---
title: "#Pignuisance | പന്നിശല്യം; അര്‍ദ്ധരാത്രി വീട്ടുവളപ്പിലും കൃഷിസ്ഥലത്തും നാശനഷ്ടമുണ്ടാക്കി പന്നിക്കൂട്ടം"
english_title: "#Pignuisance; herd of #pigs caused #damage the #House and #farm in the #middlenight"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135589/pignuisance-herd-of-pigs-caused-damage-the-house-and-farm-in-the-middlenight"
published_at: "2023-08-01T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64c8d2ac932b3_PIG_SALLYAM_LOGO.JPG"
keywords: []
---

# #Pignuisance | പന്നിശല്യം; അര്‍ദ്ധരാത്രി വീട്ടുവളപ്പിലും കൃഷിസ്ഥലത്തും നാശനഷ്ടമുണ്ടാക്കി പന്നിക്കൂട്ടം

> **Lead Summary:** **എകരൂല്‍**: ഉണ്ണികുളം പഞ്ചായത്തിലെ ജനവാസ മേഖലകളില്‍ പന്നിശല്യം രൂക്ഷം. അര്‍ദ്ധരാത്രി വീട്ടുവളപ്പിലും കൃഷിസ്ഥലത്തും എത്തുന്ന പന്നിക്കൂട്ടം കണ്ണില്‍ കാണുന്നതെല്ലാം കുത്തിമലര്‍ത്തുന്നു.

## Article Content

**എകരൂല്‍**: ഉണ്ണികുളം പഞ്ചായത്തിലെ ജനവാസ മേഖലകളില്‍ പന്നിശല്യം രൂക്ഷം. അര്‍ദ്ധരാത്രി വീട്ടുവളപ്പിലും കൃഷിസ്ഥലത്തും എത്തുന്ന പന്നിക്കൂട്ടം കണ്ണില്‍ കാണുന്നതെല്ലാം കുത്തിമലര്‍ത്തുന്നു.

ഉണ്ണികുളം പഞ്ചായത്തിലെ എകരൂല്‍, കരുമല, ഇയ്യാട് എന്നിവിടങ്ങളിലാണ് കാട്ടുപന്നി ശല്യം കൂടിയിരിക്കുന്നത്. പന്നിക്കൂട്ടത്തെ പേടിച്ച് കൃഷി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. രാത്രികാലങ്ങളില്‍ ഇരുചക്രവാഹന യാത്രക്കാരെ ആക്രമിക്കുന്നതും പതിവാകുന്നു.

കഴിഞ്ഞദിവസം ഇയ്യാട് കുയ്യൊടിയില്‍ മനാഫിന്റെ നെല്യാറ്റില്‍ വയലിലെ വാഴകൃഷിയാണ് പന്നികള്‍ കൂട്ടമായെത്തി നശിപ്പിച്ചത്. 50ഓളം വാഴകള്‍ പൂര്‍ണമായും നശിച്ചു. അതിരുകളില്‍ വലകെട്ടി സംരക്ഷിച്ച കൃഷിയിടത്തിലാണ് വല പൊട്ടിച്ച് പന്നിക്കൂട്ടം കൃഷി നശിപ്പിച്ചത്.

മരച്ചീനി, ചേന, ചേമ്പ്, തെങ്ങിന്‍തൈ തുടങ്ങിയവയും നശിപ്പിക്കാന്‍ തുടങ്ങിയതോടെ വന്‍നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാവുന്നത്. പന്നിശല്യം നിയന്ത്രിക്കാന്‍ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135589/pignuisance-herd-of-pigs-caused-damage-the-house-and-farm-in-the-middlenight)