---
title: "അത്തോളിയിൽ മുസ്ലിം ലീഗ്  സ്നേഹ സദസ്സ്  പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു  "
english_title: "Syed Sadiqali Shihab Thangal inaugurated Muslim League Sneha Sadas Panakkad in Atholi."
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/182210/syed-sadiqali-shihab-thangal-inaugurated-muslim-league-sneha-sadas-panakkad-in-atholi"
published_at: "2024-02-05T12:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65c081e0d994c_MUSLIM_LEAGUE.jpg"
keywords: []
---

# അത്തോളിയിൽ മുസ്ലിം ലീഗ്  സ്നേഹ സദസ്സ്  പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു  

> **Lead Summary:** അത്തോളി : മറ്റേത് രാഷ്ട്രീയ പ്രസ്ഥാനം പോലെ തന്നെ മുന്നോട്ടു പോകുമ്പോൾ മുസ് ലിം ലീഗ് ഏറ്റവും അധികം ശ്രദ്ധിക്കുന്നത് സാമൂഹ്യമായ ഐക്യവും സൗഹാർദ്ദവും സഹിഷ്ണുതയും ഇവയെല്ലാം കാത്തു സൂക്ഷിക്കാനുള്ള പ്രവർത്തനമാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.

## Article Content

അത്തോളി : മറ്റേത് രാഷ്ട്രീയ പ്രസ്ഥാനം പോലെ തന്നെ മുന്നോട്ടു പോകുമ്പോൾ മുസ് ലിം ലീഗ് ഏറ്റവും അധികം ശ്രദ്ധിക്കുന്നത് സാമൂഹ്യമായ ഐക്യവും സൗഹാർദ്ദവും സഹിഷ്ണുതയും ഇവയെല്ലാം കാത്തു സൂക്ഷിക്കാനുള്ള പ്രവർത്തനമാണെന്ന് മുസ് ലിം ലീഗ് സംസ്ഥാന പ്രസിഡൻ്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.

' അവകാശ സംരക്ഷണത്തിൻ്റെ ഏഴരപതിറ്റാണ്ട് 'പ്രമേയത്തിൽ നടക്കുന്ന അത്തോളി പഞ്ചായത്ത് മുസ് ലിം ലീഗ് സമ്പൂർണ സമ്മേളനത്തിൻ്റെ ഭാഗമായി തങ്ങളുടെ നേതൃത്വത്തിൽ നടന്ന സ്നേഹ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജീവകാരുണ്യ മേഖലയിലും മുസ്ലിം ലീഗ് അതിൻ്റെ തായ പങ്കുവഹിച്ചു പോരുന്നു. മനുഷ്യരെയും സമൂഹത്തെയും പരസ്പരം അകറ്റാൻ വേണ്ടിയുള്ള ശ്രമങ്ങൾ ഈ രാജ്യത്ത് നടത്താൻ വരുമ്പോൾ അവിടെയാണ് ഇതുപോലുള്ള സ്നേഹ സംഗമങ്ങളുടെ ആവശ്യകത നമ്മൾ മനസ്സിലാക്കേണ്ടത്.

നമ്മുടെ രാജ്യം നേടിയെടുത്ത നേട്ടങ്ങളും ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യവും നേടിയെടുക്കാൻ കഴിഞ്ഞതും എല്ലാവരും ഒരുമിച്ച് നിന്നപ്പോഴാണ്. എന്നാൽ അന്നും നമ്മെ അകറ്റുവാൻ വേണ്ടി ബ്രിട്ടീഷുകാർ കഴിയുന്നതൊക്കെ ചെയ്തു വെന്നത് ശരിയാണ്.

പക്ഷെ ഗാന്ധിജിയുടെയും നെഹ്റുവിൻ്റെയും മൗലാനാ ആസാദിൻ്റെയും ഷൗക്കത്തലിമാരുടെയുമൊക്കെയും നേതൃത്വത്തിൽ അന്ന് ഇന്ത്യൻ സമൂഹം ഒറ്റക്കെട്ടായി ദേശീയ ധാരയിൽ അണിനിരന്ന് മുദ്രാവാക്യവുമായി മുന്നോട്ടു പോയി ഇന്ത്യൻ ദേശീയതയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി ജാതി മത ഭേദമന്യേ എല്ലാവരും തയ്യാറായി.

ആ ഒരു മുന്നേറ്റത്തിൽ ബ്രിട്ടീഷുകാർക്ക് മനസിലായി ഇനിയും ഇന്ത്യയിൽ നിൽക്കുന്നത് ബുദ്ധിപൂർവ്വമല്ല എന്നു തിരിച്ചറിഞ്ഞതുകൊണ്ടു തന്നെയാണ് അവരുടെ പതാക താഴ്ത്തി 1947 ഓഗസ്ത് 15 ൻ്റെ അർദ്ധരാത്രിയിൽ ഇന്ത്യയുടെ ത്രിവർണ പതാക ചെങ്കോട്ടയിൽ ഉയർന്നു വന്നത്.നമ്മുടെ ഐക്യവും സാഹോദര്യവും സ്നേഹവുമാണ് ആ വലിയ നേട്ടം ഉണ്ടാക്കിതന്നത്.

പൂർവ്വികർ നേടിതന്ന ആ സ്വാതന്ത്ര്യം നിലനിർത്തുക എന്നതാണ് ഇന്നത്തെ സമൂഹത്തിൻ്റെ ഏറ്റവും വലിയ ദൗത്യമായിട്ട് നമുക്ക് ചൂണ്ടി കാണിക്കാനുള്ളത്.

നാം എത്രവില കൊടുത്തു കൊണ്ടാണോ സ്വാതന്ത്ര്യം നേടിയത് അതേ വില ഈ സ്വാതന്ത്ര്യം നിലനിർത്തേണ്ട കാര്യത്തിലും നമുക്ക് നൽകേണ്ടി വരുന്നു എന്നുള്ളത് യാദൃശ്ചികമാണ്. പക്ഷെ നമ്മൾ നിരാശപ്പെടേണ്ടതില്ല.

നമ്മൾ കൊടുക്കുന്നത് ഈ നാടിനും സമൂഹത്തിനും തലമുറക്കും വേണ്ടിയാണ്. നമ്മൾ അകറ്റി നിർത്തുന്നത് വിദ്വേഷത്തെ യാണ്. സ്നേഹത്തെ കൂട്ടുപിടിച്ച് വിദ്വേഷത്തെ അകറ്റിനിർത്തുക അതാണ് പുതിയ കാലഘട്ടത്തിലെ സ്വാതന്ത്ര്യ സമരമെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതിൻ്റെയൊക്കെ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടു തന്നെയാണ് വിദ്വേഷത്തെ അകറ്റി നിർത്തി സ്നേഹത്തെ സമ്പാദിക്കാൻ അതിലൂടെ സൗഹാർദ്ദവും സഹിഷ്ണുതയും ഊട്ടിയുറപ്പിക്കുവാനും അതിലൂടെ ഇന്ത്യയുടെ യശസ് ഉയർത്തിപിടിക്കുവാൻ വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് നടത്തേണ്ടത്. ജാതിയും മതവും കക്ഷിയും രാഷ്ട്രീയവും അതൊക്കെ ജനാധിപത്യത്തിൻ്റെ ഭാഗമാണ്.

പരസ്പരം കൈകോർക്കാനുള്ള മാർഗമായി അതിനെ കാണുക അതല്ലാതെ കൊമ്പുകോർക്കാനുള്ള മാർഗമായിട്ടല്ല നമുക്കതിനെ കാണേണ്ടത്. മതങ്ങളും പ്രത്യയശാസ്ത്രങ്ങളും അത് ഓരോന്നും മുന്നോട്ടു വെയ്ക്കുന്ന നന്മയുടെ മൂല്യങ്ങളുണ്ട് അതിനെ ഉയർത്തിപ്പിടിച്ച് ജീവിക്കുക. ഓരോ വിശ്വാസിയും ചെയ്യേണ്ടത് അതാണ്.

തൻ്റെ മതം എന്താണ് അനുശാസിക്കുന്നത് അത് മുറുകെ പിടിക്കുക. ഒരു മതവും വിദ്വേഷത്തിന് പ്രേരിപ്പിക്കുന്നില്ല. അകൽച്ചയെ പ്രോത്സാഹിപ്പിക്കുന്നില്ല. എല്ലാ മതങ്ങളും അടുപ്പം തന്നെയാണ് പ്രോത്സാഹിപ്പിക്കുന്നത്.

എല്ലാരും അങ്ങിനെ ആ അടുപ്പം സ്വീകരിച്ചു കൊണ്ട് ഒരുമിച്ചിരുന്നു കൊണ്ട് പരസ്പരം ചർച്ച ചെയ്തും കൂടിയാലോചിച്ചും സംഭാഷണങ്ങിൽ വ്യത്യാസങ്ങളുണ്ടെങ്കിൽ അത് പറഞ്ഞു തീർത്ത് മുന്നോട്ടു പോകുക എന്നുള്ളതാണ് നമുക്ക് ചെയ്യാനുള്ളത്.ഈ സ്നേഹ സദസ് അത്തരത്തിലുള്ള വേദിയാണ് ഒരുക്കി തന്നത്.

കേരളത്തിലങ്ങോളമിങ്ങോളം എല്ലാ ജില്ലകളിലും ഇത്തരം സദസുകൾ സംഘടിപ്പിക്കാൻ മുസ് ലിം ലീഗ് പ്രസ്ഥാനത്തിന് സാധിച്ചിട്ടുണ്ട് അന്നെല്ലാം മറ്റെല്ലാവരും അതിനെ വളരെ പ്രകീർത്തിക്കുകയും ഒരുമിച്ചിരുത്താൻ മുസ്ലിം ലീഗാണ് ഏറ്റവും മുൻപന്തിയിൽ നിൽക്കേണ്ടതെന്ന് അവരെല്ലാവരും അംഗീകരിക്കുകയും ആവശ്യപ്പെടുകയും ചെയ്തിട്ടുള്ളത് വലിയ തരത്തിൽ ആത്മവിശ്വാസം പകരുന്നതാണെന്നും തങ്ങൾ കൂട്ടിച്ചേർത്തു.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് എം.എ റസാഖ് മാസ്റ്റർ അധ്യക്ഷനായി. മുസ്ലിം ലീഗ് ഇത്തരത്തിൽ നടത്തിയ സംഗമങ്ങൾക്കൊക്കെ വലിയ ജനപിന്തുണയാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

മുസ്ലിം ലീഗ് മണ്ഡലം പ്രസിഡൻ്റ് സാജിദ് കോറോത്ത്, ജനറൽ സെക്രട്ടറി കെ.അഹമ്മദ് കോയ മാസ്റ്റർ, സംസ്ഥാന പ്രവർത്തക സമിതി അംഗം റഷീദ് വെങ്ങളം, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.എ.കെ ഷമീർ, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ ചെയർപേഴ്സൺ എ.എം സരിത, മത, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ആരോഗ്യ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ സംസാരിച്ചു.

മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് എം.സി ഉമ്മർ സ്വാഗതവും വൈസ് പ്രസിഡൻ്റ് ടി.പി അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു. അതിഥികൾക്കെല്ലാം പി.എ മെഹബൂബ് രചിച്ച് കെ.എം.സി.സി ജിദ്ദാ കമ്മിറ്റി സ്പോൺസർ ചെയ്ത സി.എച്ച് ജീവിതവും വീക്ഷണവും പുസ്തകം അതിഥികൾക്ക് സമ്മാനിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/182210/syed-sadiqali-shihab-thangal-inaugurated-muslim-league-sneha-sadas-panakkad-in-atholi)