---
title: "#Festival | ഒന്‍പതാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് തുടക്കം"
english_title: " #9th #Malabar #River #Festival #begins"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136608/9th-malabar-river-festival-begins"
published_at: "2023-08-05T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64cdd880932ad_feastival_logo.JPG"
keywords: []
---

# #Festival | ഒന്‍പതാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് തുടക്കം

> **Lead Summary:** **കോഴിക്കോട്**: അടുത്ത വര്‍ഷം മുതല്‍ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ നടത്തിപ്പില്‍ ടൂറിസം വകുപ്പിനൊപ്പം കായിക വകുപ്പിന്റെ കൂടി പങ്കാളിത്തമുണ്ടാകുന്ന കാര്യം പരിഗണിക്കാമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍.

## Article Content

**കോഴിക്കോട്**: അടുത്ത വര്‍ഷം മുതല്‍ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ നടത്തിപ്പില്‍ ടൂറിസം വകുപ്പിനൊപ്പം കായിക വകുപ്പിന്റെ കൂടി പങ്കാളിത്തമുണ്ടാകുന്ന കാര്യം പരിഗണിക്കാമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍.

പുലിക്കയത്ത് ഒന്‍പതാമത് രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മലബാര്‍ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍.

കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. വൈറ്റ് വാട്ടര്‍ കയാക്കിങ്ങിനെ കായികയിനമാക്കണമെന്ന ആവശ്യം പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.

സ്റ്റേഡിയം, കളിക്കളങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 1500 കോടി രൂപ സര്‍ക്കാര്‍ മുതല്‍ മുടക്കിയിട്ടുണ്ട്. കായിക മേഖലയില്‍ 40,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപവുമുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കായിക നയത്തിന്റെ ഭാഗമായി സ്‌കൂള്‍ തലത്തില്‍ എന്ന പോലെ കോളേജ്, യൂണിവേഴ്‌സിറ്റി തലങ്ങളിലും കായിക വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതിയ കോഴ്‌സുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്നും മന്ത്രി പറഞ്ഞു.

ലഹരിക്ക് അടിമകളാകുന്ന തലമുറയല്ല, കായികരംഗത്തെ വളര്‍ച്ചയ്ക്ക് കാരണമാകുന്ന ആരോഗ്യമുള്ള പുതു തലമുറയാണ് നമുക്ക് വേണ്ടതെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ സെന്റ് ജോര്‍ജ് ഹാന്‍ഡ് ബോള്‍ അക്കാദമിയുടെ ജേഴ്സി മന്ത്രി പ്രകാശനം ചെയ്തു. ലിന്റോ ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിസന്റ് മേഴ്‌സി പുളിക്കാട്ടില്‍, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിന്ന അശോകന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റോയി കുന്നപ്പിള്ളി, അംഗങ്ങളായ സുസന്‍ വര്‍ഗീസ് കോഴപ്ലാക്കല്‍, ചാള്‍സ് തയ്യില്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം പി.ടി അഗസ്റ്റില്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കേരള അഡ്വഞ്ചര്‍ ടൂറിസം സി ഇ ഒ ബിനു കുര്യാക്കോസ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് ഷൈന്‍ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136608/9th-malabar-river-festival-begins)