---
title: "വ്യാപാരി പ്രതിഷേധ കൂട്ടധര്‍ണ"
english_title: "Trader protest strike"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/179200/trader-protest-strike"
published_at: "2024-01-24T19:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65b115e49bb0e_ATTACH_NEWS.jpg"
keywords: []
---

# വ്യാപാരി പ്രതിഷേധ കൂട്ടധര്‍ണ

> **Lead Summary:**  അത്തോളി: 'വ്യാപാരികളെ ദ്രോഹിക്കരുത് ' എന്ന മുദ്രാവാക്യമുയര്‍ത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുമ്പിലും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി അത്തോളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വേളൂര്‍ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ കൂട്ടധര്‍ണ നടത്തി.

## Article Content

 അത്തോളി: 'വ്യാപാരികളെ ദ്രോഹിക്കരുത് ' എന്ന മുദ്രാവാക്യമുയര്‍ത്തി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുമ്പിലും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി അത്തോളി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വേളൂര്‍ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ കൂട്ടധര്‍ണ നടത്തി.

കൊടശ്ശേരി യൂണിറ്റ് പ്രസിഡന്റ് ആര്‍.കെ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.വിവരമില്ലാത്ത മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഉപദേശകന്‍മാരായ ഉദ്യോഗസ്ഥരുടെ തല തിരിഞ്ഞ നയമാണ് വ്യാപാരികള്‍ ഇന്നനുഭവിക്കുന്ന ദുരിതത്തിന് കാരണമെന്നും അത് തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

നിയമവിരുദ്ധമായി കച്ചവടം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഒരുക്കമല്ലെങ്കില്‍ അത് തടയാന്‍ തയ്യാറായി വ്യാപാരികള്‍ മുന്നോട്ടു വരേണ്ടി വരും. നിസ്സാരകാര്യങ്ങളില്‍ ചെറുകിട കച്ചവടക്കാരെ ദ്രോഹിക്കുമ്പോള്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഇതൊന്നും ബാധകമല്ലേ എന്നദ്ദേഹം ചോദിച്ചു. സര്‍ക്കാറിനെ ഇതുവരെ അനുസരിച്ച് മുന്നോട്ടു പോയ വ്യാപാരികള്‍ക്ക് വിവരം വെച്ചു തുടങ്ങിയിരിക്കുന്നതായും വ്യാപാരി ദ്രോഹങ്ങള്‍ക്കെതിരെ സടകുടഞ്ഞെഴുനേറ്റു കഴിഞ്ഞതായും നടപടിയുമായി മുന്നോട്ടു വന്നാല്‍ വീര്യം കാണിച്ചു തരുമെന്നും വരാനിരിക്കുന്ന വലിയ പ്രതിഷേധ സമരത്തിന്റെ സൂചന മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അത്തോളി യൂണിറ്റ് പ്രസിഡന്റ് ഗോപാലന്‍ കൊല്ലോത്ത് അധ്യക്ഷനായി. കരിമ്പയില്‍ അബ്ദുല്‍ അസീസ്, രാജേഷ് ബ്രൈറ്റ്, ലിനീഷ് ആനശ്ശേരി എന്നിവര്‍ പ്രസംഗിച്ചു.വ്യാപാരികള്‍ പ്രകടനമായാണ് കൂട്ടധര്‍ണക്കെത്തിയത്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/179200/trader-protest-strike)