---
title: "#DENGUE| ഡെങ്കിപ്പനി വ്യാപനം ;  ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്"
english_title: "Dengue spread; Health Department to be cautious"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/149268/dengue-spread-health-department-to-be-cautious"
published_at: "2023-09-27T09:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6513aa1ba5365_denque_.jpg"
keywords: []
---

# #DENGUE| ഡെങ്കിപ്പനി വ്യാപനം ;  ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

> **Lead Summary:** **കോഴിക്കോട് : **ജില്ലയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ അറിയിച്ചു. കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നതിനാല്‍ വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കണം.

## Article Content

**കോഴിക്കോട് : **ജില്ലയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡിഎംഒ അറിയിച്ചു. കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നതിനാല്‍ വീടിനുള്ളിലും പരിസരത്തും വെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കണം.

ടെറസ്, പാത്തി, ഓവര്‍ഹെഡ് ടാങ്ക്, ഫ്രിഡ്ജിന്റെ ബാക് ട്രേ, ഫ്‌ലവര്‍ വേസ്, അലങ്കാരച്ചെടി, ചെടിച്ചട്ടികള്‍, ഉപയോഗിക്കാത്ത ക്ലോസെറ്റ്, സണ്‍ ഷെയ്ഡ്, പരിസരങ്ങളില്‍ അലക്ഷ്യമായി വലിച്ചെറിയുന്ന മുട്ടത്തോടുകള്‍, ചിരട്ടകള്‍, ടയറുകള്‍, പ്ലാസ്റ്റിക് കവറുകള്‍, പ്ലാസ്റ്റിക് ബിന്നുകള്‍, ആഴം കുറഞ്ഞ കിണറുകള്‍, മരപ്പൊത്തുകള്‍, പാറയിടുക്കുകള്‍, വെള്ളം പിടിച്ചുവയ്ക്കുന്ന പാത്രങ്ങള്‍ എന്നിവയില്‍ കെട്ടിക്കിടക്കുന്ന വെള്ളം ഒഴിവാക്കുക.

ആഴ്ചയിലൊരിക്കല്‍ ഡ്രൈ ഡേ ആചരിച്ച് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. മാലിന്യം തരംതിരിച്ച് സംസ്‌കരിക്കണം. പാഴ് ചെടികള്‍ വെട്ടിനശിപ്പിച്ച് പാള, ഓല തുടങ്ങിയവ നീക്കം ചെയ്യണം. ടാപ്പിങ്ങിനുശേഷം റബ്ബര്‍ തോട്ടത്തിലെ ചിരട്ടകള്‍ കമിഴ്ത്തിവയ്ക്കാന്‍ ശ്രദ്ധിക്കണം.

പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, ശരീരവേദന, തലവേദന, ഛര്‍ദി, ശരീരത്തില്‍ ചുവന്ന തടിപ്പുകള്‍ തുടങ്ങിയവ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്. ലക്ഷണം കണ്ടാല്‍ വിദഗ്ധ ചികിത്സക്ക് വിധേയമാകണം.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/149268/dengue-spread-health-department-to-be-cautious)