---
title: "ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനത്തിന് മലയോര ഹൈവേ  സഹായകരമാകും ; മന്ത്രി പി എ മുഹമ്മദ് റിയാസ്"
english_title: "Hill highway for development of tourist centers will be helpful; Minister PA Muhammad Riaz"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/158336/hill-highway-for-development-of-tourist-centers-will-be-helpful-minister-pa-muhammad-riaz"
published_at: "2023-10-31T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6540ba6d7def2_MINISTER_RIYAZ.jpg"
keywords: []
---

# ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനത്തിന് മലയോര ഹൈവേ  സഹായകരമാകും ; മന്ത്രി പി എ മുഹമ്മദ് റിയാസ്

> **Lead Summary:** **ബാലുശ്ശേരി: **ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനത്തിന് മലയോര ഹൈവേ സഹായകരമാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതുവഴി പ്രദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികാസവും സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. തലയാട് മുതല്‍ മലപുറം വരെയുള്ള മലയോര ഹൈവേയുടെ നിര്‍മ്മാണ ഉദ്ഘാടനം കട്ടിപ്പാറ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

## Article Content

**ബാലുശ്ശേരി: **ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ വികസനത്തിന് മലയോര ഹൈവേ സഹായകരമാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇതുവഴി പ്രദേശത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ വികാസവും സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു. തലയാട് മുതല്‍ മലപുറം വരെയുള്ള മലയോര ഹൈവേയുടെ നിര്‍മ്മാണ ഉദ്ഘാടനം കട്ടിപ്പാറ പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ഇതിനോടകം 683 കിലോമീറ്റര്‍ മലയോര ഹൈവേ യാഥാര്‍ത്ഥ്യമായിട്ടുണ്ട്. ആകെയുള്ള പ്രവൃത്തിയുടെ 50 ശതമാനമാണിത്. 293 കിലോ മീറ്റര്‍ പ്രവൃത്തി പുരോഗമിക്കുകയാണ്. 735 കിലോമീറ്റര്‍ മലയോര ഹൈവേയുടെ പ്രവൃത്തിക്ക് സാമ്പത്തിക അനുമതി ലഭിച്ച് പ്രവൃത്തി ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

2985 കോടി രൂപ ഇതിനകം അനുവദിച്ചു കഴിഞ്ഞു. 2026 ഓടെ സംസ്ഥാനത്ത് മലയോര ഹൈവേയുടെ പ്രവൃത്തി പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. 50 കോടി രൂപ ചിലവഴിച്ച് നിര്‍മിക്കുന്ന തലയാട് മുതല്‍ മലപുറം വരെയുള്ള റീച്ചിന്റെ പ്രവൃത്തി 2025 പകുതിയോടെ പൂര്‍ത്തീകരിക്കാനുള്ള ഇടപെടല്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു. ജില്ലയില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലൂടെ 119 കിലോമീറ്ററിലാണ് മലയോര ഹൈവേയുടെ നിര്‍മാണം.

ആകെയുള്ള 9 റീച്ചുകളില്‍ 3 റീച്ചുകളില്‍ ഇതിനകം നിര്‍മാണ പ്രവൃത്തി ആരംഭിച്ചു കഴിഞ്ഞു. കോടഞ്ചേരി കക്കാടംപൊയില്‍ റീച്ച് അന്തിമ ഘട്ടത്തിലെത്തിയതായും മന്ത്രി പറഞ്ഞു. എം കെ മുനീര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലയിലെ പനങ്ങാട്, കട്ടിപ്പാറ, പുതുപ്പാടി പഞ്ചായത്തുകളിലൂടെയാണ് മലയാര ഹൈവേ കടന്നുപോകുന്നത്. 57.95 കോടി രൂപയുടെ കിഫ്ബി ഭരണാനുമതിയില്‍ നിര്‍മ്മിക്കുന്ന റോഡ് ആകെ 9.9 കിലോമീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലാണ് നിര്‍മ്മിക്കുന്നത്.

ഏഴ് മീറ്റര്‍ വീതിയിലുള്ള റോഡും, ആവശ്യമായ സ്ഥലങ്ങളില്‍ ഡ്രെയിനേജ് കലുങ്കുകള്‍, പാര്‍ശ്വഭിത്തികള്‍, ഇന്റര്‍ലോക്ക്, കോണ്‍ക്രീറ്റ് ഷോള്‍ഡന്‍ എന്നിവ ഉള്‍പ്പെടുന്ന രീതിയിലാണ് റോഡ് നിര്‍മ്മാണം. റോഡ് നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ പനങ്ങാട്, കട്ടിപ്പാറ, കക്കയം, തോണിക്കടവ്, കൂരാച്ചുണ്ട് ഭാഗങ്ങളില്‍ നിന്നും എന്‍എച്ച് 766 ലേക്ക് അതിവേഗം എത്തിച്ചേരാന്‍ സാധിക്കും. എംഎല്‍എ മാരായ ലിന്റോ ജോസഫ്, കെ എം സച്ചിന്‍ദേവ് എന്നിവര്‍ വിശിഷ്ടാതിഥികളായി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോണ്‍ ജീവന്‍ ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ മുഹമ്മദ് മോയത്ത്, നജുമുന്നീസ ഷെരിഫ്, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജിന്‍സി തോമസ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ റംസീന, അംബിക മംഗലത്ത്, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ന്മാര്‍ ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ അബ്ദുല്‍ അസീസ് സ്വാഗതവും അസി. എഞ്ചിനിയര്‍ അബ്ദുല്‍ ഫുക്കാറലി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/158336/hill-highway-for-development-of-tourist-centers-will-be-helpful-minister-pa-muhammad-riaz)