---
title: "#chemancheeri| നാട്യാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ സ്മരണയ്ക്കായുള്ള പഥമ ഗുരു ചേമഞ്ചേരി പുരസ്‌കാരം പ്രശസ്ത കഥകളി നടന്‍ കലാമണ്ഡലം സുബ്രഹ്‌മണ്യന് "
english_title: "true vision koyilandy  Guru Chemanchery Award in memory of Natacharyan Guru Chemanchery Kunhiraman Nair to renowned Kathakali actor Kalamandalam Subramanian"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/138617/true-vision-koyilandy-guru-chemanchery-award-in-memory-of-natacharyan-guru-chemanchery-kunhiraman-nair-to-renowned-kathakali-actor-kalamandalam-subramanian"
published_at: "2023-08-13T13:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d88f52f095d_chemancheery_LG.JPG"
keywords: []
---

# #chemancheeri| നാട്യാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ സ്മരണയ്ക്കായുള്ള പഥമ ഗുരു ചേമഞ്ചേരി പുരസ്‌കാരം പ്രശസ്ത കഥകളി നടന്‍ കലാമണ്ഡലം സുബ്രഹ്‌മണ്യന് 

> **Lead Summary:** **കൊയിലാണ്ടി:** നാട്യാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ സ്മരണയ്ക്കായി കഥകളി വിദ്യാലയം ചേലിയ ഏര്‍പ്പെടുത്തിയ പ്രഥമ ഗുരു ചേമഞ്ചേരി പുരസ്‌കാരം പ്രശസ്ത കഥകളി നടന്‍ കലാമണ്ഡലം സുബ്രഹ്‌മണ്യന്.

## Article Content

**കൊയിലാണ്ടി:** നാട്യാചാര്യന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ സ്മരണയ്ക്കായി കഥകളി വിദ്യാലയം ചേലിയ ഏര്‍പ്പെടുത്തിയ പ്രഥമ ഗുരു ചേമഞ്ചേരി പുരസ്‌കാരം പ്രശസ്ത കഥകളി നടന്‍ കലാമണ്ഡലം സുബ്രഹ്‌മണ്യന്.

കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.ആര്‍. ബിന്ദുവാണ് പുരസ്‌കാര സമര്‍പ്പണം നടത്തിയത്. ആര്‍ട്ടിസ്റ്റ് മദനന്‍ രൂപകല്പന ചെയ്ത ശില്പവും പ്രശസ്തിപത്രവും ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് അവാര്‍ഡ്. ഗുരുവിന്റെ 107-ാം പിറന്നാളിനോടനുബന്ധിച്ചാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.

ഡോ.എം.ആര്‍. രാഘവ വാര്യര്‍, മദന്‍ കെ. മേനോന്‍, കലാമണ്ഡലം കേശവന്‍ കുണ്ഡലായര്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്. കല്ലുവഴിച്ചിട്ട കഥകളി രംഗത്തെ മുതിര്‍ന്ന നടനും കഥകളി അധ്യാപകനുമായ ബാലസുബ്രഹ്‌മണ്യന്‍ കലാമണ്ഡലം മുന്‍ പ്രിന്‍സിപ്പലുമാണ്.

കാനത്തില്‍ ജമീല എംഎല്‍എ ചടങ്ങിന് അധ്യക്ഷയായി. മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മൃദുലാ വാര്യര്‍, വെണ്‍മണി ഹരിദാസ് പുരസ്‌കാരം നേടിയ കലാനിലയം ഹരി എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ്, പി. അബ്ദുള്‍ ഷുക്കൂര്‍, ഡോ.എം.ആര്‍. രാഘവ വാര്യര്‍, യു.കെ. രാഘവന്‍, കലാമണ്ഡലം സത്യവ്രതന്‍, മധുസൂദനന്‍ ഭരതാഞ്ജലി, കലാനിലയം ഹരി, ഡോ. എന്‍.വി. സദാനദന്‍, കലാമണ്ഡലം പ്രേം കുമാര്‍, കെ.പി. ബിജു തുടങ്ങി രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ സംസാരിച്ചു.

കലാ മണ്ഡലം ശിവദാസ് നേതൃത്വം നല്‍കിയ വിളംബരമേളം, സുനില്‍ തിരുവങ്ങൂര്‍ ചിട്ടപെടുത്തി 107 ഗായകര്‍ അണിനിരന്ന സ്വാഗതഗാനവും അവതരിപ്പിച്ചു. കഥകളി, പൂക്കാട് കലാലയം ഒരുക്കിയ നൃത്ത സംഗീതിക ,മോഹിനിയാട്ടം, കേരള നടനം, തുടങ്ങിയ വിവധ കലാപരിപാടികളും അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/138617/true-vision-koyilandy-guru-chemanchery-award-in-memory-of-natacharyan-guru-chemanchery-kunhiraman-nair-to-renowned-kathakali-actor-kalamandalam-subramanian)