---
title: "പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു "
english_title: "The Yuva Kalasahiti Kalajatha ended with a voice of protest"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/199454/the-yuva-kalasahiti-kalajatha-ended-with-a-voice-of-protest"
published_at: "2024-04-18T00:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662018a70e81c_ATTACH_NEWS.jpg"
keywords: []
---

# പ്രതിഷേധ ശബ്ദമുയര്‍ത്തി യുവകലാസഹിതി കലാജാഥ സമാപിച്ചു 

> **Lead Summary:** തിരുവമ്പാടി: ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയും ഇന്ത്യന്‍ അവസ്ഥയില്‍ ഇടതുപക്ഷത്തിന്റെ പ്രാധാന്യം വിളിച്ചോതിയും കലാജാഥ സമാപിച്ചു. യുവകലാസാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവമ്പാടി മണ്ഡലത്തില്‍ സംഘടിപ്പിച്ച സാംസ്‌ക്കാരിക കലാജാഥ രണ്ടു ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി ഈങ്ങാപ്പുഴയിലാണ് സമാപിച്ചത്.

## Article Content

തിരുവമ്പാടി: ഫാസിസ്റ്റ് വാഴ്ചക്കെതിരെ പ്രതിഷേധ ശബ്ദമുയര്‍ത്തിയും ഇന്ത്യന്‍ അവസ്ഥയില്‍ ഇടതുപക്ഷത്തിന്റെ പ്രാധാന്യം വിളിച്ചോതിയും കലാജാഥ സമാപിച്ചു. യുവകലാസാഹിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവമ്പാടി മണ്ഡലത്തില്‍ സംഘടിപ്പിച്ച സാംസ്‌ക്കാരിക കലാജാഥ രണ്ടു ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കി ഈങ്ങാപ്പുഴയിലാണ് സമാപിച്ചത്.

കലാജാഥയില്‍ അവതരിപ്പിച്ച ഈ മൗനം അപകടകരമാണ്' എന്ന നാടകത്തിലെ രംഗങ്ങള്‍ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുവാങ്ങുകയായിരുന്നു. കലാപം വേട്ടയാടിയ മണിപ്പൂരിലെ ജനങ്ങള്‍ 'ഞങ്ങളും ഇന്ത്യാക്കാരാണ്' എന്ന് ദയനീയമായ ശബ്ദത്തില്‍ വിളിച്ചു പറയുമ്പോള്‍ ആ സ്വരം പ്രേക്ഷകരെ വല്ലാതെ ഉലച്ചു. മണിപ്പൂര്‍ കലാപം, കര്‍ഷക സമരം, പൗരത്വ ഭേദഗതി നിയമം, ഇഡിയുടെ ഇടപെടല്‍ തുടങ്ങി സമീപകാലത്ത് രാജ്യത്തുണ്ടായ സംഭവങ്ങളെല്ലാം കത്തുന്ന ഭാഷയില്‍ തുറന്നുകാട്ടിക്കൊണ്ടാണ് നാടകം മുന്നേറിയത്.

വയനാട് ലോക് സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആനി രാജയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം സംഘടിപ്പിച്ച കലാജാഥ ഇന്നലെ മുക്കം ബസ് സ്റ്റാന്റില്‍ നിന്നാണ് ആരംഭിച്ചത്. തോട്ടുമുക്കം, കൂടരഞ്ഞി, പുല്ലൂരാംപാറ തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് ഈങ്ങാപ്പുഴയില്‍ സമാപിച്ചത്.

യുവകലാസാഹിതി നാടക ഗ്രാമം കൂട്ടാലിട അവതരിപ്പിച്ച നാടകത്തിന്റെ രചന വാസു വാളിയിലും ഗാനരചനയും സംവിധാനവും അബു മാഷുമാണ്. ബല്‍റാം കോട്ടൂര്‍, കെ വി സത്യന്‍, സുമതി ഹരിഹര്‍, ദിവാകരന്‍ പുതുശ്ശേരിക്കോത്ത്, സ്മിത താമരശ്ശേരി എന്നിവരാണ് വേഷമിട്ടത്. നാടകത്തിന് പുറമെ ഗായക സംഘവും കലാജാഥയില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/199454/the-yuva-kalasahiti-kalajatha-ended-with-a-voice-of-protest)