---
title: "വയോധികയുടെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച കേസില്‍  യുവാവ് റിമാന്‍ഡില്‍"
english_title: "In the case of fraud of old woman's gold necklace The youth is in remand"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/151558/in-the-case-of-fraud-of-old-womans-gold-necklace-the-youth-is-in-remand"
published_at: "2023-10-06T18:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652006363dcf2_shanoob_photo.jpg"
keywords: []
---

# വയോധികയുടെ സ്വര്‍ണ്ണമാല തട്ടിപ്പറിച്ച കേസില്‍  യുവാവ് റിമാന്‍ഡില്‍

> **Lead Summary:** കാക്കൂര്‍ : കുമാരസാമി - ചെലപ്രം റോഡില്‍ കടത്തനുംപുറത്ത് താഴത്ത് നിന്നും വയോധികയുടെ മാല തട്ടിപ്പറിച്ച് കടന്നു കളഞ്ഞ പ്രതി പിടിയില്‍. കോഴിക്കോട് തൊണ്ടയാട് സൈബര്‍പാര്‍ക്കിന് സമീപം വില്ലിക്കല്‍ കോട്ടക്കുന്ന് വീട്ടില്‍ ഷഹനൂബ് നെയാണ് കാക്കൂര്‍ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

## Article Content

കാക്കൂര്‍ : കുമാരസാമി - ചെലപ്രം റോഡില്‍ കടത്തനുംപുറത്ത് താഴത്ത് നിന്നും വയോധികയുടെ മാല തട്ടിപ്പറിച്ച് കടന്നു കളഞ്ഞ പ്രതി പിടിയില്‍. കോഴിക്കോട് തൊണ്ടയാട് സൈബര്‍പാര്‍ക്കിന് സമീപം വില്ലിക്കല്‍ കോട്ടക്കുന്ന് വീട്ടില്‍ ഷഹനൂബ് നെയാണ് കാക്കൂര്‍ പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.

സെപ്റ്റംബര്‍ 6-)o തീയതി പ്രതി റോഡിലൂടെ നടന്നു പോവുകയായിരുന്ന 76 വയസുള്ള വയോധികയോട് നരിക്കുനിക്കുള്ള വഴി ചോദിച്ച പ്രതി വഴിയില്‍ മറ്റാരുമില്ലെന്ന് ഉറപ്പാക്കിയ ശേഷം ബൈക്കില്‍ നിന്നും ഇറങ്ങി ചെന്ന് വയോധികയെ അക്രമിച്ച് റോഡില്‍ തള്ളിയിട്ട ശേഷം കഴുത്തില്‍ നിന്നും 3 പവനോളം വരുന്ന സ്വര്‍ണ്ണ ചെയിന്‍ ബലമായി തട്ടിപ്പറിച്ച് തന്റെ ബൈക്കില്‍ കടന്നുകളയുകയായിരുന്നു.

മറ്റ് തെളിവുകള്‍ ഒന്നും ലഭ്യമല്ലാതിരുന്ന കേസില്‍ സമീപ പ്രദേശങ്ങളിലെ 50 ഓളം വീടുകളിലെയും, കടകളിലെയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും സംഭവസമയത്ത് അതുവഴി ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഒരു സാക്ഷിയുടെ മൊഴിയുടെയും അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി കവര്‍ച്ചക്കായി ഉപയോഗിച്ച ബൈക്കിന്റെ വിവരങള്‍ ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കിന്റെ നിറം, മോഡല്‍, ഹെല്‍മറ്റിന്റെ മോഡല്‍ എന്നിവ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പറ്റി വ്യക്തമായ സൂചന ലഭിക്കുകയായിരുന്നു.

പ്രതിയെ വയോധികയെ കാണിച്ചതില്‍ അവര്‍ പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് പ്രതി കളവ് മുതല്‍ വില്‍പ്പന നടത്തിയ കുറ്റിക്കാട്ടൂരില്‍ ഉള്ള ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം കണ്ടെടുത്തു. പ്രതി കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലിലെ ജീവനക്കാരനാണ്. ഇന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

കാക്കൂര്‍ ഇന്‍സ്‌പെക്ടര്‍ സനല്‍രാജ്.എം ന്റ്‌റെ നേതൃത്വത്തില്‍ എസ് ഐ അബ്ദുള്‍ സലാം.എം, എഎസ് ഐ മാരായ ലിനീഷ്, ബിജേഷ്.കെ.എം, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുബീഷ്ജിത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തില്‍ ഉള്ളത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/151558/in-the-case-of-fraud-of-old-womans-gold-necklace-the-youth-is-in-remand)