---
title: "#Crematorium | ഉറ്റവര്‍ക്ക് അന്ത്യനിദ്രയൊരുക്കാന്‍ പ്രശാന്തി ഗാര്‍ഡന്‍ ശ്മശാനം ഒരുങ്ങി"
english_title: "#Prashanti #Garden #Crematorium is #ready to #give the last#rites to the #lovedones"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/133754/prashanti-garden-crematorium-is-ready-to-give-the-lastrites-to-the-lovedones"
published_at: "2023-07-26T10:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c0a553e9bd9_SMASANAM_LOGO.jpg"
keywords: []
---

# #Crematorium | ഉറ്റവര്‍ക്ക് അന്ത്യനിദ്രയൊരുക്കാന്‍ പ്രശാന്തി ഗാര്‍ഡന്‍ ശ്മശാനം ഒരുങ്ങി

> **Lead Summary:** **ഉള്ളിയേരി**: സാമ്പ്രദായിക സങ്കല്‍പ്പങ്ങളെ തിരുത്തിയെഴുതുന്ന പ്രശാന്തി ഗാര്‍ഡന്‍ മോഡല്‍ ശ്മശാനം കേരളത്തിനാകെ മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്.

## Article Content

**ഉള്ളിയേരി**: സാമ്പ്രദായിക സങ്കല്‍പ്പങ്ങളെ തിരുത്തിയെഴുതുന്ന പ്രശാന്തി ഗാര്‍ഡന്‍ മോഡല്‍ ശ്മശാനം കേരളത്തിനാകെ മാതൃകയാണെന്ന് തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്.

ദക്ഷിണേന്ത്യയിലെ തന്നെ ആദ്യ ഭൂഗര്‍ഭ ഗ്യാസ് ക്രിമിറ്റോറിയമായ പ്രശാന്തി ഗാര്‍ഡന്‍ ശ്മശാനം ഉള്ളിയേരി പഞ്ചായത്തിലെ പാലോറ കാരക്കാട്ട് കുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

മികച്ച രീതിയിലുള്ള മരണാനന്തര ചടങ്ങുകള്‍ ഓരോരുത്തരുടെയും അവകാശമാണ്. ഇത്തരത്തില്‍ ആധുനിക രീതിയിലുള്ള ശ്മശാനങ്ങള്‍ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ദൈനംദിനം നമ്മള്‍ സൃഷ്ടിക്കുന്ന മാലിന്യവും ശാസ്ത്രീയമായി തന്നെ സംസ്‌കരിക്കണം.

വൃത്തിയുള്ള തെരുവുകളും നഗരങ്ങളുമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. മാലിന്യം പൊതു ഇടങ്ങളില്‍ വലിച്ചെറിയുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാനുള്ള യജ്ഞത്തില്‍ എല്ലാവരും പങ്കാളികളാകണം.

മാലിന്യമുക്ത കേരളത്തെ പടുത്തുയര്‍ത്താന്‍ സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരാന്‍ പോവുകയാണെന്നും മന്ത്രി പറഞ്ഞു. മാലിന്യങ്ങള്‍ തരംതിരിച്ച് വൃത്തിയാക്കി ഹരിതകര്‍മ്മ സേനക്ക് നല്‍കണം.

ഒരു വര്‍ഷം കൊണ്ട് കേരളത്തെ സമ്പൂര്‍ണ്ണ ശുചിത്വ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കെ.എം. സച്ചിന്‍ ദേവ് എംഎല്‍എ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ഉള്ളിയേരി പഞ്ചായത്തിലെ പാലോറ കാരക്കാട്ട് കുന്നില്‍ 2.6 ഏക്കര്‍ സ്ഥലത്താണ് ശ്മശാനം നിര്‍മ്മിച്ചത്.

അഞ്ച് കോടി രൂപ ചെലവഴിച്ചാണ് കാരക്കാട്ടുമീത്തല്‍ മലയില്‍ ശ്മശാനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. മുന്‍ എം.എല്‍.എ പുരുഷന്‍ കടലുണ്ടിയുടെ ആസ്തിവികസന ഫണ്ടില്‍നിന്ന് 4.25 കോടിയും കെ.എം സച്ചിന്‍ ദേവ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപയും ഗ്രാമപഞ്ചായത്തിന്റെ 27 ലക്ഷത്തിലേറെ രൂപയും ചെലവഴിച്ചാണ് ശ്മശാനത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

ശ്മശാനത്തിന്റെ ഓഫീസ് ഉദ്ഘാടനം മുന്‍ എംഎല്‍എ പുരുഷന്‍ കടലുണ്ടി നിര്‍വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് അസി. ഡയറക്ടര്‍ എം. ഗൗതമന്‍ മുഖ്യാതിഥി ആയിരുന്നു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത ഉപഹാര സമര്‍പ്പണം നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ വി.എം കുട്ടികൃഷ്ണന്‍, ടി.പി ദാമോദരന്‍, ഉളളിയേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം ബാലരാമന്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉള്ളിയേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. അജിത സ്വാഗതവും സെക്രട്ടറി പി രജനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/133754/prashanti-garden-crematorium-is-ready-to-give-the-lastrites-to-the-lovedones)