---
title: "#koyilandy | ലഹരിയോട് 'നോ' പറയാന്‍ 'ഉയരെ' "
english_title: "true vision koyilandy say 'no' to addiction of drugs"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135551/true-vision-koyilandy-say-no-to-addiction-of-drugs"
published_at: "2023-08-01T13:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8bd387b0ad_drugs_LG.JPG"
keywords: []
---

# #koyilandy | ലഹരിയോട് 'നോ' പറയാന്‍ 'ഉയരെ' 

> **Lead Summary:** **കൊയിലാണ്ടി: **വിദ്യാലയങ്ങളെ ലഹരി മുക്തമാക്കാന്‍ ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേര്‍ന്ന് നടപ്പാക്കുന്ന 'ഉയരെ' പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ സജീവമായി പുരോഗമിക്കുന്നു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 2023 ജൂണ്‍ 26നാണ് 'ഉയരെ' പദ്ധതിക്ക് തുടക്കമായത്.

## Article Content

**കൊയിലാണ്ടി: **വിദ്യാലയങ്ങളെ ലഹരി മുക്തമാക്കാന്‍ ആരോഗ്യ വകുപ്പും ദേശീയ ആരോഗ്യ ദൗത്യവും ചേര്‍ന്ന് നടപ്പാക്കുന്ന 'ഉയരെ' പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ സജീവമായി പുരോഗമിക്കുന്നു. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് 2023 ജൂണ്‍ 26നാണ് 'ഉയരെ' പദ്ധതിക്ക് തുടക്കമായത്.

വിദ്യാലയങ്ങളില്‍ ലഹരി വിമുക്തമാക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുക, ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിമുക്ത വിദ്യാലയമായി പ്രഖ്യാപിക്കുക എന്നതാണ് ഉയരെ പദ്ധതിയുടെ ലക്ഷ്യം. വിദ്യാലയങ്ങളിലും പരിസരങ്ങളിലും പുകയില നിയന്ത്രണം ലക്ഷ്യമിട്ട് ക്യാമ്പയിന്‍ അടക്കം നിരവധി പ്രവര്‍ത്തനങ്ങളാണ് ഉയരെ പദ്ധതിയുടെ കീഴില്‍ ജില്ലയില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്നത്.

ജില്ലയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, പിആര്‍ഒ എന്‍എച്ച്എം, ആര്‍ബിഎസ്‌കെ നേഴ്‌സ്, എന്‍ടിസിപി സോഷ്യല്‍ വര്‍ക്കര്‍ എന്നിവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി. പരിശീലനം കിട്ടിയ ജീവനക്കാര്‍ ബ്ലോക്ക് തലത്തില്‍ സാമൂഹികനീതി വകുപ്പിന് കീഴിലുള്ള സ്‌കൂള്‍ കൗണ്‍സിലര്‍മാര്‍, മോഡല്‍ ടീച്ചര്‍സ്, പി.ആര്‍.ഐ മെമ്പേഴ്‌സ് തുടങ്ങിയവര്‍ക്ക് പരിശീലനം നല്‍കും. പിന്നീട് സ്‌കൂളുകളില്‍ തിരഞ്ഞെടുത്തിട്ടുള്ള പിയര്‍ എജുകേറ്റേഴ്‌സിന്റെ സഹകരണത്തോടു കൂടി സ്‌കൂളുകളില്‍ ബോധവല്‍ക്കരണ ക്ലാസ്സുകളും,

ലഹരി ഉപയോഗത്തിന്റെ തീവ്രതയും പ്രത്യാഘാതങ്ങളും മനസ്സിലാക്കാന്‍ തക്കവണ്ണം അസെര്‍റ്റീവ് ക്ലാസുകളും സംഘടിപ്പിക്കും. കൂടാതെ, വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കുവാന്‍ വേണ്ടിയുള്ള ലഹരി വിമുക്ത പദ്ധതികളും സംഘടിപ്പിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135551/true-vision-koyilandy-say-no-to-addiction-of-drugs)