---
title: "നാടക തലമുറകളുടെ സംഗമമായ് എംജി അനുസ്മരണം ദശവാര്‍ഷികം"
english_title: "MG commemoration decennial as a meeting of theater generations"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/181712/mg-commemoration-decennial-as-a-meeting-of-theater-generations"
published_at: "2024-02-02T23:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65bd32ba0c660_ATTACH_NEWS.jpg"
keywords: []
---

# നാടക തലമുറകളുടെ സംഗമമായ് എംജി അനുസ്മരണം ദശവാര്‍ഷികം

> **Lead Summary:**  നടുവണ്ണൂരിലും പരിസര പ്രദേശങ്ങളിലും നാടക പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ സാംസ്‌കാരിക വളര്‍ച്ചക്ക് നേതൃത്വം നല്‍കി വിട പറഞ്ഞുപോയ നാടകഗുരു മാക്കാരി ഗോപാലന്‍ മാസ്റ്ററുടെ പത്താം ചരമ വാര്‍ഷികാചരണം നാടക തലമുറകളുടെ സംഗമമായി മാറി.

## Article Content

 നടുവണ്ണൂരിലും പരിസര പ്രദേശങ്ങളിലും നാടക പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹ്യ സാംസ്‌കാരിക വളര്‍ച്ചക്ക് നേതൃത്വം നല്‍കി വിട പറഞ്ഞുപോയ നാടകഗുരു മാക്കാരി ഗോപാലന്‍ മാസ്റ്ററുടെ പത്താം ചരമ വാര്‍ഷികാചരണം നാടക തലമുറകളുടെ സംഗമമായി മാറി.

നടുവണ്ണൂര്‍ ഒയാസിസ് കരാട്ടെ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ സമ്മേളനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം. നിഷ ഉദ്ഘാടനം ചെയ്തു. കവി വീരാന്‍കുട്ടിയും എംജിയുടെ പുത്രി പ്രസന്ന എം.ജി.യും മാധ്യമപ്രവര്‍ത്തകനും നടനുമായ കെ.കെ.മൊയ്തീന്‍ കോയയും അനുസ്മരണ പ്രഭാഷണം നടത്തി. എംജി അനുസ്മരണ സമിതി പ്രസിഡന്റ് എന്‍. ആലി അധ്യക്ഷനായിരുന്നു.

സെക്രട്ടറി ടി.എം. ശശി സ്വാഗതവും മുഹമ്മദ് സി. അച്ചിയത്ത് നന്ദിയും പറഞ്ഞു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നാടക മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ തിരുവങ്ങൂര്‍ ഹൈസ്‌കൂളിന്റെ 'ഓസ്‌കര്‍ പുരുഷു', ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മികച്ച നാടകമായ കോക്കല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ 'കുമരു' ടീമുകള്‍ക്ക് അനുമോദനഫലകവും പുസ്തകങ്ങളും സമ്മാനിച്ചു. വോളിബോള്‍ ഇതിഹാസം ഇ. അച്യുതന്‍ നായര്‍, പരീദ് മാക്കാരി, പ്രൊഫ. മാലൂര്‍ ഉണ്ണികൃഷ്ണന്‍, ഇബ്രാഹിം മണോളി, എംജി യുടെ പത്‌നി ജാനു മക്കാരി, മക്കള്‍ ഉഷാ നരേന്ദ്രന്‍, എംജി സുധീര്‍ കുമാര്‍, നാടക പ്രവര്‍ത്തകരായ ടി.സി. സുരേന്ദ്രന്‍, പപ്പന്‍ കാവില്‍, ഉണ്ണികൃഷ്ണന്‍ കല്ലേരിക്കണ്ടി, വി.പി ഹമീദ്, യൂസുഫ് നടുവണ്ണൂര്‍, വസന്തകുമാര്‍ വൈജയന്തീപുരം, രവി മക്കാട്ട്, സദാനന്ദന്‍ ഗോര്‍ണിക്ക എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. പ്രമുഖ നാടകകൃത്ത് പ്രദീപ് കുമാര്‍ കാവുന്തറയും അതിഥിയായി.

ഇത്തവണത്തെ എം.ജി. സ്മാരക ചലച്ചിത്ര പ്രതിഭാ പുരസ്‌കാരം, കാതല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ചലച്ചിത്ര താരം സുധി കോഴിക്കോടിന് നാടക ചലച്ചിത്ര നടന്‍ മുഹമ്മദ് പേരാമ്പ്ര സമ്മാനിച്ചു.

നാടക പ്രതിഭാ പുരസ്‌കാരം ശിവദാസ് പൊയില്‍ക്കാവിന് പ്രശസ്ത നാടകനടന്‍ ബാലറാം കോട്ടൂരും യുവ നാടക പ്രതിഭാ പുരസ്‌കാരം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മികച്ച നടന്‍ യദു കൃഷ്ണറാമിന് കവി വീരാന്‍കുട്ടിയും മികച്ച നടി ദല ആര്‍.എസിന് ചിത്രകാരനും ചമയ വിദഗ്ദ്ധനുമായ കെ.ഐ. വിഷ്ണു നമ്പൂതിരിയും പ്രത്യേക ജൂറി പരാമര്‍ശം നേടിയ കീര്‍ത്തന എസ്. ലാലിന് രവി മക്കാട്ടും സമ്മാനിച്ചു. സംവിധായകന്‍ പി.എസ്. നിവേദ്, കലാസംവിധായകന്‍ നിധീഷ് പൂക്കാട്, നാടകകൃത്ത് എമില്‍ മാധവി, കവി വീരാന്‍കുട്ടി എന്നിവര്‍ക്കും ഉപഹാരം നല്‍കി.

നടുവണ്ണൂര്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്കുള്ള മാക്കാരി കുടുംബത്തിന്റെ ധനസഹായം പികെ നാരായണന്‍, ടി.സി സുരേന്ദ്രന്‍, പി. സുധന്‍ ചടങ്ങില്‍ ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/181712/mg-commemoration-decennial-as-a-meeting-of-theater-generations)