---
title: "യുവതിയെ കാലുകൾ ബന്ധിച്ച് ബൈക്കിൽ കെട്ടിവലിച്ച് ഭർത്താവിന്‍റെ ക്രൂരത"
english_title: "Cruelty of the husband by tying the legs of the young woman to the bike"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/228042/cruelty-of-the-husband-by-tying-the-legs-of-the-young-woman-to-the-bike"
published_at: "2024-08-13T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/66bb77b0588da_0000_ATTACH__.jpg"
keywords: []
---

# യുവതിയെ കാലുകൾ ബന്ധിച്ച് ബൈക്കിൽ കെട്ടിവലിച്ച് ഭർത്താവിന്‍റെ ക്രൂരത

> **Lead Summary:** **ജയ്പുർ : **രാജസ്ഥാനിലെ നഗൗറിൽ യുവതിയെ കാലുകൾ ബന്ധിച്ച് ബൈക്കിൽ കെട്ടിവലിച്ച് ഭർത്താവിന്‍റെ ക്രൂരത.

## Article Content

**ജയ്പുർ : **രാജസ്ഥാനിലെ നഗൗറിൽ യുവതിയെ കാലുകൾ ബന്ധിച്ച് ബൈക്കിൽ കെട്ടിവലിച്ച് ഭർത്താവിന്‍റെ ക്രൂരത.

ജയ്സാൽമീറിലുള്ള സഹോദരിയെ കാണാൻ പോകണമെന്നാവശ്യപ്പെട്ടതിന്, ഭർത്താവ് പ്രേംറാം മേഘ്‌വാൾ എന്നയാളാണു ഭാര്യയെ ക്രൂരതക്ക് ഇരയാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. യുവതിയുടെ കാലുകൾ ബന്ധിച്ചശേഷം കയർ ബൈക്കിൽ കെട്ടി വലിച്ചിഴക്കുകയായിരുന്നു. കണ്ടുനിന്നവർ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

കല്ലും മണ്ണും നിറഞ്ഞ വഴിയിലൂടെ വലിച്ചിഴക്കുമ്പോൾ യുവതി മുറിവേറ്റു നിലവിളിക്കുന്നതും തുടർന്ന് ബൈക്ക് നിർത്തിയ പ്രതി സമീപത്ത് നിൽക്കുന്നതും വിഡിയോയിലുണ്ട്.

മറ്റ് സംസ്ഥാനങ്ങളിൽനിന്ന് പണം നൽകി വധുവിനെ വാങ്ങുന്ന സംഭവങ്ങൾ രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്തിരുന്നു.

ഇത്തരത്തിൽ ‘വാങ്ങുന്ന’ യുവതികൾ വലിയ രീതിയിലുള്ള മാനസിക, ശാരീരിക, ലൈംഗിക പീഡനങ്ങൾക്ക് വിധേയരാകാറുണ്ട്. 10 മാസം മുമ്പ് 2 ലക്ഷം രൂപയ്ക്ക് പ്രേംറാം യുവതിയെ വാങ്ങുകയായിരുന്നു എന്നാണ് വിവരം.

ഇതുസംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തും. രാജസ്ഥാനിലെ ജുൻജുനു, നഗൗർ, പാലി ജില്ലകളിൽ ഇത്തരം സംഭവങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

40 വയസിനു മുകളിൽ പ്രായമുള്ള പ്രേംറാം ലഹരിക്കടിമയാണെന്നാണ് സൂചന. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവം കണ്ടുനിന്നിട്ടും തടയാൻ ശ്രമിക്കാതെ വിഡിയോ പകർത്തിയ ആൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/228042/cruelty-of-the-husband-by-tying-the-legs-of-the-young-woman-to-the-bike)