---
title: "#Fram Tourism|കൂടരഞ്ഞിയുടെ ടൂറിസം മേഖലയില്‍  പുതു ചരിത്രം രചിച്ച് മണ്‍വീട് പദ്ധതി "
english_title: "MUD House project - kootaranji gram panchayath "
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/160350/mud-house-project-kootaranji-gram-panchayath"
published_at: "2023-11-07T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654a4f9397105_mud_house.jpg"
keywords: []
---

# #Fram Tourism|കൂടരഞ്ഞിയുടെ ടൂറിസം മേഖലയില്‍  പുതു ചരിത്രം രചിച്ച് മണ്‍വീട് പദ്ധതി 

> **Lead Summary:** **കൂടരഞ്ഞി : ** പൂവാറന്‍തോട് ഡ്രീം ഏക്കേര്‍സില്‍ പുതുതായി രൂപകല്‍പ്പന ചെയ്ത മണ്‍ വീടിന്റെ ഉദ്ഘാടനം പ്രദേശവാസികളുടെയും ജന പ്രതിനിധികളുടേയും മറ്റു വിശിഷ്ട വ്യക്തികളുടേയും സാന്നിധ്യത്തില്‍ ലിന്റോ ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു.

## Article Content

**കൂടരഞ്ഞി : ** പൂവാറന്‍തോട് ഡ്രീം ഏക്കേര്‍സില്‍ പുതുതായി രൂപകല്‍പ്പന ചെയ്ത മണ്‍ വീടിന്റെ ഉദ്ഘാടനം പ്രദേശവാസികളുടെയും ജന പ്രതിനിധികളുടേയും മറ്റു വിശിഷ്ട വ്യക്തികളുടേയും സാന്നിധ്യത്തില്‍ ലിന്റോ ജോസഫ് എംഎല്‍എ നിര്‍വ്വഹിച്ചു.

കാര്‍ഷിക വിഭവങ്ങള്‍ കൊണ്ടും കാലാവസ്ഥാ പ്രത്യേകത കൊണ്ടും സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പൂവാറന്‍തോടിന്റെ നെറുകയില്‍ ഗതകാല സ്മരണകളുയര്‍ത്തുന്ന മണ്‍വീട് ഫാം ടൂറിസം മേഖലയില്‍ പുതിയൊരദ്ധ്യായം കുറിക്കുമെന്നും മണ്ണിനേയും മനസ്സിനേയും കോര്‍ത്തിണക്കാന്‍ പര്യാപ്തമാവുമെന്നും എം എല്‍ എ പറഞ്ഞു.

കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആദര്‍ശ് ജോസഫ് , കൃഷി ഓഫീസര്‍ മൊഹമ്മദ് പി. എം. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി സുരേഷ്‌കുമാര്‍ പൂവാറന്‍തോട് ടൂറിസം പ്രമോഷന്‍ പ്രസിഡണ്ട് മോഹനന്‍ കാരുവാക്കല്‍, ജലീല്‍ കൂടരഞ്ഞി ,ബിജു എസ് ഡി. വന സംരക്ഷണ സമിതി പ്രസിഡണ്ട് ശശി മുണ്ടാട്ടുനിരപ്പേല്‍ ഫാം ടൂറിസം സംരംഭക ജിഷ ബി. എന്‍. ആദിവാസി ഊരുകൂട്ടം മൂപ്പന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ ടൂറിസം സംരംഭകര്‍ കൂടരഞ്ഞി അഗ്രി ആന്റ് എക്കോ ടൂറിസം അംഗങ്ങള്‍ കര്‍ഷകര്‍ തുടങ്ങി നിരവധി ആളുകള്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

മണ്‍വീട് പൂര്‍ത്തിയാക്കാന്‍ പരിശ്രമിച്ച തൊഴിലാളികളെ എം. എല്‍. എ. പ്രത്യേകം അഭിനന്ദിച്ചു. മണ്‍വീടിന്റെ രൂപകല്‍പ്പന മുതല്‍ പൂര്‍ത്തീകരണം വരെയുള്ള വിവിധ ഘട്ടങ്ങളിലെ ദൃശ്യങ്ങള്‍ വിനോദ് എടവന എം. എല്‍. എ. അടക്കം ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് പരിചയപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/160350/mud-house-project-kootaranji-gram-panchayath)