---
title: "#CBL|ഫറോക്ക് പഴയ പാലം പാരീസ് പോലെയാകുമെന്ന്  മന്ത്രി പി എ മുഹമ്മദ് റിയാസ്"
english_title: "champains boat race inauguration at farook old bridge "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/156787/champains-boat-race-inauguration-at-farook-old-bridge"
published_at: "2023-10-25T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6538df2ea8b53_p_a_muhammad_riyas.jpg"
keywords: []
---

# #CBL|ഫറോക്ക് പഴയ പാലം പാരീസ് പോലെയാകുമെന്ന്  മന്ത്രി പി എ മുഹമ്മദ് റിയാസ്

> **Lead Summary:** **ഫറോക്ക് : ** ചാമ്പ്യന്‍സ് ബോട്ട് ലീഗ് വളളംകളിക്ക് ചാലിയാര്‍ സ്ഥിരം വേദിയാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന ടൂറിസം വകുപ്പ് ഐ.പി.എല്‍ മാതൃകയില്‍ സംഘടിപ്പിച്ച രണ്ടാമത് വള്ളംകളി ലീഗായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സി.ബി.എല്‍) മത്സരങ്ങള്‍ ഫറോക്ക് പഴയ പാലത്തിന് സമീപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**ഫറോക്ക് : ** ചാമ്പ്യന്‍സ് ബോട്ട് ലീഗ് വളളംകളിക്ക് ചാലിയാര്‍ സ്ഥിരം വേദിയാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സംസ്ഥാന ടൂറിസം വകുപ്പ് ഐ.പി.എല്‍ മാതൃകയില്‍ സംഘടിപ്പിച്ച രണ്ടാമത് വള്ളംകളി ലീഗായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സി.ബി.എല്‍) മത്സരങ്ങള്‍ ഫറോക്ക് പഴയ പാലത്തിന് സമീപം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൂറിസത്തെ സംബന്ധിച്ച് പ്രധാന ഇനമായി വള്ളംകളി മാറിയിട്ടുണ്ടെന്നും വാട്ടര്‍ സ്‌പോര്‍ട്‌സ് ഇനങ്ങളെ വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. 2024ന്റെ തുടക്കത്തില്‍ പാരീസ് പോലെ ഫറോക്ക് പഴയ പാലം ദീപാലംകൃതമാക്കുമെന്നും പൊതുജനങ്ങള്‍ക്ക് സന്ധ്യാസമയം ചെലവഴിക്കാനായി എല്ലാ സൗകര്യങ്ങളുമുള്ള പാലമായി ഫറോക്ക് പാലം മാറാന്‍ പോവുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഫറോക്ക് നഗരസഭ ചെയര്‍മാന്‍ എന്‍ സി അബ്ദുല്‍ റസാഖ് അധ്യക്ഷത വഹിച്ചു. സിനിമാ താരം ആസിഫ് അലി മുഖ്യാതിഥിയായി . എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, പിടിഎ റഹീം, മേയര്‍ ഡോ. ബീന ഫിലിപ്പ്, കെടിഐഎല്‍ ചെയര്‍മാന്‍ എസ്.കെ സജീഷ്, ഒഡിഇപിസി ചെയര്‍മാന്‍ അനില്‍ കുമാര്‍ എന്നിവര്‍ വിഷ്ടാതിഥികളായി.

ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകന്മാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് സ്വാഗതവും സംഘാടകസമിതി കണ്‍വീനര്‍ രാധാഗോപി നന്ദിയും പറഞ്ഞു. ചാലിയാര്‍ പുഴയില്‍ ഫറോക്ക് പുതിയ പാലത്തില്‍ നിന്നും ആരംഭിച്ച് പഴയ പാലത്തിനു സമീപത്തായി അവസാനിക്കുന്ന രീതിയിലാണ് മത്സരങ്ങള്‍ നടത്തിയത്. കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 60 അടി നീളമുള്ള ഒന്‍പത് ചുരുളന്‍ വള്ളങ്ങളാണ് മത്സരങ്ങളില്‍ പങ്കെടുത്തത്.

കൂടാതെ കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ചെറുവണ്ണൂര്‍ പൗരസമിതിയുടെ വള്ളത്തിന്റെ പ്രദര്‍ശനവും നടന്നു. ഒരു വള്ളത്തില്‍ 30 തുഴച്ചിലുകാരായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് ഹീറ്റ്‌സ് മത്സരങ്ങളും തുടര്‍ന്ന് ലൂസേഴ്‌സ് ഫൈനല്‍, ഫൈനല്‍ മത്സരങ്ങളും നടന്നു.

വള്ളംകളിയുടെ ഇടവേളകളില്‍ ജലാഭ്യാസ പ്രകടനങ്ങളും , തിരുവാതിര, ചെണ്ടമേളം തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. മത്സരങ്ങള്‍ വീക്ഷിക്കാനായി ഫറോക്ക് പഴയ പാലത്തിലും പുതിയ പാലത്തിലും ഇരു കരകളിലുമായി നൂറുക്കണക്കിന് ആളുകളായിരുന്നു തിങ്ങികൂടിയിരുന്നത്. ഇവരെ കാണാനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസും സിനിമാ നടന്‍ ആസിഫലിയും പ്രത്യേകം സജ്ജമാക്കിയ വള്ളത്തിലൂടെ യാത്ര നടത്തുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/156787/champains-boat-race-inauguration-at-farook-old-bridge)