---
title: "#Sachin Dev MLA|  ബാലുശ്ശേരിയില്‍ മഞ്ഞള്‍ ഗ്രാമം പദ്ധതി നടപ്പിലാക്കുമെന്ന്  സച്ചിന്‍ ദേവ് എം.എല്‍.എ"
english_title: "KIsan mela at balussery Block Panchayath"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/140291/kisan-mela-at-balussery-block-panchayath"
published_at: "2023-08-19T18:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64e0b91802a41_sachi_DEvan_.jpg"
keywords: []
---

# #Sachin Dev MLA|  ബാലുശ്ശേരിയില്‍ മഞ്ഞള്‍ ഗ്രാമം പദ്ധതി നടപ്പിലാക്കുമെന്ന്  സച്ചിന്‍ ദേവ് എം.എല്‍.എ

> **Lead Summary:** **ബാലുശ്ശേരി: **കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന കിസാന്‍ മേളയും കിസാന്‍ ഗോഷ്ഠിയും പനായി മാണിക്യം ചക്കില്‍ കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ വിവിധ ഇനം മഞ്ഞള്‍ കൃഷി വ്യാപിപ്പിക്കുമെന്നും മഞ്ഞള്‍ഗ്രാമം പദ്ധതി നടപ്പിലാക്കുമെന്നും സച്ചിന്‍ ദേവ് എം.എല്‍.എ പറഞ്ഞു.

## Article Content

**ബാലുശ്ശേരി: **കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പും ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന കിസാന്‍ മേളയും കിസാന്‍ ഗോഷ്ഠിയും പനായി മാണിക്യം ചക്കില്‍ കെ.എം സച്ചിന്‍ ദേവ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ വിവിധ ഇനം മഞ്ഞള്‍ കൃഷി വ്യാപിപ്പിക്കുമെന്നും മഞ്ഞള്‍ഗ്രാമം പദ്ധതി നടപ്പിലാക്കുമെന്നും സച്ചിന്‍ ദേവ് എം.എല്‍.എ പറഞ്ഞു.

മഞ്ഞളിന്റെ ഉല്‍പാദനം, സംസ്‌കരണം, സംഭരണം, വിവിധ മഞ്ഞള്‍ അധിഷ്ഠിത മൂല്യ വര്‍ധിത ഉല്‍പന്നങ്ങളുടെ നിര്‍മ്മാണം, വിപണനം എന്നിവയില്‍ കര്‍ഷകര്‍ക്ക് പ്രത്യേക പരിശീലനം നല്‍കി കാര്‍ഷിക വരുമാനം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികളാണ് മണ്ഡലത്തില്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുക. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ അനിത അധ്യക്ഷത വഹിച്ചു. ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം ഉത്പാദിപ്പിച്ച ഉല്‍പ്പന്നങ്ങളുടെ ആദ്യ വില്പന ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് നിര്‍വഹിച്ചു. ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍, മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍, ഉത്പാദന ഉപാധികള്‍ മുതലായവയുടെ പ്രദര്‍ശനവും വിപണനവും മേളയുടെ ഭാഗമായി നടന്നു.

കെ.എ.യു വേങ്ങേരി അസിസ്റ്റന്റ് പ്രൊഫ.ആരതി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ കാര്‍ഷിക പഠന ക്ലാസുകളും മുഖാമുഖവും, റിട്ട.കൃഷി ജോയിന്‍ ഡയറക്ടര്‍ പി വിക്രമന്റെ നേതൃത്വത്തില്‍ ജൈവകൃഷിയുടെ പ്രാധാന്യവും കൃഷി രീതികളും എന്ന വിഷയത്തില്‍ സെമിനാറും നടന്നു. ചെറുധാന്യങ്ങള്‍ പ്രാധാന്യവും -കൃഷി രീതികളും എന്ന വിഷയത്തെക്കുറിച്ച് കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ് സി.കെ. തങ്കമണി ക്ലാസ് എടുത്തു.

കോഴിക്കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലിസി ആന്റണി പദ്ധതി വിശദീകരണം നടത്തി. മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മെമ്പര്‍മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, കര്‍ഷകര്‍, കൃഷി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങില്‍ ബാലുശ്ശേരി കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ മുഹമ്മദ് ഫൈസല്‍ സ്വാഗതവും ബാലുശ്ശേരി കൃഷി ഓഫീസര്‍ എസ്.ശുഭശ്രീ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/140291/kisan-mela-at-balussery-block-panchayath)