---
title: "#Nipha Alert Update| കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ  സമ്പര്‍ക്ക പട്ടികയില്‍ 789 പേര്‍"
english_title: "Another person nipha positive; 789 people are  contact list in  Kozhikode "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/146139/another-person-nipha-positive-789-people-are-contact-list-in-kozhikode"
published_at: "2023-09-13T22:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501f12ade131_virus_.jpg"
keywords: []
---

# #Nipha Alert Update| കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ  സമ്പര്‍ക്ക പട്ടികയില്‍ 789 പേര്‍

> **Lead Summary:** കോഴിക്കോട് : ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു . 24 വയസ്സുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് രോഗ ബാധ സ്ഥിരീകരിച്ചത് . നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത് . രണ്ടാമത് അയച്ച സാംമ്പിളുകളുടെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നത്..

## Article Content

കോഴിക്കോട് : ഒരാള്‍ക്ക് കൂടി നിപ സ്ഥിരീകരിച്ചു . 24 വയസ്സുകാരനായ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനാണ് രോഗ ബാധ സ്ഥിരീകരിച്ചത് . നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത് . രണ്ടാമത് അയച്ച സാംമ്പിളുകളുടെ ഫലമാണ് ഇപ്പോള്‍ പുറത്ത് വന്നത്..

** സമ്പര്‍ക്ക പട്ടികയില്‍ 789 പേര്‍ **

ജില്ലയില്‍ നിപ സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 789 പേരെ തിരിച്ചറിഞ്ഞു. ആദ്യം മരണപ്പെട്ട ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 371 പേരും രണ്ടാമത് മരണപ്പെട്ട ആളുടെ സമ്പര്‍ക്ക പട്ടികയില്‍ 281 പേരും ആണുള്ളത്. ചികിത്സയില്‍ കഴിയുന്ന വ്യക്തിയുടെ സമ്പര്‍ക്ക പട്ടികയില്‍ 60 പേരും മരണപ്പെട്ടയാളുടെ ബന്ധുവിന്റെ സമ്പര്‍ക്ക പട്ടികയില്‍ 77 പേരുമാണ് ഉള്ളത്. നിപ സ്ഥിരീകരിച്ച മൂന്ന് പേരുടെയും റൂട്ട് മാപ് ആരോഗ്യ വകുപ്പ് പ്രസിദ്ധീകരിച്ചു. നിപയുമായി ബന്ധപ്പെട്ട് മരുതോങ്കരയിലും ആയഞ്ചേരിയിലും ആയി 313 വീടുകളില്‍ സര്‍വേ നടത്തി.

മരുതോങ്കരയില്‍ രണ്ട് പേര്‍ക്കും ആയഞ്ചേരിയില്‍ നാല് പേര്‍ക്കും പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിച്ച കാള്‍ സെന്ററില്‍ ഇതുവരെ 326 ഫോണ്‍ കോളുകള്‍ ലഭിച്ചു. 311 പേര്‍ വിവരങ്ങള്‍ അറിയാനും നാല് പേര്‍ സ്വയം കേസ് റിപ്പോര്‍ട്ട് ചെയ്യാനുമാണ് കാള്‍ സെന്ററുമായി ബന്ധപ്പെട്ടത്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലയില്‍ പതിനേഴ് '108 ' ആംബുലന്‍സുകളും സജ്ജമാക്കിയിട്ടുണ്ട്.

നിലവില്‍ ഹൈ റിസ്‌ക് കോണ്ടാക്റ്റില്‍ നാല് പേര്‍ സ്വകാര്യ ആശുപത്രിയിലും, എപ്പിഡെമോളജിക്കലി അണ്‍ലിങ്ക്ഡ് കേസുകളില്‍ 13 പേരും മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലും നിരീക്ഷണത്തിലാണ്. നിപയുമായി ബന്ധപ്പെട്ട മാനസിക പിന്തുണ നല്‍കുന്നതിനായി സംവിധാനം ഒരുക്കിയിട്ടുണ്ട്.

രോഗബാധിതരെ നിരീക്ഷിക്കുന്നതിനായി മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ 75 റൂമുകളും, ആറ് ഐ സി യുകളും, നാല് വെന്റിലേറ്ററുകളും 14 ഐ സി യു കിടക്കകളും മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ 10 റൂമുകളും അഞ്ച് ഐ സി യുകളും, രണ്ട് വെന്റിലേറ്ററുകളും 10 ഐ സി യു കിടക്കകളും സജ്ജീകരിച്ചിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സ്വകാര്യ ആശുപത്രി പ്രതിനിധികളുടെ യോഗം ഓണ്‍ലൈനായി ചേര്‍ന്നു. വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുകയാണ്.

ഇതിനായി പഴ വര്‍ഗങ്ങളുടെ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനായുള്ള ആദ്യ കേന്ദ്ര സംഘം ജില്ലയിലെത്തി. ഡോ. രഘുവിന്റെ നേതൃത്വത്തിലുള്ള എന്‍ സി ഡി സിയിലെ സംഘം കണ്‍ട്രോള്‍ സെന്റര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. റിമ സഹായിയുടെ നേതൃത്വത്തിലുള്ള പൂനെ ഐ സി എം ആറില്‍ നിന്നുള്ള സംഘവും ഡോ. മാല ഛബ്രയുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആരോഗ്യമന്ത്രാലയത്തില്‍ നിന്നുള്ള സംഘവും നാളെ (വ്യാഴാഴ്ച) രാത്രിയോടെ ജില്ലയിലെത്തും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/146139/another-person-nipha-positive-789-people-are-contact-list-in-kozhikode)