---
title: "കൂരാച്ചുണ്ട് ഫുട്‌ബോൾ ലഹരിയിൽ; 38-)മത് ഫാ.ജോർജ് വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റിന്   ഇന്ന് തുടക്കം"
english_title: "Koorachund is addicted to football; The 38th Fr.George Vattukulam football tournament has started today"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/177737/koorachund-is-addicted-to-football-the-38th-frgeorge-vattukulam-football-tournament-has-started-today"
published_at: "2024-01-18T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a8fbcc099c2_footall.jpg"
keywords: []
---

# കൂരാച്ചുണ്ട് ഫുട്‌ബോൾ ലഹരിയിൽ; 38-)മത് ഫാ.ജോർജ് വട്ടുകുളം ഫുട്‌ബോൾ ടൂർണമെന്റിന്   ഇന്ന് തുടക്കം

> **Lead Summary:** **കല്ലാനോട്‌ : **കുടിയേറ്റത്തിന്റെ ചൂടും ചൂരും ആവേശമുയർത്തുന്ന മലയോര ഗ്രാമത്തിൽ നിന്ന് ഉയർന്ന് കേൾക്കുന്നത് കാൽപന്ത് കളിയുടെ ആരവാവേശം.

## Article Content

**കല്ലാനോട്‌ : **കുടിയേറ്റത്തിന്റെ ചൂടും ചൂരും ആവേശമുയർത്തുന്ന മലയോര ഗ്രാമത്തിൽ നിന്ന് ഉയർന്ന് കേൾക്കുന്നത് കാൽപന്ത് കളിയുടെ ആരവാവേശം.

ആളും അനക്കവുമില്ലാതെ ഉറങ്ങിക്കിടന്ന കല്ലാനോടിന്റെ പുരോഗതിയിൽ പ്രധാന പങ്ക് വഹിച്ച ഫാ.ജോർജ് വട്ടുകുളത്തിലച്ചന്റെയും , കുടിയേറ്റ ജനതയുടെയും സ്മരണകൾ പുതുക്കിയാണ് 38-ആമത് ഫുട്‌ബോൾ ടൂർണമെന്റിന് വ്യാഴാഴ്ച( ഇന്ന് ) വൈകുന്നേരം 4.30ന് തുടക്കമാവുന്നത്.

ഒളിമ്പ്യൻ മയൂഖ ജോണി, ഇന്ത്യൻ വനിതാ ഫുട്‌ബോൾ ടീം അംഗം ഷിൽജി ഷാജി, സന്തോഷ്‌ ട്രോഫി താരം അർജുൻ ബാലകൃഷ്ണൻ ഉൾപ്പടെ ഒട്ടേറെ സംസ്ഥാന-ദേശീയ കായിക താരങ്ങളെ വളർത്തിയെടുത്ത കല്ലാനോട്‌ ജൂബിലി സ്റ്റേഡിയത്തിലാണ് ടൂർണമെന്റ് സംഘടിപ്പിക്കപ്പെടുന്നത്.

1957 മുതൽ 67 വരെ തുടർച്ചയായി പത്ത് വർഷക്കാലം കല്ലാനോട്‌ സെയ്ന്റ് മേരീസ് പള്ളി വികാരിയായിരുന്ന ഫാ.ജോർജ് വട്ടുകുളമാണ് കല്ലാനോട്‌ പള്ളി, സ്കൂൾ, തിരുഹൃദയ മഠം,സർവീസ് സഹകരണ ബാങ്ക്, ചുരൽ സൊസൈറ്റി, പോസ്റ്റ്‌ ഓഫീസ് എന്നിവയൊക്കെ തുടങ്ങാൻ നേതൃത്വം നൽകിയത്.

ഇദ്ദേഹം നടത്തിയ ഇടപെടലുകളുടെ ഫലമായിട്ടാണ് 1964-ൽ കല്ലാനോട് ഹൈസ്ക്കൂൾ അനുവദിച്ചത്.വട്ടുകുളത്തച്ചന്റെ ആശയവും ആവേശവുമായിരുന്നു കല്ലാനോട്‌ ജൂബിലി സ്റ്റേഡിയം.

1883ലാണ് ഇദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഫുട്‌ബോൾ ടൂർണമെന്റ് ആരംഭിക്കുന്നത്. ജനുവരി അവസാനം നടക്കുന്ന കല്ലാനോട്‌ സെന്റ് മേരീസ് ഇടവക തിരുനാളിനോടനുബന്ധിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കപ്പെടുന്നത്. വിവിധ ജില്ലകളിൽ നിന്നുള്ള 12 ടീമുകളാണ് ഓരോ വർഷവും ടൂർണ മെന്റിൽ പങ്കെടുക്കുന്നത്.

വിദേശ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾക്കൊപ്പം, കേരളത്തിനും, രാജ്യത്തിനും വേണ്ടി ബൂട്ടണിഞ്ഞ പ്രതിഭകൾ ഈ ടൂർണമെന്റിൽ ഇതിഹാസമെഴുതി ഗ്രാമ ജനതയുടെ ഹൃദയം കവർന്നിട്ടുണ്ട്.

ദേശീയ താരങ്ങളായ മാത്യു വർഗീസ്, പ്രേം നാഥ് ഫിലിപ്പ്, നജീബ്, ഷറഫലി,പ്രിൻസ് തോമസ്,മുഹമ്മദ് റാഫി എന്നിവർ അവരിൽ ചിലർ മാത്രം. വൈദികന്റെ സ്മരണ നിലനിർത്താൻ നടക്കുന്ന ഏറ്റവും പഴക്കമുള്ള ടൂർണമെന്റെന്ന നിലയിൽ പ്രസിദ്ധമാണിത്. ഒന്നാം സ്ഥാനക്കാർക്ക് ഫാ.വട്ടുകുളം സ്മാരക എവര്‍റോളിംഗ് ട്രോഫിയും 100001 രൂപ പ്രൈസ്മണിയും, രണ്ടാം സ്ഥാനം നേടുന്ന ടീമിന് ആഗസ്തി അബ്രഹാം കടുകൻമാക്കൽ എവര്‍റോളിംഗ് ട്രോഫിയും 50001രൂപ പ്രൈസ്മണിയും ലഭിക്കും.

ഇന്ന്  വൈകുന്നേരം 4.30ന് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ജനത കരിയാത്തുംപാറ,ഫോസ ന്യൂ സോക്കർ ഫറോക്കുമായി ഏറ്റുമുട്ടും.

പേരാമ്പ്ര ഡി.വൈ.സ്.പി കുഞ്ഞിമോയിൻകുട്ടി ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും.കൂരാച്ചുണ്ട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് പോളി കാരക്കട മുഖ്യാതിഥിയായിരിക്കും.

28ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യാതിഥിയാകും.

തൃശൂർ ക്രൈംബ്രാഞ്ച് എസ്പി ജോസ് ചെറിയാൻ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/177737/koorachund-is-addicted-to-football-the-38th-frgeorge-vattukulam-football-tournament-has-started-today)