---
title: "ജലാശയങ്ങള്‍ വീണ്ടടുത്ത് കായണ്ണയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ  കൂട്ടായ്മ"
english_title: "A group of volunteers in Kayanna reclaiming water bodies"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/35705/a-group-of-volunteers-in-kayanna-reclaiming-water-bodies"
published_at: "2022-04-04T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/624a87d25bb44_CLEAN1.jpg"
keywords: []
---

# ജലാശയങ്ങള്‍ വീണ്ടടുത്ത് കായണ്ണയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ  കൂട്ടായ്മ

> **Lead Summary:** **കായണ്ണബസാര്‍: **ചൂടും വരള്‍ച്ചയും അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജലാശയങ്ങള്‍ സംരക്ഷിക്കാന്‍ കായണ്ണയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ.

## Article Content

**കായണ്ണബസാര്‍: **ചൂടും വരള്‍ച്ചയും അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ജലാശയങ്ങള്‍ സംരക്ഷിക്കാന്‍ കായണ്ണയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ കൂട്ടായ്മ.

ജലാശയത്തെ സംരക്ഷിക്കാന്‍ അയ്യായിരത്തോളം സന്നദ്ധ പ്രവര്‍ത്തകര്‍ കൈകോര്‍ത്ത പ്രവര്‍ത്തനമാണ് പഞ്ചായത്തില്‍ നടന്നത്.

ജനകീയ പങ്കാളിത്തത്തോടെയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു ജലാശയങ്ങളുടെ നവീകരണം. കായണ്ണയുടെ അതിര്‍ത്തി പങ്കിടുന്ന ചെറുക്കാട് മുതല്‍ ചെമ്പ്ര കരിക്കുളം വരെയുള്ള എട്ടുകിലോമീറ്റര്‍ വരുന്ന തോടുകളാണ് നാടൊന്നിച്ച് കൈകോര്‍ത്ത് വീണ്ടെടുത്തത്.

വിദ്യാലയങ്ങളിലെ അധ്യാപകരും, അങ്കണവാടി വര്‍ക്കര്‍മാരും, ആശാവര്‍ക്കര്‍മാരും, പങ്കാളിത്ത സേവന പ്രവര്‍ത്തനങ്ങളിലുണ്ടായിരുന്നു.

കുളവാഴകള്‍ നിറഞ്ഞും കൈതച്ചെടികള്‍ വളര്‍ന്നും മാലിന്യം അടിഞ്ഞു കൂടിയ നിലയിലായിരുന്നു ഇവിടുത്തെ ജലാശയങ്ങള്‍.

അയ്യായിരത്തോളം സന്നദ്ധ പ്രവര്‍ത്തകരുടെ ശ്രമത്തില്‍ 142 ബാച്ചുകളായി തിരിഞ്ഞായിരുന്നു നവീകരണം. പഞ്ചായത്തിലെ കുടുംബശ്രീയംഗങ്ങള്‍, വിദ്യാര്‍ഥികള്‍, കര്‍ഷക ത്തൊഴിലാളികള്‍, വ്യാപാരികള്‍, രാഷ്ട്രീയ-സാമൂഹിക പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികര്‍, ഉദ്യോഗസ്ഥര്‍ എന്നിവരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.

'തെളിനീരൊഴുകട്ടെ' എന്ന് പേരിട്ട പദ്ധതിയുടെ പ്രവര്‍ത്തന ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി നിര്‍വഹിച്ചു.

ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. നാരായണന്‍ സ്വാഗതം പറഞ്ഞ പരിപാടിയില്‍ വൈസ് പ്രസിഡണ്ട് പി.ടി. ഷീബ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചയത്ത് അംഗങ്ങളായ പി.കെ. ഷിജു, ജയപ്രകാശ് കായണ്ണ, പി.സി. ബഷീര്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ എം. ഋഷികേശന്‍, കെ.കെ. രമേശന്‍, കെ.കെ. ശിവദാസന്‍, അബ്ദുള്‍ സലാം, രാജഗോപാലന്‍, എന്‍.പി. ഗോപി, അബൂബക്കര്‍, ബാബു കുതിരോട്ട് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/35705/a-group-of-volunteers-in-kayanna-reclaiming-water-bodies)