---
title: " ബാലുശ്ശേരിയെ ഇളക്കി മറിച്ച് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പര്യടനം"
english_title: "Balusherry was stirred up by the LDF, candidate tour"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/195997/balusherry-was-stirred-up-by-the-ldf-candidate-tour"
published_at: "2024-04-01T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/660a577bd0382_ATTACH_NEWS.jpg"
keywords: []
---

#  ബാലുശ്ശേരിയെ ഇളക്കി മറിച്ച് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പര്യടനം

> **Lead Summary:**  ബാലുശേരി : നാടിളക്കിമറിച്ച് ആവേശം വിതറി എളമരം കരീമിനെ ബാലുശേരി വരവേറ്റു. ഇടതുപക്ഷത്തിന് ആഴത്തില്‍ വേരുകളുള്ള മണ്ണ് ഹൃദയം നല്‍കി ജനനായകനെ സ്വീകരിച്ചു: നാട്ടിന്‍ പുറങ്ങളില്‍ വിജയോത്സവങ്ങളായി സ്വീകരണങ്ങള്‍ മാറി ബാലുശേരി മണ്ഡലത്തിലായിരുന്നു കോഴിക്കോട് ലോകസഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമിന്റെ പ്രചാരണം.

## Article Content

 ബാലുശേരി : നാടിളക്കിമറിച്ച് ആവേശം വിതറി എളമരം കരീമിനെ ബാലുശേരി വരവേറ്റു. ഇടതുപക്ഷത്തിന് ആഴത്തില്‍ വേരുകളുള്ള മണ്ണ് ഹൃദയം നല്‍കി ജനനായകനെ സ്വീകരിച്ചു: നാട്ടിന്‍ പുറങ്ങളില്‍ വിജയോത്സവങ്ങളായി സ്വീകരണങ്ങള്‍ മാറി ബാലുശേരി മണ്ഡലത്തിലായിരുന്നു കോഴിക്കോട് ലോകസഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീമിന്റെ പ്രചാരണം.

നാടിന്റെ നന്മ നിലനിര്‍ത്താനുള്ള പോരാട്ടത്തിന് കരുത്ത് പകരാന്‍ ഞങ്ങളുണ്ട് കൂടെയെന്ന് ഓരോ ജനകൂട്ടവും പ്രഖ്യാപിച്ചു. കണിക്കൊന്നയും ആമ്പലും നല്‍കിയും ബാന്റ് വാദ്യങ്ങളുടെയും നസിക് ഡോളിന്റെയും അകമ്പടിയില്‍ സ്‌നേഹനിര്‍മ്പരമായ വരവേല്‍പ്പാണ് ലഭിച്ചത്. പാതയോരങ്ങളില്‍ നൂറുക്കണക്കിനാളുകള്‍ സ്ഥാനാര്‍ഥിക്ക് അഭിവാദ്യം അര്‍പ്പിച്ചു.

രാവിലെ ഇയ്യാട് നിന്നായിരുന്നു തുടക്കം. കിനാലൂരില്‍ നാടൊന്നാകെയാണ് സ്വീകരിച്ചത്. 'ചന്തമുള്ള ബാലുശേരിക്ക് ചങ്കിലാണ് കരീംക്ക' -- എന്നെഴുതിയ പ്ലക്കാര്‍ഡുയര്‍ത്തിയാണ് കുന്നക്കൊടിക്കാര്‍ വരവേറ്റത്. കണ്ണിപൊയില്‍ ഉച്ചവെയിലിനെ വകവെക്കാതെ കാത്തുനിന്നവര്‍ക്കിടയിലേക്ക് സ്ഥാനാര്‍ഥി വന്നിറിങ്ങിയപ്പോള്‍ ആവേശം തിരതല്ലി.

കുരുത്തോലകെട്ടി അലങ്കിച്ച വഴിയിലൂടെ നടന്ന് കണ്ണിപ്പൊയില്‍ അനില്‍ കുമാറിന്റെ വീട്ടിലേക്ക്. വിട്ടുമുറ്റസദസില്‍ ചുരുക്കം വാക്കുകളില്‍ വോട്ടഭ്യര്‍ഥിച്ച് മടക്കം. ഇയ്യാട്, കപ്പുറം അങ്ങാടി, എകരുല്‍, ഏഴുകണ്ടി, കണ്ണാടിപൊയില്‍ മാമ്പൊയില്‍, മുണ്ടോത്ത്, ഒള്ളൂര്‍ അങ്ങാടി, പള്ളിയത്ത് കുനി, നടുവണ്ണൂര്‍, വാകയാട് അങ്ങാടി, മൂലാട്, നരയംകുളം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം മൊട്ടന്തറയില്‍ പര്യടനം സമാപിച്ചു

സ്വീകരണ കേന്ദ്രങ്ങളില്‍ പി പി രവീന്ദ്രനാഥ്, എ കെ മണി, പി പി പ്രേമ, ടി സതീശന്‍, കെ ഷാജി, മുനീര്‍ കൂരാച്ചുണ്ട്, ഷാജി കെ പണിക്കര്‍, ഇ സുരേന്ദ്രന്‍, എന്‍ മുരളീധരന്‍, സി ബാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എല്‍ഡിഎഫ് നേതാക്കളായ എം മെഹബൂബ്, പി കെ മുകുന്ദന്‍, കെ എം സച്ചിന്‍ദേവ് എംഎല്‍എ, ഇസ്മയില്‍ കുറുമ്പൊയില്‍, ദിനേശന്‍ പനങ്ങാട്, ടി എം ശശി, സി പ്രഭ, ടി കെ സുമേഷ്, വി എം കുട്ടികൃഷ്ണന്‍ എന്നിവര്‍ സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായി.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/195997/balusherry-was-stirred-up-by-the-ldf-candidate-tour)