---
title: "#BALUSSERY|ശുചിത്വം-സുന്ദരം ബാലുശ്ശേരി ':  സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കാന്‍ കര്‍മ്മപദ്ധതി"
english_title: "BALUSSERY WASTE MANAGEMENT PROGRAMME "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/149873/balussery-waste-management-programme"
published_at: "2023-09-29T20:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6516e8bf3ac5f_BALUSSERY_PHOTO.jpg"
keywords: []
---

# #BALUSSERY|ശുചിത്വം-സുന്ദരം ബാലുശ്ശേരി ':  സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കാന്‍ കര്‍മ്മപദ്ധതി

> **Lead Summary:** **ബാലുശ്ശേരി : **മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരിയെ സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കാന്‍ കര്‍മ്മ പദ്ധതി രൂപീകരിച്ചു. ഒക്ടോബര്‍ 10 വരെ വീടുകളും സ്ഥാപനങ്ങളും പഞ്ചായത്തിലെ പൊതുസ്ഥാപനങ്ങളും പാതയോരങ്ങളും സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കും.

## Article Content

**ബാലുശ്ശേരി : **മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരിയെ സമ്പൂര്‍ണ്ണ മാലിന്യ മുക്തമാക്കാന്‍ കര്‍മ്മ പദ്ധതി രൂപീകരിച്ചു. ഒക്ടോബര്‍ 10 വരെ വീടുകളും സ്ഥാപനങ്ങളും പഞ്ചായത്തിലെ പൊതുസ്ഥാപനങ്ങളും പാതയോരങ്ങളും സമ്പൂര്‍ണ്ണ മാലിന്യമുക്തമാക്കും.

ഒക്ടോബര്‍ രണ്ടിനകം മുഴുവന്‍ സ്ഥാപനങ്ങളും സ്ഥാപന മേധാവികളുടെ നേതൃത്വത്തില്‍ ശുചീകരിക്കും. മുഴുവന്‍ സ്ഥാപനങ്ങളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതിനും ജൈവമാലിന്യം സംസ്‌കരണം ഏര്‍പ്പെടുത്തുന്നതിനും നിര്‍ദ്ദേശം നല്‍കും. ഒക്ടോബര്‍ രണ്ടിന് പഞ്ചായത്തിലെ അങ്ങാടികളും പാതയോരങ്ങളും പൊതുജന പങ്കാളിത്തത്തോടെ ശുചീകരിക്കും. വീടുകളും സ്ഥാപനങ്ങളും ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിന് സംവിധാനമേര്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കും.

അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണം 100 ശതമാനം ആക്കുന്നതിന് യൂസര്‍ഫീ നല്‍കാത്ത വീടുകള്‍, സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. വീടുകളിലെ മലിനജല സംസ്‌കരണത്തിന് സോക് പിറ്റ് ഉറപ്പ് വരുത്തും. വാര്‍ഡുകളെ മാലിന്യമുക്ത വാര്‍ഡുകളായി പ്രഖ്യാപിക്കുന്നതിന് ഒക്ടോബര്‍ ഒന്ന് മുതല്‍ 10 വരെ ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തും.

പഞ്ചായത്തിലെ പ്രധാന പാതയോരങ്ങളിലെ കാടുകള്‍ വെട്ടി വൃത്തിയാക്കും. വാര്‍ഡ് തലത്തില്‍ ഹരിതകര്‍മ്മസേനയോടൊപ്പം ഒരു ദിനം സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകര്‍, എന്‍. എസ്. എസ് വളണ്ടിയര്‍മാര്‍ മുതലായവരുടെ നേതൃത്വത്തില്‍ വീടുകളിലെത്തും. മുഴുവന്‍ കുടുംബശ്രീ അംഗങ്ങളും ഹരിതകര്‍മ്മസേനയ്ക്ക് അജൈവ പാഴ് വസ്തുക്കളും യൂസര്‍ഫീയും നല്‍കുന്നുണ്ടെന്ന സാക്ഷ്യപത്രം സി ഡി എസ് ഉറപ്പാക്കും.

മുഴുവന്‍ കടകളും ലൈസന്‍സ് എടുക്കുന്നതിനും ഹരിതകര്‍മ്മസേനയ്ക്ക് യൂസര്‍ഫീ നല്‍കുന്നതിനും നടപടി സ്വീകരിക്കും. തുടര്‍ന്ന് ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/149873/balussery-waste-management-programme)