---
title: "അതിദരിദ്ര വിഭാഗക്കാര്‍ക്ക് ഭൂമി നല്‍കും : റവന്യൂ മന്ത്രി കെ രാജന്‍"
english_title: "SMART VIllage OFFICE - inauguration at sivapuram REvanue minister K Rajan "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/155258/smart-village-office-inauguration-at-sivapuram-revanue-minister-k-rajan"
published_at: "2023-10-19T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65316092a10e7_minister_rajan.jpg"
keywords: []
---

# അതിദരിദ്ര വിഭാഗക്കാര്‍ക്ക് ഭൂമി നല്‍കും : റവന്യൂ മന്ത്രി കെ രാജന്‍

> **Lead Summary:** **ബാലുശ്ശേരി: **സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഭൂമിയില്ലാത്ത 5,632 കുടുംബങ്ങള്‍ക്ക് റവന്യൂ വകുപ്പ് ഭൂമി നല്‍കുമെന്ന് റവന്യൂ - ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. ശിവപുരം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

## Article Content

**ബാലുശ്ശേരി: **സംസ്ഥാനത്തെ അതിദരിദ്ര വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഭൂമിയില്ലാത്ത 5,632 കുടുംബങ്ങള്‍ക്ക് റവന്യൂ വകുപ്പ് ഭൂമി നല്‍കുമെന്ന് റവന്യൂ - ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍. ശിവപുരം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അതിദരിദ്ര വിഭാഗത്തിലെ വീടില്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ വീട് നല്‍കും. ഇവര്‍ക്ക് സൗജന്യ റേഷനും കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് പിന്തുണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു. കെ. എം സച്ചിന്‍ ദേവ് എം. എല്‍.എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

50 ലക്ഷം രൂപ ഉപയോഗപ്പെടുത്തിയാണ് ശിവപുരം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 1,518 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണ്ണമുള്ള ഇരുനില കെട്ടിടത്തില്‍ വെയ്റ്റിംഗ് ഏരിയ, ഫ്രണ്ട് ഓഫീസ്, വില്ലേജ് ഓഫീസര്‍ റൂം, ഓഫീസ്, റെക്കോര്‍ഡ് റൂം, ഡൈനിംഗ്, മീറ്റിംഗ് റൂം, സ്റ്റാഫുകള്‍, സന്ദര്‍ശകര്‍, അംഗപരിമിതര്‍ എന്നിവര്‍ക്കായി പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഫര്‍ണ്ണീച്ചറുകള്‍, ഇലക്ട്രിഫിക്കേഷന്‍, ലാന്റ് കേബിളിംഗ് എന്നീ പ്രവര്‍ത്തികളും പൂര്‍ത്തീകരിച്ചു.

സംസ്ഥാന നിര്‍മ്മിതി കേന്ദ്രം റീജിണല്‍ എഞ്ചിനീയര്‍ കെ. എം ശശി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. കെ അനിത, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര എറാടിയില്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് സ്വാഗതവും താമരശ്ശേരി തഹസില്‍ദാര്‍ പി രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/155258/smart-village-office-inauguration-at-sivapuram-revanue-minister-k-rajan)