---
title: "#koyilandy | തോരായി കടവ് പാലം പ്രവൃത്തി ഉദ്ഘാടനം നാളെ "
english_title: "true vision koyilandy therayi kadavu palam ingration on tommorow"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/135989/true-vision-koyilandy-therayi-kadavu-palam-ingration-on-tommorow"
published_at: "2023-08-02T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ca7be615a40_therayikadav_Lg.JPG"
keywords: []
---

# #koyilandy | തോരായി കടവ് പാലം പ്രവൃത്തി ഉദ്ഘാടനം നാളെ 

> **Lead Summary:** **കൊയിലാണ്ടി: **കൊയിലാണ്ടി നിയോജക മണ്ഡലത്തെയും ബാലുശ്ശേരി നിയോജക മണ്ഡലത്തെയും ബന്ധിപ്പിക്കുന്ന തോരായി കടവ് പാലം പ്രവൃത്തി ഉദ്ഘാടനം നാളെ (ആഗസ്റ്റ് 3) പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. രാവിലെ പത്തു മണിക്ക് തോരായി കടവില്‍ നടക്കുന്ന ചടങ്ങില്‍ കാനത്തില്‍ ജമീല എംഎല്‍എ അധ്യക്ഷത വഹിക്കും.

## Article Content

**കൊയിലാണ്ടി: **കൊയിലാണ്ടി നിയോജക മണ്ഡലത്തെയും ബാലുശ്ശേരി നിയോജക മണ്ഡലത്തെയും ബന്ധിപ്പിക്കുന്ന തോരായി കടവ് പാലം പ്രവൃത്തി ഉദ്ഘാടനം നാളെ (ആഗസ്റ്റ് 3) പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. രാവിലെ പത്തു മണിക്ക് തോരായി കടവില്‍ നടക്കുന്ന ചടങ്ങില്‍ കാനത്തില്‍ ജമീല എംഎല്‍എ അധ്യക്ഷത വഹിക്കും.

ചടങ്ങില്‍ എംപി മാരായ കെ. മുരളീധരന്‍, എം.കെ. രാഘവന്‍, കെ.എം. സച്ചിന്‍ ദേവ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. അത്തോളി, പൂക്കാട് നിവാസികളുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു തോരായി കടവ് പാലം.

അകലാപ്പുഴയ്ക്ക് കുറുകെ ചേമഞ്ചേരി, അത്തോളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോരായി കടവ് പാലം 23.82 കോടി രൂപ ചെലവില്‍ കിഫ്ബി സഹായത്തോടെയാണ് നിര്‍മ്മിക്കുന്നത്. 265 മീറ്റര്‍ നീളത്തിലും11 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മ്മിക്കുക.

ദേശീയ ജലപാതയ്ക്ക് കുറുകെയായതിനാല്‍ പാലത്തിന്റെ നടുവിലായി ജലയാനങ്ങള്‍ക്ക് കടന്നുപോകാന്‍ 55 മീറ്റര്‍ നീളത്തിലും ജലവിതാനത്തില്‍ നിന്ന് ആറ് മീറ്റര്‍ ഉയരത്തിലുമായി ബോ സ്ട്രിങ് ആര്‍ച്ച് രൂപത്തിലാണ് പാലത്തിന്റെ രൂപകല്‍പന.18 മാസമാണ് പാലത്തിന്റെ നിര്‍മ്മാണ കാലയളവ്.

മഞ്ചേരി ആസ്ഥാനമായുള്ള പി എം ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് നിര്‍മ്മാണ കരാര്‍ നല്‍കിയിട്ടുള്ളത്. കേരള പൊതുമരാമത്ത് വകുപ്പ് കേരള റോഡ് ഫണ്ട് ബോര്‍ഡ് പി എം യു യൂണിറ്റിനാണ് നിര്‍മ്മാണത്തിന്റെ മേല്‍നോട്ട ചുമതല.

പാലം യാഥാര്‍ഥ്യമാകുന്നതോടെ അത്തോളി, ബാലുശ്ശേരി ഭാഗങ്ങളില്‍ നിന്നും നേരിട്ട് പൂക്കാട് എത്താന്‍ സാധിക്കും. കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുള്ളവര്‍ക്ക് എത്തിച്ചേരാനും എളുപ്പമാകും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/135989/true-vision-koyilandy-therayi-kadavu-palam-ingration-on-tommorow)