---
title: "#stadium | കാക്കൂരില്‍ ഇനി ആധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റേഡിയം"
english_title: "#modern #facility  #stadium for#Kakur"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/136720/modern-facility-stadium-forkakur"
published_at: "2023-08-05T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ce23dd6ca06_stdaium_logo.JPG"
keywords: []
---

# #stadium | കാക്കൂരില്‍ ഇനി ആധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റേഡിയം

> **Lead Summary:** **ബാലുശ്ശേരി**: കാക്കൂരില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനായി ജനകീയ സംഘാടക സമിതി രൂപീകരിച്ചു. കാക്കൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ബാലുശ്ശേരി**: കാക്കൂരില്‍ ആധുനിക സൗകര്യങ്ങളോടെയുള്ള സ്റ്റേഡിയം നിര്‍മ്മിക്കുന്നതിനായി ജനകീയ സംഘാടക സമിതി രൂപീകരിച്ചു. കാക്കൂര്‍ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ജനകീയ കൂട്ടായ്മയോടെ സ്റ്റേഡിയം നിര്‍മ്മിക്കാന്‍ ആവശ്യമായ ഇടപെടല്‍ എല്ലാവരില്‍ നിന്നും ഉണ്ടാവണമെന്ന് മന്ത്രി പറഞ്ഞു. മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് നിര്‍മ്മാണം പൂര്‍ത്തിയായാല്‍ സമീപപ്രദേശങ്ങളില്‍ ഒന്നുമില്ലാത്ത വിധത്തിലുള്ള മികച്ച സ്റ്റേഡിയമായിരിക്കും കാക്കൂരിലേതെന്നും മന്ത്രി പറഞ്ഞു.

മന്ത്രി എ.കെ ശശീന്ദ്രന്‍, എംപി എം.കെ രാഘവന്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി സുനില്‍കുമാര്‍ എന്നിവര്‍ രക്ഷാധികാരികളായ സംഘാടക സമിതിയാണ് രൂപീകരിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം ഷാജി ചെയര്‍മാനും ദേവാനന്ദ് ചാലൂര്‍ ജനറല്‍ കണ്‍വീനറും പി.പി അബ്ദുല്‍ ഗഫൂര്‍ ട്രഷററുമാണ്. കാക്കൂരിലെ കായിക പ്രേമികള്‍, ക്ലബ്ബുകള്‍, വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍ മറ്റ് സുമനസുകള്‍ എന്നിവരുടെ സഹകരണത്തോടെ ഫണ്ട് സമാഹരണം നടത്തി പഞ്ചായത്ത് കണ്ടെത്തിയ സ്ഥലം വാങ്ങാനാണ് ലക്ഷ്യമിടുന്നത്.

കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം ഷാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ടി.പി ദാസന്‍ മുഖ്യാതിഥിയായി.

വൈസ് പ്രസിഡന്റ് കെ. നിഷ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സര്‍ജാസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റസിയ തോട്ടായി, ഐ.പി രാജേഷ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.പി അബ്ദുല്‍ ഗഫൂര്‍, ജൂന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ. മോഹനന്‍, എസ്.വി ജ്യാത്സ്‌ന, ആയിഷാബി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. മനോജ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി. ഷൈലേഷ് നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/136720/modern-facility-stadium-forkakur)