---
title: "#atholi | അത്തോളി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരംഭിച്ചു"
english_title: " Atholi Govt: Meteorological Center started in Higher Secondary School"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136712/atholi-govt-meteorological-center-started-in-higher-secondary-school"
published_at: "2023-08-05T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce1a252466a_kala_copy.jpg"
keywords: []
---

# #atholi | അത്തോളി ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരംഭിച്ചു

> **Lead Summary:** **അത്തോളി: **പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം പന്തലായിനി ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അത്തോളിയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരംഭിച്ചു.

## Article Content

**അത്തോളി: **പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം പന്തലായിനി ബിആര്‍സിയുടെ ആഭിമുഖ്യത്തില്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അത്തോളിയില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആരംഭിച്ചു.

കേന്ദ്രത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിര്‍വ്വഹിച്ചു. അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാജന്‍ അധ്യക്ഷത വഹിച്ചു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു സുരേഷ് മുഖ്യാതിഥിയായി. സമഗ്ര ശിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അനുവദിച്ച ഫണ്ട് ഉപയോഗപ്പെടുത്തിയാണ് സ്‌കൂളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്.

കുട്ടികള്‍ക്ക് ശാസ്ത്രീയ ഉപകരണങ്ങളുടെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ തങ്ങളുടെ പ്രദേശത്തെ കാലാവസ്ഥയും ദിനാന്തരീക്ഷ സ്ഥിതിയും മനസ്സിലാക്കാന്‍ സാധ്യമാക്കുക എന്നതാണ് വെതര്‍ സ്റ്റേഷന്‍ സ്ഥാപിച്ചതിലൂടെ ലക്ഷ്യമിടുന്നത്.

അന്തരീക്ഷ ഊഷ്മാവ്, അന്തരീക്ഷ ആര്‍ദ്രത, കാറ്റിന്റെ ദിശയും വേഗവും, മഴയുടെ അളവ് എന്നീ കാലാവസ്ഥ ഘടകങ്ങളും വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം രേഖപ്പെടുത്താനുള്ള സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.

പ്രാദേശിക കാലാവസ്ഥ പ്രവചന സംവിധാനത്തിലൂടെ പ്രദേശത്തെ കാലാവസ്ഥ കുട്ടികള്‍ക്ക് നിരന്തരം നിരീക്ഷിക്കാനും രേഖപ്പെടുത്താനും സാധിക്കും.

പന്തലായനി ബി ആര്‍ സി യുടെ കീഴില്‍ രണ്ട് സ്‌കൂളുകളിലാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്.

സമഗ്ര ശിക്ഷ കേരളം ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍ ഡോ. എ.കെ അബ്ദുല്‍ ഹക്കീം പദ്ധതി വിശദീകരണം നടത്തി.

പന്തലായനി ബിപിസി കെ ഉണ്ണികൃഷ്ണന്‍, അത്തോളി ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക സുഹറ പി.പി, വി എച്ച് എസ് ഇ പ്രിന്‍സിപ്പല്‍ ഫൈസല്‍ കെ.പി, പിടിഎ പ്രസിഡന്റ് കെ.പി പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രിന്‍സിപ്പല്‍ വിനീത ലക്ഷ്മി കെ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സന്ദീപ് എസ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136712/atholi-govt-meteorological-center-started-in-higher-secondary-school)