---
title: "മാക്കാരി ഗോപാലൻ മാസ്റ്റർ അനുസ്മരണം പത്താം വാർഷികം ജനുവരി 25 ന് നടുവണ്ണൂരിൽ"
english_title: "Makkari Gopalan Master Commemoration 10th Anniversary on January 25 at Naduvannur."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/177832/makkari-gopalan-master-commemoration-10th-anniversary-on-january-25-at-naduvannur"
published_at: "2024-01-18T22:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65a95c4b0ebc2_mg.jpg"
keywords: []
---

# മാക്കാരി ഗോപാലൻ മാസ്റ്റർ അനുസ്മരണം പത്താം വാർഷികം ജനുവരി 25 ന് നടുവണ്ണൂരിൽ

> **Lead Summary:** **നടുവണ്ണൂർ : **നടുവണ്ണൂരകവും പുറവും നാടക പ്രസ്ഥാനത്തിന് ഗണ്യമായ സംഭാവനകൾ നൽകി വിട പറഞ്ഞുപോയ നാടകഗുരു മാക്കാരി ഗോപാലൻ മാസ്റ്ററുടെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ച് ജനുവരി 25 ന് വൈകീട്ട് 4 മണിക്ക് നടുവണ്ണൂർ ഒയാസിസ് കരാട്ടെ സെൻ്റർ ഓഡിറ്റോറിയത്തിൽ അനുസ്മരണം നടക്കും.

## Article Content

**നടുവണ്ണൂർ : **നടുവണ്ണൂരകവും പുറവും നാടക പ്രസ്ഥാനത്തിന് ഗണ്യമായ സംഭാവനകൾ നൽകി വിട പറഞ്ഞുപോയ നാടകഗുരു മാക്കാരി ഗോപാലൻ മാസ്റ്ററുടെ പത്താം ചരമ വാർഷികത്തോടനുബന്ധിച്ച് ജനുവരി 25 ന് വൈകീട്ട് 4 മണിക്ക് നടുവണ്ണൂർ ഒയാസിസ് കരാട്ടെ സെൻ്റർ ഓഡിറ്റോറിയത്തിൽ അനുസ്മരണം നടക്കും.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നാടക മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ തിരുവങ്ങൂർ ഹൈസ്‌കൂളിൻ്റെ 'ഓസ്കർ പുരുഷു', ഹയർ സെക്കൻഡറി വിഭാഗത്തിൽ മികച്ച നാടകമായ കോക്കല്ലൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ 'കുമരു' ടീമുകൾക്ക് ചടങ്ങിൽ അനുമോദനവും അവാർഡുകളും സമ്മാനിക്കും.

** ഇത്തവണത്തെ എം.ജി. സ്മാരക പ്രതിഭാ പുരസ്കാരങ്ങളും പ്രഖ്യാപിച്ചു**

ചലച്ചിത്ര പ്രതിഭാ പുരസ്കാരം കാതൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര താരം സുധി കോഴിക്കോട്, നാടക പ്രതിഭാ പുരസ്കാരം ശിവദാസ് പൊയിൽക്കാവ്, യുവ നാടക പ്രതിഭാ പുരസ്കാരം സംസ്ഥാന സ്കൂൾ കലോത്സവത്തിലെ മികച്ച നടൻ യദു കൃഷ്ണ റാം (കുമരു), മികച്ച നടി ദല ആർ. എസ് (ഓസ്കർ പുരുഷു), പ്രത്യേക ജൂറി പരാമർശം നേടിയ കീർത്തന എസ്. ലാൽ (ഓസ്കർ പുരുഷു) എന്നിവർ ചടങ്ങിൽ ഏറ്റുവാങ്ങും.

പ്രശസ്തകവി വീരാൻകുട്ടി, നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ, 'കുമരു'വിൻ്റെ സംവിധായകൻ പി.എസ്. നിവേദ്, നാടകകൃത്ത് എമിൽ മാധവി, കലാസംവിധായകൻ നിധീഷ് പൂക്കാട് എന്നിവർ അതിഥികളായി പങ്കെടുക്കും.

കേരള സംഗീത നാടക അക്കാഡമി പുരസ്കാര ജേതാക്കളായ മുഹമ്മദ് പേരാമ്പ്ര, ബാലറാം കോട്ടൂർ, പ്രദീപ് കുമാർ കാവുന്തറ ഉൾപ്പെടെ പല തലമുറക്കാരായ നാടക കുടുംബം അനുസ്മരണ സംവാദത്തിൽ അണിനിരക്കും. പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് മാക്കാരി കുടുംബത്തിൻ്റെ ധനസഹായവും ചടങ്ങിൽ കൈമാറും. കുട്ടികളുടെ നാടൻപാട്ടുകൾ കൂടിയുണ്ടാകുമെന്ന് എംജി അനുസ്മരണ സമിതി ഭാരവാഹികളായ എൻ. ആലി, ടി.എം. ശശി, എന്നിവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/177832/makkari-gopalan-master-commemoration-10th-anniversary-on-january-25-at-naduvannur)