---
title: "#Vattoli bazar|വട്ടോളി ബസാറില്‍ അടിപൊളി  പാര്‍ക്കും കുളവും "
english_title: "perubra kulam park and pond at vattoli bazar"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/148905/perubra-kulam-park-and-pond-at-vattoli-bazar"
published_at: "2023-09-25T17:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65117825e1afd_perubra_kulam.jpg"
keywords: []
---

# #Vattoli bazar|വട്ടോളി ബസാറില്‍ അടിപൊളി  പാര്‍ക്കും കുളവും 

> **Lead Summary:** **ബാലുശേരി : **വട്ടോളി ബസാറിലെ പെരുമ്പാറക്കുളത്തിനടുത്ത് വന്നാല്‍ ഇനി ഉല്ലസിച്ച് ഉഷാറായി മടങ്ങാം. വയോജനങ്ങളുടെയും കുട്ടികളുടെയും പാര്‍ക്കും ഓപ്പണ്‍ ജിമ്മുമാണ് ഇവിടെ ഒരുങ്ങുന്നത്. വട്ടോളി മൃഗാശുപത്രിക്ക് സമീപം പെരുമ്പാറക്കുളത്തിനടുത്തെ 10 സെന്റില്‍ ജില്ലാ പഞ്ചായത്ത് നേതൃത്വത്തിലാണ് പാര്‍ക്കുകളും ജിമ്മും സ്ഥാപിക്കുക.

## Article Content

**ബാലുശേരി : **വട്ടോളി ബസാറിലെ പെരുമ്പാറക്കുളത്തിനടുത്ത് വന്നാല്‍ ഇനി ഉല്ലസിച്ച് ഉഷാറായി മടങ്ങാം. വയോജനങ്ങളുടെയും കുട്ടികളുടെയും പാര്‍ക്കും ഓപ്പണ്‍ ജിമ്മുമാണ് ഇവിടെ ഒരുങ്ങുന്നത്. വട്ടോളി മൃഗാശുപത്രിക്ക് സമീപം പെരുമ്പാറക്കുളത്തിനടുത്തെ 10 സെന്റില്‍ ജില്ലാ പഞ്ചായത്ത് നേതൃത്വത്തിലാണ് പാര്‍ക്കുകളും ജിമ്മും സ്ഥാപിക്കുക.

പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത് 10 ലക്ഷം രൂപ അനുവദിച്ചു. മൃഗാശുപത്രിക്ക് സമീപം റവന്യൂ വകുപ്പിന്റെ കീഴിലുണ്ടായിരുന്ന 22.6 സെന്റും ഇവിടത്തെ കുളവും കാടുമൂടിയ സ്ഥിതിയിലായിരുന്നു. 2019---20 വര്‍ഷം പനങ്ങാട് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുളം നവീകരിച്ചു.

കഴിഞ്ഞവര്‍ഷം 'അമൃത് സരോവര്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാ പഞ്ചായത്ത് 13.39 ലക്ഷം രൂപ ചെലവില്‍ കുളം മോടിപിടിപ്പിച്ച് നവീകരിച്ചു. കുളത്തോടനുബന്ധിച്ച് ഒഴിഞ്ഞുകിടന്ന സ്ഥലത്ത് വയോജന പാര്‍ക്ക് നിര്‍മിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു.

പനങ്ങാട് പഞ്ചായത്ത് കണ്ണാടിപ്പൊയില്‍ കുടുംബാരോഗ്യകേന്ദ്രത്തിനു സമീപം നിര്‍മിക്കാന്‍ ഉദ്ദേശിച്ച വയോജന പാര്‍ക്കാണ് വട്ടോളി ബസാറിലെ പെരുമ്പാറക്കളത്തിനടുത്തേക്ക് മാറ്റുന്നത്. പെരുമ്പാറക്കുളം നവീകരിച്ചതോടെ വേനലിലും വെള്ളം സുലഭമാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/148905/perubra-kulam-park-and-pond-at-vattoli-bazar)