതല്‍ ഒന്നര മണിക്കൂറിനകം സംസ്‌കാരം പൂര്‍ത്തിയാകും. ട്രോളിയിലൂടെ ചൂളയില്‍ വയ്ക്കുന്ന മൃതദേഹം സംസ്‌കരിക്കുമ്പോള്‍ ഉണ്ടാകുന്ന പുക ശുദ്ധീകരിച്ചാണ് മലയ്ക്കു മുകളിലെ 30 മീറ്റര്‍ ഉയരമുള്ള കുഴലിലൂടെ പുറത്തു വിടുക. അതിനാല്‍ തന്നെ ദുര്‍ഗന്ധം ഉണ്ടാവുകയുമില്ല. 15 മുതല്‍ 18 കിലോഗ്രാം പാചകവാതകമാണ് ഒരു മൃതദേഹം സംസ്‌കരിക്കാന്‍ ആവശ്യം വരിക.

ശ്മശാനത്തിന്റെ ഉദ്ഘാടനം ജൂലൈ 25ന് 12 മണിക്ക് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. അഡ്വ.കെ.എം സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷത വഹിക്കും.

ഓഫീസ് ഉദ്ഘാടനം മുൻ എം എൽ എ പുരുഷൻ കടലുണ്ടിയും നിർവ്വഹിക്കും. ജില്ല കലക്ടർ എ. ഗീത, തദ്ദേശ സ്വയം ഭരണ അസിസ്റ്റന്റ് ഡയറക്ടർ എം. ഗൗതമൻ എന്നിവർ മുഖ്യാതിഥികളാവും.

ആര്‍ക്കിടെക്ട് വിനോദ് സിറിയക്കാണ് ശ്മശാനത്തിന്റെ രൂപകല്പന ചെയ്തത്. യുഎല്‍സിസിഎസാണ് നിര്‍മാണച്ചുമതല നിര്‍വഹിച്ചത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133342/first-underground-crematorium-in-south-india-is-about-to-be-inaugurated)