കൊയിലാണ്ടി: തീരദേശ മേഖലയിലെ സമഗ്ര വികസനം ലക്ഷ്യംവെച്ചുള്ള വൈജ്ഞാനിക തൊഴില്‍ പദ്ധതിയായ തൊഴില്‍തീരം പദ്ധതി ജില്ലയിലെ ആറ് മണ്ഡലങ്ങളില്‍ നടപ്പാക്കുന്നു. നേരത്തെ ബേപ്പൂര്‍ നിയോജക മണ്ഡലം മാത്രമായിരുന്നു പദ്ധതിക്കായി തെരഞ്ഞെടുത്തിരുന്നത്.
കോഴിക്കോട് സൗത്ത്, നോര്‍ത്ത്, എലത്തൂര്‍, കൊയിലാണ്ടി, വടകര എന്നീ മണ്ഡലങ്ങളിലും പദ്ധതി നടപ്പിലാക്കും. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട തൊഴിലന്വേഷകര്‍ക്കായി കേരള നോളജ് ഇക്കോണമി മിഷന്‍ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ നടത്തുന്ന പ്രത്യേക തൊഴില്‍ പദ്ധതിയാണ് തൊഴില്‍തീരം. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വരുമാനവര്‍ധനയും സാംസ്‌കാരിക-വിദ്യാഭ്യാസ ഉയര്‍ച്ചയുമാണ് പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാനത്തെ 46 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. മത്സ്യത്തൊഴിലാളി വിഭാഗത്തിലെ 18നും 40നും ഇടയിലെ പ്ലസ് ടു മുതല്‍ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികളെ കണ്ടെത്തി തൊഴില്‍ ലഭ്യത ഉറപ്പുവരുത്തും. നോളജ് മിഷന്റെ ഡി.ഡബ്ല്യൂ.എം.എസ് പ്ലാറ്റ്‌ഫോമില്‍ രജിസ്റ്റര്‍ ചെയ്തവരും രജിസ്റ്റര്‍ ചെയ്യാന്‍ ബാക്കിയുള്ളവരുമായ മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് വിവിധ സേവനങ്ങള്‍ നല്‍കി പ്രത്യേക നൈപുണ്യവും തൊഴില്‍ പരിശീലനവും ഉറപ്പാക്കും. തുടര്‍ന്ന് ജില്ലാതല തൊഴില്‍മേളകള്‍ സംഘടിപ്പിച്ച് തൊഴില്‍ അവസരം ഒരുക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
മത്സ്യബന്ധന മേഖലയിലെ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗത്വമുള്ള കുടുംബാംഗങ്ങളും ഉള്‍നാടന്‍ മത്സ്യബന്ധന ഗ്രാമങ്ങളിലുള്ളവരുമാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. തൊഴില്‍ത്തീരം പദ്ധതിയിലൂടെ സ്വകാര്യമേഖല, റിമോട്ട്, ഹൈബ്രിഡ്, എം എസ് എം ഇ, സ്റ്റാര്‍ട്ടപ്പ്, പാര്‍ട്ട് ടൈം, പ്രൊജക്ടുകള്‍, ഫ്രീലാന്‍സ് തുടങ്ങിയ മേഖലകളില്‍ പ്രാവീണ്യവും ജോലിയുമാണ് നല്‍കുന്നത്.
Content Highlight: true vision koyilandy Work Coastal Project aimed at comprehensive development of the coastal zone of the district










































