---
title: "എസ്എഫ്‌ഐ നാല്‍പ്പത്തിയേഴാമത് കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു "
english_title: "The flag was hoisted for the 47th SFI Kozhikode District Conference"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/35385/the-flag-was-hoisted-for-the-47th-sfi-kozhikode-district-conference"
published_at: "2022-04-02T13:12:00+05:30"
category: "News"
language: "ml"
image: "https://balussery.truevisionnews.com/image-uploads/6248046a6eeb5_SFI1.jpg"
keywords: []
---

# എസ്എഫ്‌ഐ നാല്‍പ്പത്തിയേഴാമത് കോഴിക്കോട് ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു 

> **Lead Summary:** **കൊയിലാണ്ടി:** എസ്എഫ്‌ഐ നാല്‍പ്പത്തിയേഴാമത് കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയില്‍ ആവേശോജ്വല തുടക്കം.

## Article Content

**കൊയിലാണ്ടി:** എസ്എഫ്‌ഐ നാല്‍പ്പത്തിയേഴാമത് കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയില്‍ ആവേശോജ്വല തുടക്കം.

സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് കാപ്പാട് ശാദി മഹലിലെ ധീരജ് നഗറില്‍ ജില്ലാ പ്രസിഡന്റ് ആര്‍. സിദ്ധാര്‍ത്ഥ് പതാക ഉയര്‍ത്തി.

തിരുവങ്ങൂര്‍ മുതല്‍ കാപ്പാട് കടലോരം വരെ നടന്ന വന്‍ വിദ്യാര്‍ഥി പങ്കാളിത്തവും ബാന്‍ഡ് സംഘമടക്കം വിവിധ കലാരൂപങ്ങളും നിറഞ്ഞ റാലിക്കും പൊതുസമ്മേളനങ്ങള്‍ക്കും ശേഷമാണ് പതാക ഉയര്‍ത്തിയത്.

സംസ്ഥാന സെക്രട്ടറി കെ.എം. സച്ചിന്‍ദേവ് എംഎല്‍എ, സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് അമല്‍ സോഹന്‍, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ.പി. അന്‍വീര്‍, വി.പി. ശരത് പ്രസാദ്, രഹ്ന സബീന, കെ.പി. ഐശ്വര്യ, ആദര്‍ശ് എം. സജി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

പ്രതിനിധി സമ്മേളനം ജസ്റ്റിസ് ചന്ദ്രു ഉദ്ഘാടനം ചെയ്തു. കെ.വി. അനുരാഗ് രക്തസാക്ഷി പ്രമേയവും സരോദ് ചങ്ങാടത്ത് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ആര്‍. സിദ്ധാര്‍ത്ഥ് അധ്യക്ഷനായി.

സ്വാഗതസംഘം ചെയര്‍മാന്‍ കെ.കെ. മുഹമ്മദ് സ്വാഗതം പറഞ്ഞു. പൊതു സമ്മേളനം എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് പി.കെ. ബിജു ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ രംഗത്ത് ആര്‍എസ്എസ് നയം നടപ്പാക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജു പറഞ്ഞു. ചാതുര്‍ വര്‍ണ്യം തിരിച്ചു കൊണ്ടുവരുന്ന തരത്തില്‍ പുതിയ പാഠപുസ്തകങ്ങള്‍ സൃഷ്ടിക്കുകയും പുതിയ വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കുകയും ചെയ്തു.

ഇന്ന് രാവിലെ സെക്രട്ടറി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രൂപ്പ് ചര്‍ച്ചയും പൊതു ചര്‍ച്ചയും നടക്കും.

പകല്‍ 3ന് സമ്മേളന സുവനീര്‍ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പ്രകാശനം ചെയ്യും. ഞായറാഴ്ച പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത ശേഷം സമ്മേളനം വൈകിട്ട് നാലോടെ അവസാനിക്കും.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/35385/the-flag-was-hoisted-for-the-47th-sfi-kozhikode-district-conference)