---
title: "കേരളത്തോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണനക്കെതിരെ ഡിവൈഎഫ്ഐയുടെ മനുഷ്യചങ്ങല നാളെ "
english_title: "Human chain of DYFI tomorrow against central government's neglect of Kerala"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/178088/human-chain-of-dyfi-tomorrow-against-central-governments-neglect-of-kerala"
published_at: "2024-01-19T22:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65aaad3746773_dyfi.jpg"
keywords: []
---

# കേരളത്തോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണനക്കെതിരെ ഡിവൈഎഫ്ഐയുടെ മനുഷ്യചങ്ങല നാളെ 

> **Lead Summary:** **ബാലുശ്ശേരി : **കേരളത്തോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണനക്കെതിരെ നാളെ (ജനുവരി 20 ന്) ഡിവൈഎഫ്ഐയുടെ മനുഷ്യചങ്ങല.

## Article Content

**ബാലുശ്ശേരി : **കേരളത്തോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണനക്കെതിരെ നാളെ (ജനുവരി 20 ന്) ഡിവൈഎഫ്ഐയുടെ മനുഷ്യചങ്ങല.

സംസ്ഥാനത്തെ മുഴുവന്‍ തൊഴിലാളികളും അണിചേരുന്ന മനുഷ്യചങ്ങല റെയില്‍വെ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെയാണെന്ന് ഡിവൈഎഫ്ഐ പ്രസ്താവനയിൽ അറിയിച്ചു.

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതി വിഹിതത്തിലും, മറ്റ് പദ്ധതി തുകയിലും കടുത്ത വിവേചനമാണ് കേരളം നേരിടുന്നത്. ഒരു തരത്തിലുള്ള സാമ്പത്തിക ഉപരോധമാണ് കേരളം നേരിടുന്നത്.

ക്ഷേമപദ്ധതികളിലും, മറ്റ് ധനസഹായങ്ങളിലും കേരളം അവഗണിക്കപ്പെടുകയാണ്. കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് കാണിക്കുന്ന അവഗണനക്കെതിരെ ഒരക്ഷരവും ഉരിയാടാന്‍ യു.ഡി.എഫ്. തയ്യാറാവുന്നില്ല.

കേരളത്തിനര്‍ഹമായ വിഹിതം അനുവദിക്കണമെന്ന മെമ്മോറാണ്ടത്തില്‍ ഒപ്പിടാന്‍ പോലും യുഡിഎഫ് എം.പിമാര്‍ തയ്യാറായില്ല. ഈ സാഹചര്യത്തില്‍ കേന്ദ്ര അവഗണനക്കെതിരെ ജനുവരി 20 ന് നടക്കുന്ന മനുഷ്യചങ്ങല വന്‍വിജയമാക്കണമെന്ന് സിഐടിയു പ്രസ്താവനയിൽ ആവിശ്യപ്പെട്ടു .

പത്ത്‌ ലക്ഷത്തിലധികം യുവജനങ്ങൾ അണിനിരക്കുന്ന ചങ്ങലയിൽ കർഷകരും തൊഴിലാളികളും വിദ്യാർഥികളും അധ്യാപകരും തുടങ്ങി സമൂഹത്തിന്റെ നാനാകോണുകളിൽ നിന്നുള്ളവരും കണ്ണികോർക്കും.

വൈകിട്ട്‌ നാലരയ്‌ക്ക്‌ ട്രയൽ ചങ്ങല തീർത്ത ശേഷം വൈകിട്ട്‌ അഞ്ചിന്‌ മനുഷ്യചങ്ങല തീർത്ത്‌ പ്രതിഞ്ജയെടുക്കും. തുടർന്ന്‌  പ്രധാനകേന്ദ്രങ്ങളിൽ പൊതുസമ്മേളനവും സംഘടിപ്പിക്കും. കാസർകോട്‌ അഖിലേന്ത്യാ പ്രസിഡന്റ്‌ എ എ റഹീം ആദ്യകണ്ണിയാകും.

ഡിവൈഎഫ്‌ഐയുടെ ആദ്യ പ്രസിഡന്റ്‌ ഇ പി ജയരാജൻ രാജ്‌ഭവനുമുന്നിൽ അവസാന കണ്ണിയാകും.

രാജ്‌ഭവനുമുന്നിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും കാസർകോട്‌ റെയിൽവേ സ്‌റ്റേഷൻ പരിസരത്ത്‌ മഹിളാ അസോസിയേഷൻ അഖിലേന്ത്യാ പ്രസിഡന്റ്‌ പി കെ ശ്രീമതിയും ഉദ്‌ഘാടനം ചെയ്യും.

നേതാക്കളായ എസ്‌ രാമചന്ദ്രൻപിള്ള, എം എ ബേബി, ഡിവൈഎഫ്‌ഐ അഖിലേന്ത്യാ ജനറൽ സെക്രട്ടി ഹിമഗ്‌നരാജ്‌ ഭട്ടാചാര്യ, സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്‌ തുടങ്ങിയവർ പങ്കെടുക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/178088/human-chain-of-dyfi-tomorrow-against-central-governments-neglect-of-kerala)