---
title: "#E-Muttam| ഇ-മുറ്റം പദ്ധതി ; ഒളവണ്ണയില്‍  ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍"
english_title: "E-Muttam project; Preparations are in final stage at Olavanna"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/145088/e-muttam-project-preparations-are-in-final-stage-at-olavanna"
published_at: "2023-09-09T20:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc8e0e163e7_E_muttam.jpg"
keywords: []
---

# #E-Muttam| ഇ-മുറ്റം പദ്ധതി ; ഒളവണ്ണയില്‍  ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

> **Lead Summary:** **അത്തോളി: **ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയായ ഇ-മുറ്റത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. പദ്ധതിയുടെ ഭാഗമായി അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത ഇല്ലാത്തവരെ കണ്ടെത്തി ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

## Article Content

**അത്തോളി: **ഒളവണ്ണ ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയായ ഇ-മുറ്റത്തിന്റെ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. പദ്ധതിയുടെ ഭാഗമായി അടിസ്ഥാന ഡിജിറ്റല്‍ സാക്ഷരത ഇല്ലാത്തവരെ കണ്ടെത്തി ഡിജിറ്റല്‍ സാക്ഷരത ഉറപ്പാക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്.

പഠിതാക്കളെ കണ്ടെത്താന്‍ ഡിജിറ്റല്‍ സര്‍വേ സംഘടിപ്പിച്ചു. ഇതിനായി പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലത്തിലും സംഘാടകസമിതി രൂപീകരിച്ചിരുന്നു. വാര്‍ഡില്‍ മൂന്നും നാലും ബാച്ചുകളായി അഞ്ചുദിവസത്തെ പരിശീലനവും നല്‍കി. സ്‌കൂളുകള്‍ മുഖേന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കുള്ള ക്ലാസുകളും നടന്നു വരുന്നുണ്ട്. നിലവില്‍ ക്ലാസുകള്‍ ലഭിക്കാത്തവര്‍ക്കായി വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും 'എക്‌സ്‌പ്ലോര്‍' എന്ന പേരില്‍ മെഗാ പരിശീലന കളരി സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി ശാരുതി പറഞ്ഞു.

കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും കൈറ്റും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയില്‍ ഒളവണ്ണ ഗ്രാമപഞ്ചായത്തിലാണ് പദ്ധതി ആദ്യമായി നടപ്പിലാക്കുന്നത്.

സാധാരണ ജനങ്ങളെ ഡിജിറ്റല്‍ മേഖലയില്‍ പ്രാഥമിക അവബോധമുള്ളവരാക്കി മാറ്റുക, കമ്പ്യൂട്ടര്‍, ഇന്റര്‍നെറ്റ്, സ്മാര്‍ട്ട് ഫോണ്‍, സാമൂഹ്യ മാധ്യമങ്ങള്‍ തുടങ്ങിയവ കൈകാര്യം ചെയ്യാന്‍ പ്രാപ്തരാക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. സാധാരണക്കാര്‍ക്ക് ഇന്റര്‍നെറ്റിന്റെ സാധ്യത മനസിലാക്കാനും ഡിജിറ്റല്‍ സംവിധാനങ്ങളുടെ ഉപയോഗങ്ങളും ദുരുപയോഗങ്ങളും തിരിച്ചറിയാനും പദ്ധതി ഉപകരിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/145088/e-muttam-project-preparations-are-in-final-stage-at-olavanna)