---
title: "ബാലുശ്ശേരി-കോഴിക്കോട് റൂട്ടിലെ ബസ് അപകടം; സ്‌പെഷ്യല്‍ ഡ്രൈവുമായി മോട്ടോര്‍ വാഹന വകുപ്പ്"
english_title: "Motor-vehicle-department-special-drive"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/154604/motor-vehicle-department-special-drive"
published_at: "2023-10-17T22:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/652eb89269644_accident.jpg"
keywords: []
---

# ബാലുശ്ശേരി-കോഴിക്കോട് റൂട്ടിലെ ബസ് അപകടം; സ്‌പെഷ്യല്‍ ഡ്രൈവുമായി മോട്ടോര്‍ വാഹന വകുപ്പ്

> **Lead Summary:** **ബാലുശ്ശേരി : ** നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് തടയിടാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സ്‌പെഷല്‍ ഡ്രൈവ് ആരംഭിച്ചു. ഡ്രൈവറുടെ അശ്രദ്ധ മൂലം കഴിഞ്ഞ ദിവസം രണ്ട് പേര്‍ മരിച്ച സാഹചര്യത്തിലാണ് സുപ്രധാന നടപടി.

## Article Content

**ബാലുശ്ശേരി : ** നിയമലംഘനം നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് തടയിടാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന സ്‌പെഷല്‍ ഡ്രൈവ് ആരംഭിച്ചു. ഡ്രൈവറുടെ അശ്രദ്ധ മൂലം കഴിഞ്ഞ ദിവസം രണ്ട് പേര്‍ മരിച്ച സാഹചര്യത്തിലാണ് സുപ്രധാന നടപടി.

ബാലുശ്ശേരി - കോഴിക്കോട് റൂട്ടിലുണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ബസ് ഡ്രൈവര്‍മാരുടെ അശ്രദ്ധമായ ഡ്രൈവിംഗിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നിരുന്നു. കക്കോടി സ്വദേശിയും കോഴിക്കോട് ഡി.ഡി ഓഫീസ് ജീവനക്കാരനുമായ ഷൈജുവും ഭാര്യ ജിമയുമാണ് അപകടത്തില്‍ മരണപ്പെട്ടത്.

എട്ട് സ്‌ക്വാഡുകളായി തിരിഞ്ഞാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സ്പെഷ്യല്‍ ഡ്രൈവ്. സുരക്ഷാ സംവിധാനങ്ങള്‍ പരിശോധിക്കുന്നതിനൊപ്പം ജീവനക്കാര്‍ക്ക് ബോധവത്കരണവും നല്‍കും. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ നാലുപേരാണ് കോഴിക്കോട് ജില്ലയില്‍ ബസിടിച്ച് മരിച്ചത്.

അതിനിടെ, കഴിഞ്ഞ ദിവസം അപകടം നടന്ന വേങ്ങേരിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ പരിശോധന നടത്തിയിരുന്നു. അപകടമുണ്ടാക്കിയ ബസ് ഡ്രൈവറെയും ഉടമയെയും ചേവായൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/154604/motor-vehicle-department-special-drive)